
അലാസ്ക: അമേരിക്കയിലെ അലാസ്കയിൽ വീണ്ടും വിമാനാപകടം. തീരദേശ പട്ടണത്തിന് സമീപം ആഴം കുറഞ്ഞ വെള്ളത്തിലേക്ക് ചെറുവിമാനം തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന നാലുപേരും മരിച്ചു. ബുധനാഴ്ചയാണ് അപകടം. ആങ്കറേജിൽ നിന്ന് പുറപ്പെട്ട Piper PA-24 വിമാനം സെൽഡോവിയയിലെ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടതെന്ന് അലാസ്ക ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി അറിയിച്ചു.
തീരത്തിന് സമീപത്തെ സെൽഡോവിയ സ്ലോയിൽ ഏകദേശം 15 അടി (4.6 മീറ്റർ) ആഴമുള്ള വെള്ളത്തിലാണ് വിമാനം മുങ്ങിയത്. അപകടത്തെ തുടർന്ന് വേലിയിറക്കം ഉണ്ടാകുന്നതുവരെ രക്ഷാപ്രവർത്തകർക്ക് വിമാനത്തിനടുത്തേക്ക് എത്താൻ കഴിഞ്ഞില്ലെന്ന് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡിന്റെ അലാസ്ക മേഖലാ മേധാവി ക്ലിന്റ് ജോൺസൺ പറഞ്ഞു.
അപകടത്തിൽ മരിച്ച നാലുപേരുടെയും മൃതദേഹങ്ങൾ മെഡിക്കൽ എക്സാമിനറുടെ ഓഫീസിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിമാനം അപകടത്തിൽപ്പെടാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. NTSB അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞയാഴ്ചയും അലാസ്കയിൽ മറ്റൊരു ചാർട്ടർ വിമാനം അപകടത്തിൽപ്പെട്ടിരുന്നു. സംഭവത്തിൽ എട്ടുപേരാണ് മരിച്ചത്. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് വിമാനത്താവളത്തിലെ ഗ്രാവൽ റൺവേ കാണാൻ പൈലറ്റുമാർക്ക് കഴിയാതെ പോയതാണ് അപകടത്തിന് കാരണമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. തുടർന്ന് വിമാനം വിദൂര സൈനിക കേന്ദ്രത്തിൽ തകർന്നുവീഴുകയായിരുന്നു.
A small plane crash happened into shallow waters next to a remote coastal town in Alaska on Wednesday, killing four people on board.









