
ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ അമർ കോളനിയിൽ മുതിർന്ന ഐ.ആർ.എസ് ഉദ്യോഗസ്ഥൻ്റെ മകളെ മുൻ വീട്ടുജോലിക്കാരൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന ഐഐടി ബിരുദധാരിയായ 22-കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ രാജസ്ഥാൻ സ്വദേശി രാഹുൽ മീണയെ (23) പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാവിലെ 6.40 ഓടെയായിരുന്നു സംഭവം. ഈ സമയത്ത് യുവതിയുടെ മാതാപിതാക്കൾ ജിമ്മിൽ പോയിരിക്കുകയായിരുന്നു. വീട്ടുജോലിക്കാർക്ക് കയറുന്നതിനായി വീടിന് പുറത്ത് ഒരു ‘സ്പെയർ കീ’ വെക്കാറുണ്ടായിരുന്നു. കുടുംബത്തിന്റെ ദിനചര്യയെക്കുറിച്ചും ഈ താക്കോൽ എവിടെയാണ് വെക്കുന്നതെന്നും പ്രതിക്ക് അറിയാമായിരുന്നു. യുവതി പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇയാൾ അകത്തുകയറി ആക്രമിച്ചത്. അലമാരയുടെ പാസ്‌കോഡ് ചോദിച്ച ശേഷം ഇയാൾ യുവതിയെ മാരകമായി പരിക്കേൽപ്പിക്കുകയും കേബിൾ ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയുമായിരുന്നു.
രാവിലെ 8 മണിയോടെ മാതാപിതാക്കൾ തിരിച്ചെത്തിയപ്പോഴാണ് മകളെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഫോർട്ടിസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്.
ഏകദേശം 40 മിനിറ്റോളം പ്രതി വീടിനുള്ളിൽ ചിലവഴിച്ചു. രാവിലെ 6.39-ന് ഇയാൾ അകത്തുകയറുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കൊലപാതകത്തിന് ശേഷം വസ്ത്രം മാറിയ പ്രതി, ഒരു ബാഗുമായി ശാന്തനായി നടന്നുപോകുന്ന ദൃശ്യങ്ങൾ 7.22-നുള്ള സിസിടിവിയിൽ വ്യക്തമാണ്. പ്രതി മുമ്പ് ജോലി ചെയ്തിരുന്നയാളാണെന്ന് തിരിച്ചറിഞ്ഞ മറ്റൊരു ജോലിക്കാരൻ ഇയാളെ തടഞ്ഞുനിർത്തി സംസാരിക്കാൻ ശ്രമിച്ചെങ്കിലും, തിരക്കുണ്ടെന്ന് പറഞ്ഞ് ഇയാൾ അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. 100-ലധികം സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ ദ്വാരകയിലെ ഹോട്ടലിൽ നിന്ന് പിടികൂടിയത്.
ബലാത്സംഗം ചെയ്ത ശേഷം യുവതിയുടെ തല ഭാരമുള്ള വസ്തു കൊണ്ട് അടിച്ചതകർക്കുകയും മൊബൈൽ ഫോൺ ചാർജിംഗ് കേബിൾ ഉപയോഗിച്ച് ശ്വാസം ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു. തുടർന്ന് വീട്ടിലുണ്ടായിരുന്ന പണവും ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു. കുറ്റകൃത്യം നടന്ന് 12 മണിക്കൂറിനുള്ളിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു വർഷം മുമ്പ് പെൺകുട്ടിയുടെ പിതാവിന്റെ സഹപ്രവർത്തകനാണ് ഇയാളെ ജോലിക്ക് ശുപാർശ ചെയ്തത്. എന്നാൽ ഇയാൾക്ക് ചൂതാട്ടത്തിന് അടിമയാണെന്നും പണം ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അറിഞ്ഞതോടെ ജോലിയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.
Accused arrested for murdering IRS officer’s daughter in Delhi















