വിദ്യാർത്ഥികൾക്കായി സ്വന്തം ജീവൻ പണയപ്പെടുത്തി ഒരു പ്രിൻസിപ്പൽ: തോക്കുധാരിയെ കീഴ്പ്പെടുത്തിയ ധീരതയ്ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ, കിർക്ക് മൂർ യഥാർത്ഥ ഹീറോ!

ഒക്ലഹോമ: സ്കൂൾ വരാന്തകളിൽ ചിരിയും ബഹളവും നിറയേണ്ട ഉച്ചനേരം. പെട്ടെന്നാണ് ആ ശാന്തതയെ തകർത്ത് കൊണ്ട് കയ്യിൽ തോക്കുമായി ഒരാൾ യുഎസിലെ പാൾസ് വാലി ഹൈസ്കൂളിനുള്ളിലേക്ക് അതിക്രമിച്ചു കയറിയത്. എന്നാൽ അവിടെ ഒരു വൻ ദുരന്തം ഒഴിവായത് പ്രിൻസിപ്പൽ കിർക്ക് മൂറിൻ്റെ അസാമാന്യമായ ധീരതയും മനക്കരുത്തും കൊണ്ട് മാത്രമാണ്.

സ്കൂളിലെ മുൻ വിദ്യാർത്ഥി കൂടിയായ ഇരുപതുകാരൻ വിക്ടർ ലീ ഹോക്കിൻസ് രണ്ട് തോക്കുകളുമായാണ് സ്കൂളിലെത്തിയത്. എല്ലാവരോടും തറയിൽ കിടക്കാൻ ആക്രോശിച്ച അയാൾ ഒരു വിദ്യാർത്ഥിക്ക് നേരെ വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും ഭാഗ്യവശാൽ തോക്ക് ജാം ആയി. ആ പിഴവ് തിരുത്തി വീണ്ടും വെടിവയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് സിസിടിവി ദൃശ്യങ്ങളെപ്പോലും വിറപ്പിക്കുന്ന ആ രംഗം അരങ്ങേറിയത്.


അപകടം തിരിച്ചറിഞ്ഞ നിമിഷം പ്രിൻസിപ്പൽ കിർക്ക് മൂർ ഒട്ടും ഭയപ്പെടാതെ തോക്കുധാരിയുടെ നേർക്ക് കുതിച്ചുചെന്നു. അയാളെ ബലമായി കീഴ്പ്പെടുത്തി ഒരു ബെഞ്ചിലേക്ക് തള്ളിയിട്ട മൂർ, പ്രാണവേദനയിലും തോക്ക് പിടിച്ചുവാങ്ങി. ഇതിനിടെ മൂറിൻ്റെ കാലിന് വെടിയേറ്റെങ്കിലും അദ്ദേഹം പിടിവിട്ടില്ല. മറ്റൊരു ജീവനക്കാരൻ ഓടിയെത്തി തോക്ക് തട്ടിമാറ്റിയതോടെയാണ് വലിയൊരു കൂട്ടക്കൊല ഒഴിവായത്.

35 വർഷത്തിലേറെയായി അധ്യാപനരംഗത്തുള്ള കിർക്ക് മൂറിന് തൻ്റെ വിദ്യാർത്ഥികൾ സ്വന്തം മക്കളെപ്പോലെയായിരുന്നു. “എൻ്റെ ഉള്ളിലെ വാസനയും പരിശീലനവും ആ നിമിഷം എന്നെ നയിച്ചു,” എന്നാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹം പ്രതികരിച്ചത്. തന്നെ സ്നേഹത്തോടെ പിന്തുണയ്ക്കുന്ന സമൂഹത്തിന് അദ്ദേഹം നന്ദി പറഞ്ഞു.

“അദ്ദേഹം ചെയ്തത് അത്ഭുതകരമായ കാര്യമാണ്. ആ കുട്ടികളുടെ ജീവൻ രക്ഷിച്ചത് മൂറിൻ്റെ ഇടപെടൽ മാത്രമാണ്,” എന്നാണ് പൊലീസ് ചീഫ് ഡോൺ മെയ് പറഞ്ഞത്. കൊളംബൈൻ സ്കൂൾ വെടിവെപ്പിന് സമാനമായ ക്രൂരത ലക്ഷ്യമിട്ടാണ് പ്രതി എത്തിയതെന്ന് പൊലീസ് കണ്ടെത്തി. കാലിനേറ്റ മുറിവുകൾ ഉണങ്ങി തൻ്റെ പ്രിയപ്പെട്ട സ്കൂളിലേക്ക് തിരികെ വരാനുള്ള തയ്യാറെടുപ്പിലാണ് ഈ ഹീറോ പ്രിൻസിപ്പൽ. ഒരു അധ്യാപകൻ വെറുമൊരു പാഠപുസ്തകമല്ല, മറിച്ച് പ്രതിസന്ധികളിൽ തണലാകുന്ന കാവൽക്കാരൻ കൂടിയാണെന്ന് തെളിയിച്ച കിർക്ക് മൂറിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.

A principal risked his own life for students and subdued a gunman.

More Stories from this section

family-dental
witywide