വാഷിങ്ടൺ: ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല ഭീകരാക്രമണ ഗൂഢാലോചനയെ പിന്തുണച്ചെന്ന ആരോപണം നേരിട്ട അഫ്ഗാൻ വനിത ഹാജി സാദയെ അമേരിക്ക അഫ്ഗാനിസ്ഥാനിലേക്ക് നാടുകടത്തി. ഏകദേശം മൂന്ന് പതിറ്റാണ്ടായി പ്രവർത്തനരഹിതമായിരുന്ന ഏലിയൻ ടെററിസ്റ്റ് റിമൂവൽ കോടതിയിലെ ആദ്യ കേസിലാണ് നടപടി. കോടതിയുടെ നിയമസാധുത ചോദ്യം ചെയ്ത് ഹാജി സാദയുടെ അഭിഭാഷകർ രംഗത്തെത്തി. തനിക്കെതിരെ ഉപയോഗിക്കുന്ന തെളിവുകൾ ഹാജി സാദയ്ക്കോ അഭിഭാഷകർക്കോ കാണാൻ അനുവദിക്കാത്തത് നീതിപൂർവമായ നടപടിക്രമത്തിന്റെ ലംഘനമാണെന്നും കോടതി ഭരണഘടനാവിരുദ്ധമാണെന്നും അവർ വാദിച്ചു.
അതേസമയം, നടപടി ദേശീയ സുരക്ഷയ്ക്കും നിയമവാഴ്ചയ്ക്കുമുള്ള വിജയമാണെന്ന് യുഎസ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചെ പറഞ്ഞു. തീവ്രവാദത്തെ പിന്തുണയ്ക്കുന്നവർക്ക് അമേരിക്കയിൽ സ്ഥാനമില്ലെന്നും രാജ്യത്തെ സംരക്ഷിക്കാൻ ലഭ്യമായ എല്ലാ നിയമപരമായ മാർഗങ്ങളും ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണച്ചുവെന്നാണ് ഹാജി സാദയ്‌ക്കെതിരായ യുഎസ് നീതിന്യായ വകുപ്പിന്റെ ആരോപണം. 2024ലെ യുഎസ് തെരഞ്ഞെടുപ്പ് ദിനത്തിൽ ആക്രമണം നടത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ഒക്ലഹോമയിൽ ശിക്ഷിക്കപ്പെട്ട രണ്ട് അഫ്ഗാൻ പൗരന്മാരുടെ അമ്മയും അമ്മായിയമ്മയുമാണ് ഹാജി സാദയെന്നും അധികൃതർ പറഞ്ഞു. ആക്രമണ പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് തന്നെ തടയുകയായിരുന്നു.
1996ലാണ് ഏലിയൻ ടെററിസ്റ്റ് റിമൂവൽ കോടതി സ്ഥാപിച്ചത്. എന്നാൽ ഹാജി സാദയുടെ കേസ് ജൂലൈയിൽ ഫയൽ ചെയ്യുന്നതുവരെ കോടതിയിൽ ഒരു ഹർജിയും എത്തിയിരുന്നില്ല. രാജ്യത്തെ വിവിധ ഫെഡറൽ ജില്ലകളിൽ നിന്നുള്ള അഞ്ച് ജഡ്ജിമാരാണ് കോടതിയിലുള്ളത്. ജൂലൈ 30ന് ജഡ്ജി ജോവാൻ എറിക്‌സണിന്റെ അധ്യക്ഷതയിൽ ഏകദേശം 30 വർഷത്തിനിടെ കോടതിയുടെ ആദ്യ വാദം നടന്നു. കോടതിയെ വീണ്ടും സജീവമാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം ഹാജി സാദയുടെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് അഭിഭാഷകൻ മാത്യു ഫാർലി വാദിച്ചു.
ജൂലൈ 15ലെ എഫ്ബിഐ മെമ്മോയിൽ ഹാജി സാദ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലിയാണെന്നും മക്കളെ ഭീകരസംഘടനയോട് കൂറ് പുലർത്തുമെന്ന് പ്രതിജ്ഞ ചെയ്യിപ്പിച്ചിരുന്നുവെന്നും വ്യക്തമാക്കിയിരുന്നു. ഹാജി സാദയുടെ മകൻ അബ്ദുള്ളയ്ക്ക് നവംബറിൽ 15 വർഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. മരുമകൻ നാസിർ അഹമ്മദ് തൗഹേദി ഇസ്ലാമിക് സ്റ്റേറ്റിന് ഭൗതിക പിന്തുണ നൽകാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം സമ്മതിച്ചിരുന്നു. ആക്രമണത്തിനായി എ.കെ.-47 തോക്കുകൾ ഓർഡർ ചെയ്യുകയും കുടുംബസ്വത്തുക്കൾ വിൽക്കുകയും ഭാര്യയ്ക്കും കുട്ടിക്കും അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങാൻ ഏകദിശാ വിമാന ടിക്കറ്റുകൾ വാങ്ങുകയും ചെയ്തതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു.
Afghan woman accused of Islamic State plot deported from US in first case before secretive terror court










