ന്യൂയോർക്ക്: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ മാഡിസൺ സ്ക്വയർ ഗാർഡനിലെ ‘യൂണിവേഴ്സൽ ഓണ്നെസ് സെലിബ്രേഷൻ’ പരിപാടിക്ക് മുന്നോടിയായി സുരക്ഷാ മുന്നറിയിപ്പുമായി ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ (HAF). പരിപാടിയിൽ പങ്കെടുക്കുന്നവരടക്കം ന്യൂയോർക്കിലെ എല്ലാവരുടെയും സുരക്ഷയും പൗരാവകാശങ്ങളും ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം മേയർ സോഹ്റാൻ മംദാനി നിറവേറ്റണമെന്ന് സംഘടന ആവശ്യപ്പെട്ടു.
ഓഗസ്റ്റ് 29ന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നവർ ജാഗ്രത പാലിക്കണമെന്നും സാഹചര്യങ്ങൾ നിരീക്ഷിക്കണമെന്നും പരസ്പര ഇടപെടലുകൾ മാന്യമായി നിലനിർത്തണമെന്നും ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ നിർദേശിച്ചു. പരിപാടി തടസ്സപ്പെടുത്താനും റദ്ദാക്കാനും ചില ആക്ടിവിസ്റ്റുകൾ ശ്രമിച്ചിട്ടുണ്ടെന്നും സംഘടന ആരോപിച്ചു. എന്നാൽ പരിപാടിക്കെതിരെ പ്രത്യേക സുരക്ഷാ ഭീഷണി സ്ഥിരീകരിച്ചതായി HAF വ്യക്തമാക്കിയിട്ടില്ല. ഇതിനിടെ, ഇന്ത്യയിലെ മതസ്വാതന്ത്ര്യ സാഹചര്യം മോശമാകുകയാണെന്ന് ആരോപിച്ച് യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (USCIRF) ആർഎസ്എസ് അംഗങ്ങൾക്കും ചില ഇന്ത്യൻ ഉദ്യോഗസ്ഥർക്കുമെതിരെ ഉപരോധം പരിഗണിക്കണമെന്ന് യുഎസ് സർക്കാരിനോട് ആവശ്യപ്പെട്ടു.
മോഹൻ ഭാഗവതിന് നൽകിയ വിസ റദ്ദാക്കണമെന്നും ഭാവിയിൽ അമേരിക്കയിൽ പ്രവേശിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ വിലക്കണമെന്നും USCIRF ആവശ്യപ്പെട്ടു. USCIRFന്റെ പരാമർശങ്ങളെ ഇന്ത്യ നേരത്തെ തള്ളിയിരുന്നു. സംഘടന പക്ഷപാതപരമാണെന്നും ഇന്ത്യയെക്കുറിച്ച് വർഷങ്ങളായി തെറ്റായതും പ്രകോപനപരവുമായ പ്രസ്താവനകൾ നടത്തുകയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞിരുന്നു.മാഡിസൺ സ്ക്വയർ ഗാർഡനിൽ നടക്കുന്ന പരിപാടിയെ പിന്തുണയ്ക്കുന്നില്ലെന്ന് ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇത് സ്വകാര്യ പരിപാടിയായതിനാൽ റദ്ദാക്കാൻ നഗര അധികൃതർക്ക് നിയമപരമായ അധികാരമുണ്ടോയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ വംശജനായ അമേരിക്കക്കാരൻ എന്ന നിലയിലും ന്യൂയോർക്ക് മേയർ എന്ന നിലയിലും എല്ലാവർക്കും തുല്യ ഇടം നൽകുന്ന സമൂഹത്തെയാണ് താൻ പിന്തുണയ്ക്കുന്നതെന്ന് മംദാനി പറഞ്ഞു. ഇന്ത്യയെ തന്റെ കുടുംബം ബഹുസ്വരവും മതനിരപേക്ഷവുമായ സമൂഹമായാണ് പരിചയപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, പരിപാടിയെ ആർഎസ്എസ് ബഹുസ്വരവും വിവിധ മതവിഭാഗങ്ങൾ പങ്കെടുക്കുന്നതുമായ സംവാദ വേദി എന്നാണ് വിശേഷിപ്പിച്ചത്. ആർഎസ്എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ അംബേക്കർ, വിവിധ മത-സാംസ്കാരിക പശ്ചാത്തലങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കുന്ന പരിപാടിയായിരിക്കും ഇതെന്ന് പറഞ്ഞു.
തുറന്ന സംവാദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്ക, കാനഡ, യുകെ എന്നീ മൂന്ന് രാജ്യങ്ങളിലെ പര്യടനത്തിന്റെ ആദ്യഘട്ടമായാണ് മോഹൻ ഭാഗവത് ന്യൂയോർക്കിലെത്തിയത്. ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വിദേശത്തുള്ള സംഘടനകളുടെ ക്ഷണപ്രകാരമാണ് പര്യടനം.
അമേരിക്കൻ ഹിന്ദൂസ് ഫോർ എൻഗേജ്മെന്റ് ആൻഡ് ഡയലോഗ് (AHEAD) ഫോറമാണ് ഓഗസ്റ്റ് 29ന് മാഡിസൺ സ്ക്വയർ ഗാർഡനിൽ പരിപാടി സംഘടിപ്പിക്കുന്നത്. രക്ഷാബന്ധൻ ആഘോഷത്തോടനുബന്ധിച്ചാണ് ഭാഗവതിന്റെ പ്രസംഗം സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയിൽ വിവിധ സാംസ്കാരിക അവതരണങ്ങളും വിവിധ മതവിഭാഗങ്ങളിൽ നിന്നുള്ള പ്രമുഖരുടെ പ്രസംഗങ്ങളും ഉണ്ടാകുമെന്നും സംഘാടകർ അറിയിച്ചു.
‘Stay vigilant’: Hindu group reminds Mamdani of ‘sworn duty’ ahead of RSS chief Bhagwat’s NYC event, issues advisory









