
മോസ്കോ: സൈബീരിയയിലെ അതീവ സുരക്ഷാ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ യുവ ഗവേഷക കടുത്ത ന്യൂമോണിയ ബാധിച്ച് മരിച്ചതിനെത്തുടർന്ന് റഷ്യയിൽ പ്ലേഗ് ഭീതി പടരുന്നു. ഇതേത്തുടർന്ന് ഇരുനൂറോളം പേരെ അധികൃതർ മെഡിക്കൽ നിരീക്ഷണത്തിലാക്കുകയും പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്തു. എന്നാൽ മരണകാരണം പ്ലേഗ് ആണെന്ന കാര്യം റഷ്യൻ ആരോഗ്യ മന്ത്രാലയം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഇർകുട്‌സ്‌ക് ആന്റി-പ്ലേഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകയായ ദര്യ ഷിപ്പിലോവ (28) ആണ് മരിച്ചത്. കഴിഞ്ഞ സെപ്റ്റംബർ 29-നാണ് ഇവരെ കടുത്ത ന്യൂമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിലായിരുന്ന യുവതി രണ്ട് ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു.
അപകടകരമായ ബാക്ടീരിയ അടങ്ങിയ ടെസ്റ്റ് ട്യൂബ് ലബോറട്ടറിക്കുള്ളിൽ വെച്ച് അബദ്ധത്തിൽ പൊട്ടിപ്പോയതായി മരണത്തിന് മുൻപ് ദര്യ മെഡിക്കൽ സ്റ്റാഫിനോട് വെളിപ്പെടുത്തിയിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മംഗോളിയൻ അതിർത്തിയോട് ചേർന്നുള്ള ബുരിയാറ്റിയയിൽ ഫീൽഡ് വർക്കിൽ ഏർപ്പെട്ടിരിക്കെയാണ് ഇവർക്ക് അസുഖം ബാധിക്കുന്നത്.
യുവതിയെ ചികിത്സിച്ച ഷെലെഖോവ് ആശുപത്രിയിലെ ജീവനക്കാരും രോഗികളുമടക്കം നൂറിലധികം പേരെ നിലവിൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുൻകരുതലിന്റെ ഭാഗമായി മേഖലയിലെ മറ്റ് മൂന്ന് ആശുപത്രികളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ലബോറട്ടറിക്ക് സമീപമുള്ള അലുമിനിയം പ്ലാന്റിലെ ജീവനക്കാരോട് നിർബന്ധമായും മാസ്ക് ധരിക്കാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
ഗവേഷകയുടെ ശരീരത്തിൽ ലബോറട്ടറിയുമായി ബന്ധപ്പെട്ട രോഗാണുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അജ്ഞാതമായ ന്യൂമോണിയയാണ് മരണകാരണമെന്നുമാണ് റഷ്യയുടെ പൊതുജനാരോഗ്യ നിരീക്ഷക കമ്പനി ആയ ‘റോസ്പോട്രെബ്നാഡ്‌സർ’ വ്യക്തമാക്കുന്നത്. എന്നാൽ അതീവ സുരക്ഷയുള്ള ലാബുകളിൽ ജീവനക്കാർ പിപിഇ കിറ്റ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കാറുള്ളതിനാൽ ടെസ്റ്റ് ട്യൂബ് പൊട്ടിയെന്ന വിശദീകരണം വിശ്വസനീയമല്ലെന്ന് പ്രമുഖ റഷ്യൻ എപ്പിഡെമിയോളജിസ്റ്റ് മിഖായേൽ ഫാവോറോവ് ആരോപിച്ചു. യഥാർത്ഥ വിവരങ്ങൾ റഷ്യ പുറത്തുവിടുന്നില്ലെന്ന ആരോപണവും ശക്തമാണ്.
രോഗബാധ പടരാൻ സാധ്യതയുണ്ടെന്ന വിവരത്തെത്തുടർന്ന് റഷ്യയുടെ ചീഫ് സ്റ്റേറ്റ് സാനിറ്ററി ഡോക്ടർ അന്ന പോപോവ മോസ്കോയിൽ നിന്ന് നേരിട്ട് സൈബീരിയയിലെത്തി പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ്. നിലവിൽ സമ്പർക്കപ്പട്ടികയിലുള്ള ആർക്കും രോഗലക്ഷണങ്ങൾ ഇല്ലെന്ന് ഇർകുട്‌സ്‌ക് ഗവർണർ ഇഗോർ കോബ്സേവ് അറിയിച്ചു. അതേസമയം, റഷ്യയിലെ പ്ലേഗ് ഭീതിയും അടിയന്തര സാഹചര്യങ്ങളും തങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് യുഎസ് വക്താക്കൾ അറിയിച്ചു.
Plague outbreak in Russia? Hundreds under observation following a lab researcher’s death













