
വാഷിംഗ്ടൺ: റെക്കോർഡ് കാലയളവായി കടലിൽ തുടരുന്ന യുഎസ്എസ് എബ്രഹാം ലിങ്കൺ യുദ്ധക്കപ്പലിലെ സൈനികർക്കിടയിൽ മാനസിക സമ്മർദ്ദവും വിഭവക്ഷാമവും രൂക്ഷമാകുന്നതായി കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് പുറത്തുവന്നത്. കപ്പലിലെ ജീവനക്കാരുടെ മനോവീര്യം തകരുന്നുവെന്ന ആശങ്ക ശക്തമായ പശ്ചാത്തലത്തിൽ യു.എസ്. സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ കപ്പൽ സന്ദർശിച്ച് സൈനികരുമായി കൂടിക്കാഴ്ച നടത്തി.
ശനിയാഴ്ചയായിരുന്നു മിഡിൽ ഈസ്റ്റിൽ നിലയുറപ്പിച്ചിരിക്കുന്ന കപ്പലിൽ സൈനിക മേധാവിയുടെ അടിയന്തര സന്ദർശനം. സന്ദർശനത്തിന് ശേഷം സൈനികരുടെ പ്രതിരോധശേഷിയെയും കൂട്ടായ്മയെയും അഡ്മിറൽ കൂപ്പർ വാനോളം പുകഴ്ത്തി. കപ്പലിലെ ജീവനക്കാരുടെ പ്രവർത്തനം വിസ്മയഭരിതമാണെന്നും ഓരോ അമേരിക്കക്കാരനും ഇതിൽ അഭിമാനിക്കാമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.
ഏകദേശം 5000-ത്തോളം സൈനികരുള്ള യുഎസ്എസ് എബ്രഹാം ലിങ്കൺ, ഇറാനെതിരെയുള്ള യു.എസിൻ്റെ സൈനിക നടപടികൾക്ക് പിന്തുണ നൽകാനാണ് മിഡിൽ ഈസ്റ്റിൽ എത്തിയത്. സാധാരണയായി ആറ് മാസത്തേക്ക് മാത്രം വിന്യസിക്കാറുള്ള യു.എസ് യുദ്ധക്കപ്പലുകളുടെ ചരിത്രത്തിൽ, നിലവിൽ തുടർച്ചയായി 240-ലധികം ദിവസങ്ങളാണ് ലിങ്കൺ കടലിൽ ചിലവഴിച്ചത്. 2025 നവംബറിൽ പസഫിക് മേഖലയിലാണ് കപ്പൽ ആദ്യം വിന്യസിക്കപ്പെട്ടത്.
കപ്പലിൽ മാനസികാരോഗ്യ പ്രശ്നങ്ങളും സാധനസാമഗ്രികളുടെ കുറവുമുള്ളതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ദീർഘകാലത്തെ സമുദ്രസേവനം കഠിനമായ വെല്ലുവിളികൾ നിറഞ്ഞതാണെന്നും സമ്മർദ്ദങ്ങളോട് ഓരോരുത്തരും വ്യത്യസ്തമായാണ് പ്രതികരിക്കുകയെന്നും അഡ്മിറൽ കൂപ്പർ സമ്മതിച്ചു. എന്നാൽ മറ്റ് യു.എസ് എയർക്രാഫ്റ്റ് കാരിയറുകളെ അപേക്ഷിച്ച് ലിങ്കണിൽ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട കേസുകൾ വളരെ കുറവാണെന്നും, പ്രശ്നങ്ങൾ പരിഹരിക്കാൻ കപ്പലിൻ്റെ നേതൃത്വം മുൻഗണന നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പകരക്കാരനായി ജോർജ്ജ് വാഷിംഗ്ടൺ
ദൗത്യം പൂർത്തിയാക്കുന്ന ലിങ്കൺ കപ്പലിന് പകരമായി ‘യുഎസ്എസ് ജോർജ്ജ് വാഷിംഗ്ടൺ’ മിഡിൽ ഈസ്റ്റിലേക്ക് തിരിച്ചു കഴിഞ്ഞു. അതേസമയം, ലിങ്കണിൻ്റെ വിന്യാസ കാലയളവ് പരിധിയിലധികമായിപ്പോയോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, “ഇത് ഒട്ടും കൂടുതലല്ല” എന്നായിരുന്നു യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പ്രതികരണം.
US Navy chief visits troops on USS Abraham Lincoln















