
വാഷിംഗ്ടൺ: അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയുയർത്തുന്നു എന്ന് ചൂണ്ടിക്കാട്ടി പുതിയ വിദേശ നിർമ്മിത ഹ്യൂമനോയിഡ് റോബോട്ടുകളുടെ ഇറക്കുമതി ട്രംപ് ഭരണകൂടം നിരോധിച്ചു. നൂതന സാങ്കേതികവിദ്യയിലുള്ള ഹ്യൂമനോയിഡ് (മനുഷ്യരൂപത്തിലുള്ളവ), നാലുകാലുള്ള റോബോട്ടുകൾ എന്നിവയ്ക്കാണ് പ്രധാനമായും വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ), റോബോട്ടിക്സ് രംഗങ്ങളിൽ അമേരിക്കയുടെ പ്രധാന എതിരാളികളായ ചൈനയിലാണ് ഇത്തരം റോബോട്ടുകൾ ഭൂരിഭാഗവും നിർമ്മിക്കുന്നത്.
റോബോട്ടുകൾക്ക് പുറമെ, ഡാറ്റാ സെൻ്ററുകളിലും സോളാർ പാനലുകളിലും ഉപയോഗിക്കുന്ന പവർ ഇൻവേർട്ടറുകളുടെ ഇറക്കുമതിയും യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് (എഫ്.സി.സി) കമ്മീഷൻ നിരോധിച്ചിട്ടുണ്ട്. അമേരിക്കയുടെ സാമ്പത്തിക ഭദ്രതയെ തകർക്കാൻ ഇവ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം എന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. യുഎസിൻ്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുള്ള ഉൽപ്പന്നങ്ങളുടെ ഔദ്യോഗിക പട്ടികയായ ‘കവേർഡ് ലിസ്റ്റിൽ’ ഈ ഉപകരണങ്ങളെ എഫ്.സി.സി ഉൾപ്പെടുത്തി.
വിദേശ നിർമ്മിത ഇൻവേർട്ടറുകൾ ഉപയോഗിക്കുന്നതിലൂടെ വിദേശ കമ്പനികൾക്ക് അവ വിദൂരത്തിരുന്ന് ഓഫാക്കാനും, സുപ്രധാന ഡാറ്റ ചോർത്താനും, സൈബർ ആക്രമണങ്ങൾ നടത്താനും സാധിക്കുമെന്ന് എഫ്.സി.സി ചെയർമാൻ ബ്രെൻഡൻ കാർ വ്യക്തമാക്കി. അതുപോലെ, വിദേശ റോബോട്ടുകൾ അമേരിക്കൻ പൗരന്മാരെ നിരീക്ഷിക്കാനും വിദേശ രഹസ്യാന്വേഷണ ഏജൻസികളെ സഹായിക്കാനും ദുഷ്ടശക്തികൾക്ക് ഇവയെ റിമോട്ടായി നിയന്ത്രിക്കാനും അവസരമൊരുക്കുമെന്നും യുഎസ് ആശങ്കപ്പെടുന്നു. എന്നാൽ, എഫ്.സി.സി മുൻപ് അനുമതി നൽകിയിട്ടുള്ള നിലവിലുള്ള മോഡലുകളുടെ വിൽപ്പനയെ ഈ പുതിയ നിരോധനം ബാധിക്കില്ല.
അതേസമയം, അമേരിക്കയുടേത് രാഷ്ട്രീയ പ്രേരിതമായ നീക്കമാണെന്ന് വാഷിംഗ്ടണിലെ ചൈനീസ് എംബസി പ്രതികരിച്ചു. യാതൊരു അടിസ്ഥാനവുമില്ലാത്ത കാരണങ്ങൾ പറഞ്ഞ് ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതിനെ ചൈന ശക്തമായി എതിർക്കുന്നു. അമേരിക്ക തങ്ങളുടെ മേധാവിത്വ മനോഭാവം ഉപേക്ഷിക്കണമെന്നും ചൈനീസ് കമ്പനികളെ അപകീർത്തിപ്പെടുത്തുന്നത് നിർത്തണമെന്നും ആവശ്യപ്പെട്ട എംബസി, രാജ്യത്തിൻ്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
ടെസ്‌ല, ബോസ്റ്റൺ ഡൈനാമിക്സ് തുടങ്ങിയ അമേരിക്കൻ കമ്പനികളോട് മത്സരിച്ച് യൂണിട്രീ , യുബിടെക് , എജിബോട്ട് തുടങ്ങിയ ചൈനീസ് കമ്പനികൾ ഫാക്ടറികളിലും വീടുകളിലും ഉപയോഗിക്കാവുന്ന ഹ്യൂമനോയിഡ് റോബോട്ടുകളെ ആഗോള വിപണിയിൽ അതിവേഗം എത്തിക്കുന്നതിനിടയിലാണ് അമേരിക്കയുടെ ഈ കടുത്ത നടപടി.
National security threat: Chinese humanoid robots banned in the US















