
വാഷിംഗ്ടൺ: പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഉടക്കിട്ടു നിന്ന നിലവിലെ സിറ്റിംഗ് സെനറ്ററെ പ്രൈമറിയിൽ തന്നെ കൈവിട്ട ലൂസിയാനയിലെ റിപ്പബ്ലിക്കൻ വോട്ടർമാർ, പുതിയ സെനറ്റ് സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്നതിലും ട്രംപിന്റെ വഴി തന്നെ പിന്തുടരുമോ എന്ന് ഇന്നറിയാം. ശനിയാഴ്ച നടക്കുന്ന നിർണ്ണായകമായ പ്രൈമറി റൺഓഫ് തിരഞ്ഞെടുപ്പിൽ, ട്രംപിന്റെ പൂർണ്ണ പിന്തുണയുള്ള ജനപ്രതിനിധി ജൂലിയ ലെറ്റ്‌ലോയും സംസ്ഥാന ട്രഷറർ ജോൺ ഫ്ലെമിംഗും തമ്മിലാണ് പ്രധാന പോരാട്ടം. റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തമായ കോട്ടയായ ലൂസിയാനയിൽ നിന്ന് അടുത്തതായി സെനറ്റിൽ ആരാകും എത്തുക എന്ന് ഈ പോരാട്ടം ഉറപ്പിക്കും.
രണ്ട് തവണ സെനറ്ററായിരുന്ന ബിൽ കാസിഡി കഴിഞ്ഞ മെയ് 16-ന് നടന്ന പ്രൈമറിയിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതോടെയാണ് പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടി വന്നത്. 2021-ലെ രണ്ടാം ഇംപീച്ച്‌മെന്റ് വിചാരണ വേളയിൽ ട്രംപിനെ കുറ്റക്കാരനായി പ്രഖ്യാപിക്കാൻ വോട്ട് ചെയ്തതിന് പ്രതികാരമായാണ് കാസിഡിക്കെതിരെ ട്രംപ് ശക്തമായി രംഗത്തിറങ്ങിയത്. ഇതോടെ ടെക്സസ് സെനറ്റർ ജോൺ കോർണിന് ശേഷം, ട്രംപിന്റെ ശക്തമായ എതിർപ്പിനെത്തുടർന്ന് ഈ വസന്തകാല പ്രൈമറികളിൽ പരാജയപ്പെട്ട് പുറത്താകുന്ന രണ്ടാമത്തെ പ്രമുഖ റിപ്പബ്ലിക്കൻ സിറ്റിംഗ് സെനറ്ററായി കാസിഡി മാറി. മെയ് മാസം നടന്ന ആദ്യ പ്രൈമറിയിൽ ജൂലിയ ലെറ്റ്‌ലോ 45 ശതമാനത്തോളം വോട്ട് നേടി ഒന്നാമതെത്തിയപ്പോൾ, ജോൺ ഫ്ലെമിംഗ് 28 ശതമാനവും കാസിഡി 25 ശതമാനത്തോളം വോട്ടും നേടി. ആർക്കും കൃത്യമായ ഭൂരിപക്ഷം (50 ശതമാനത്തിലധികം) ലഭിക്കാത്തതിനാലാണ് ആദ്യ രണ്ട് സ്ഥാനക്കാർ തമ്മിലുള്ള ഇന്നത്തെ റൺഓഫ് മത്സരം വേണ്ടിവന്നത്.
റിപ്പബ്ലിക്കൻ പാർട്ടിക്ക് മേലുള്ള ട്രംപിന്റെ സ്വാധീനം എത്രത്തോളമുണ്ടെന്ന് അളക്കുന്ന ഒരു പുതിയ പരീക്ഷണവേദിയാണ് ഈ ശനിയാഴ്ചയിലെ തിരഞ്ഞെടുപ്പ്. മിഡ്‌ടേം പ്രൈമറി സീസണിന്റെ തുടക്കത്തിൽ കാസിഡി, കോർണിൻ, കെന്റക്കി പ്രതിനിധി തോമസ് മാസ്സി എന്നിവരെ പുറത്താക്കിക്കൊണ്ട് ട്രംപ് വൻ മുന്നേറ്റം നടത്തിയിരുന്നു. എന്നാൽ സമീപ ആഴ്ചകളിൽ അയോവ, ജോർജിയ ഗവർണർ പ്രൈമറികളിൽ ട്രംപിന്റെ സ്ഥാനാർത്ഥികളെ വോട്ടർമാർ തള്ളിക്കളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ലൂസിയാനയിലെ ഈ വോട്ടെടുപ്പ്.
വ്യാഴാഴ്ച രാത്രി ജൂലിയ ലെറ്റ്‌ലോയ്ക്ക് വേണ്ടി നടത്തിയ ടെലിഫോൺ റാലിയിൽ ട്രംപ് അവരെ ശക്തമായി പിന്തുണച്ചു സംസാരിച്ചു. ലെറ്റ്‌ലോ ജനങ്ങൾക്ക് വേണ്ടി ഭയമില്ലാതെ പോരാടുന്ന നേതാവാണെന്ന് അദ്ദേഹം പുകഴ്ത്തി. കഴിഞ്ഞ വർഷം തന്റെ നികുതി-ചെലവ് ബില്ലിനെ അനുകൂലിച്ചതും, കുടിയേറ്റ വിരുദ്ധ നടപടികളെ പിന്തുണച്ചതും ചൂണ്ടിക്കാണിച്ച ട്രംപ്, മെയിൽ-ഇൻ വോട്ടിംഗ് നിരോധിക്കുന്നതിനും വോട്ടർ ഐഡി നിർബന്ധമാക്കുന്നതിനും വേണ്ടിയുള്ള തന്റെ പുതിയ തിരഞ്ഞെടുപ്പ് ബില്ലിനെ ലെറ്റ്‌ലോ സെനറ്റിൽ പൂർണ്ണമായി പിന്തുണയ്ക്കുമെന്നും വോട്ടർമാരോട് വ്യക്തമാക്കി. ലൂസിയാനയിലെ ജനവിധി ട്രംപിന്റെ രാഷ്ട്രീയ ഭാവിയിൽ നിർണ്ണായകമാകും.













