സംഘർഷഭരിത മണിപ്പൂരിലെത്തി യുഎസ് സ്ഥാനപതി സെർജിയോ ഗോർ; ഗവർണറുമായും മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: സംഘർഷം തുടരുന്ന മണിപ്പൂരിലെത്തി യുഎസ് സ്ഥാനപതി സെർജിയോ ഗോർ. വെള്ളിയാഴ്ച ഇംഫാലിലെത്തിയ അദ്ദേഹം ഗവർണർ അജയ് കുമാർ ഭല്ല, മുഖ്യമന്ത്രി യുമ്നം ഖേംചന്ദ് സിങ് എന്നിവരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി. ഗോർ സംസ്ഥാന തലസ്ഥാനമായ ഇംഫാലിൽ ഒരു രാത്രി തങ്ങുമെന്നാണ് അദ്ദേഹത്തിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചത്. രാജ്യസഭാംഗവും മുൻ വിദേശകാര്യ സെക്രട്ടറിയുമായ ഹർഷ് വർധൻ ശ്രിംഗ്ലയുമായി കൂടിക്കാഴ്ച നടത്തിയ ഡാർജിലിങ് സന്ദർശനത്തിന് പിന്നാലെയാണ് ഗോർ മണിപ്പൂരിലെത്തിയത്.

ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ഗോർ ജമ്മു കശ്മീർ സന്ദർശിച്ചത്. ജമ്മു കശ്മീർ ഇന്ത്യയുടെ “പ്രധാനപ്പെട്ട ഭാഗമാണെന്ന്” വിശേഷിപ്പിച്ച അദ്ദേഹം പ്രദേശത്തേക്കുള്ള അമേരിക്കൻ യാത്രാ മുന്നറിയിപ്പ് പുനഃപരിശോധിച്ചേക്കുമെന്ന സൂചനയും നൽകിയിരുന്നു. 2019ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഇന്ത്യയിലെ യുഎസ് സ്ഥാനപതി ജമ്മു കശ്മീരിൽ നടത്തിയ ആദ്യ സ്വതന്ത്ര സന്ദർശനമായിരുന്നു അത്.

മെയ്തെയ്, കുക്കി-സോ വിഭാഗങ്ങൾ തമ്മിലുള്ള വംശീയ സംഘർഷം തുടരുന്നതിനിടെയാണ് ഗോറിന്റെ മണിപ്പൂർ സന്ദർശനം. കഴിഞ്ഞ ഏതാനും മാസങ്ങളായി കുക്കി, നാഗ വിഭാഗങ്ങൾ തമ്മിലുള്ള അക്രമസംഭവങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തെ സംഘർഷം കൂടുതൽ രൂക്ഷമായിട്ടുണ്ട്. 2023 മേയിൽ വംശീയ സംഘർഷം ആരംഭിച്ചതിന് ശേഷം മണിപ്പൂരിൽ കുറഞ്ഞത് 306 പേർ കൊല്ലപ്പെടുകയും 49 പേരെ ഇപ്പോഴും കാണാതാവുകയും ചെയ്തിട്ടുണ്ടെന്നാണ് സർക്കാർ കണക്ക്. മലയോര ജില്ലകളിൽ മെയ്തെയ് വിഭാഗത്തിന് പട്ടികവർഗ പദവി നൽകണമെന്ന ആവശ്യത്തിനെതിരെ സംഘടിപ്പിച്ച ട്രൈബൽ സോളിഡാരിറ്റി മാർച്ചിന് പിന്നാലെയാണ് സംഘർഷം ആരംഭിച്ചത്.

സംഘർഷം പൊട്ടിപ്പുറപ്പെട്ട് ഏതാനും മാസങ്ങൾക്ക് ശേഷം അന്നത്തെ യുഎസ് സ്ഥാനപതി എറിക് ഗാർസെറ്റി, ആവശ്യപ്പെട്ടാൽ വിഷയത്തിൽ സഹായിക്കാൻ അമേരിക്ക തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു.“മണിപ്പൂരിലെ സമാധാനത്തിനായി ഞങ്ങൾ പ്രാർഥിക്കുന്നു. അമേരിക്കയുടെ ആശങ്ക തന്ത്രപരമായതല്ല, മാനുഷികമായതാണ്,” 2023 ജൂലൈയിൽ കൊൽക്കത്തയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഗാർസെറ്റി പറഞ്ഞിരുന്നു. അക്രമത്തിൽ കുട്ടികളോ മറ്റുള്ളവരോ കൊല്ലപ്പെടുമ്പോൾ അതിൽ ആശങ്കപ്പെടാൻ ഇന്ത്യക്കാരനായിരിക്കണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വടക്കുകിഴക്കൻ ഇന്ത്യയിലും കിഴക്കൻ മേഖലയിലും വലിയ പുരോഗതിയുണ്ടായിട്ടുണ്ടെന്നും ആവശ്യപ്പെട്ടാൽ ഏത് തരത്തിലുള്ള സഹായവും നൽകാൻ അമേരിക്ക തയ്യാറാണെന്നും ഗാർസെറ്റി പറഞ്ഞിരുന്നു. സമാധാനം ഉറപ്പായാൽ കൂടുതൽ സഹകരണവും പദ്ധതികളും നിക്ഷേപങ്ങളും കൊണ്ടുവരാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഒരു ദശകത്തിനിടെ മണിപ്പൂർ സന്ദർശിക്കുന്ന രണ്ടാമത്തെ യുഎസ് സ്ഥാനപതിയാണ് സെർജിയോ ഗോർ. മുൻ യുഎസ് സ്ഥാനപതി കെന്നത്ത് ജസ്റ്റർ 2018 ഡിസംബറിൽ സംഗായ് ഫെസ്റ്റിവലിൽ പങ്കെടുക്കാനായി മണിപ്പൂർ സന്ദർശിച്ചിരുന്നു.അന്ന് ഗവർണർ നജ്മ ഹെപ്തുള്ള, മുഖ്യമന്ത്രി എൻ. ബിരേൻ സിങ് എന്നിവരുമായി ജസ്റ്റർ കൂടിക്കാഴ്ച നടത്തി. വികസനം, പ്രാദേശിക കണക്റ്റിവിറ്റി, ഇന്ത്യ–അമേരിക്ക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.

യുഎസ് എംബസി പുറത്തിറക്കിയ അന്നത്തെ പ്രസ്താവന പ്രകാരം, എച്ച്ഐവി, എയ്ഡ്സ് വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടെ സോഷ്യൽ സർവീസ് അവെയർനസ് ഓർഗനൈസേഷൻ എന്ന എൻജിഒയുടെ പ്രവർത്തനങ്ങളും ജസ്റ്റർ പരിചയപ്പെട്ടിരുന്നു. യുഎസ് സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിലെ ഇന്ത്യൻ ഉദ്യോഗസ്ഥരുമായി സഹകരിച്ചായിരുന്നു സംഘടനയുടെ പ്രവർത്തനം.

Sergio Gor, the United States’ Ambassador to India, arrived in the northeastern state of Manipur Friday where he held separate meetings with Manipur Governor Ajay Kumar Bhalla and CM Yumnam Khemchand Singh

More Stories from this section

family-dental
witywide