ഫിലഡൽഫിയ: അമേരിക്കൻ സംസ്ഥാനമായ പെൻസിൽവാനിയയുടെ ഭരണഘടനയ്ക്ക് 250 വർഷം പൂർത്തിയായതിന്റെയും അമേരിക്കയുടെ സ്ഥാപക ചരിത്രത്തിന്റെയും ഭാഗമായി ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഹിന്ദു പ്രാർഥനയോടെ തുടക്കമിട്ടു. ഇന്ത്യൻ അമേരിക്കൻ നിയമസഭാംഗം അരവിന്ദ് വെങ്കട്ടാണ് വേദിക് ആശയമായ ‘വസുധൈവ കുടുംബകം’ അടിസ്ഥാനമാക്കിയുള്ള പ്രാർഥന നടത്തിയത്.
പെൻസിൽവാനിയ ഹൗസ് ഓഫ് റെപ്രസന്റേറ്റീവിൽ സേവനം ചെയ്യുന്ന ആദ്യത്തെയും നിലവിൽ ഏക ഹിന്ദു മതവിശ്വാസിയുമായ അംഗമെന്ന നിലയിൽ പ്രാർഥന നടത്താൻ കഴിഞ്ഞത് പ്രത്യേക ബഹുമതിയാണെന്ന് ഡെമോക്രാറ്റായ വെങ്കട്ട് പറഞ്ഞു. സെപ്റ്റംബർ 9ന് നടന്ന പ്രത്യേക സമ്മേളനത്തിനായി നിയമസഭ ഫിലഡൽഫിയയിലെ കോൺഗ്രസ് ഹാളിലേക്ക് മാറ്റുകയായിരുന്നു. 1790 മുതൽ 1800 വരെ അമേരിക്കൻ കോൺഗ്രസ് യോഗം ചേർന്നിരുന്ന ചരിത്രപ്രധാനമായ കെട്ടിടമാണിത്.
പെൻസിൽവാനിയ ഭരണഘടനയുടെയും അമേരിക്കൻ രാഷ്ട്രത്തിന്റെയും 250-ാം വാർഷികം ആചരിക്കുന്നതിന്റെ ഭാഗമായി ഫിലഡൽഫിയയിൽ നടന്ന പ്രത്യേക ഹൗസ് സമ്മേളനത്തിന് ഹിന്ദു പ്രാർഥനയോടെ തുടക്കമിടാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് 30-ാം ഡിസ്ട്രിക്ടിനെ പ്രതിനിധീകരിക്കുന്ന വെങ്കട്ട് പറഞ്ഞു. ലോകം മുഴുവൻ ഒരു കുടുംബമാണെന്ന ആശയം മുന്നോട്ടുവയ്ക്കുന്ന ‘വസുധൈവ കുടുംബകം’ എന്ന വേദിക് തത്വത്തെ അടിസ്ഥാനമാക്കിയായിരുന്നു പ്രാർഥന. അമേരിക്കയുടെ സ്ഥാപക ചരിത്രത്തിന് സാക്ഷിയായ ഫിലഡൽഫിയയിൽ നടക്കുന്ന സമ്മേളനത്തിന് ഈ ആശയം ഏറെ അനുയോജ്യമാണെന്നും വെങ്കട്ട് പറഞ്ഞു.
അമേരിക്കയുടെ സ്ഥാപകരിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും അവർക്ക് ഐക്യത്തിലെത്താൻ കഴിഞ്ഞുവെന്ന് പ്രാർഥനയ്ക്ക് മുമ്പ് വെങ്കട്ട് പറഞ്ഞു. തുടർന്ന് അദ്ദേഹം “ഓം സർവേ ഭവന്തു സുഖിനഃ, സർവേ സന്തു നിരാമയാഃ, സർവേ ഭദ്രാണി പശ്യന്തു, മാ കശ്ചിദ് ദുഃഖഭാഗ്ഭവേത്, ഓം ശാന്തി ശാന്തി ശാന്തി” എന്ന പ്രാർഥന ചൊല്ലി.“എല്ലാവരും സന്തോഷത്തോടെ കഴിയട്ടെ, എല്ലാവരും രോഗങ്ങളിൽ നിന്നും അസുഖങ്ങളിൽ നിന്നും മുക്തരാകട്ടെ, എല്ലാവർക്കും നല്ലതും മംഗളകരവുമായ കാര്യങ്ങൾ കാണാനും അനുഭവിക്കാനും കഴിയട്ടെ, ആരും ദുഃഖമോ വേദനയോ അനുഭവിക്കാതിരിക്കട്ടെ” എന്നാണ് പ്രാർഥനയുടെ അർഥമെന്ന് അദ്ദേഹം വിശദീകരിച്ചു.
തങ്ങളുടെ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും അടിസ്ഥാനമായ മതവൈവിധ്യത്തിന്റെ പ്രതിഫലനമാണ് പ്രാർഥനയിലൂടെ പ്രകടമായതെന്നും വെങ്കട്ട് പറഞ്ഞു. നിയമസഭയിൽ വെങ്കട്ട് തന്റെ വിശ്വാസം പങ്കുവയ്ക്കുന്നത് ഇതാദ്യമല്ല. സാധാരണ സമ്മേളനങ്ങളിലും അദ്ദേഹം പരമ്പരാഗത പ്രാർഥനകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഉപനിഷത്തുകളിൽ നിന്നുള്ള ശാന്തി മന്ത്രവും ഋഗ്വേദത്തിലെ ഗായത്രി മന്ത്രവും അദ്ദേഹം മുമ്പ് നിയമസഭയിൽ ചൊല്ലിയിട്ടുണ്ട്.
Indian American state Rep. Arvind Venkat delivered a Hindu prayer based on the Vedic principle of Vasudhaiva Kutumbakam at the opening of a special Pennsylvania House session









