യുഎസിലെ വ്യോമഗതാഗത നിയന്ത്രണ തകരാർ: എയർ ഇന്ത്യയുടെ അഞ്ച് വിമാനങ്ങളും കൃത്യസമയത്ത് ലാൻഡ് ചെയ്തു

ന്യൂഡൽഹി: അമേരിക്കയിലെ വ്യോമഗതാഗത നിയന്ത്രണ സംവിധാനം തകരാറിലായതിനെ തുടർന്ന് രാജ്യവ്യാപകമായി വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ എയർ ഇന്ത്യയുടെ അഞ്ച് വിമാനങ്ങളും നിശ്ചയിച്ച സമയത്ത് ലക്ഷ്യസ്ഥാനങ്ങളിലെത്തി. ലക്ഷ്യസ്ഥാനത്തിന് ഏറ്റവും അടുത്തുണ്ടായിരുന്നത് എയർ ഇന്ത്യയുടെ ഡൽഹി–സാൻഫ്രാൻസിസ്കോ വിമാനമായിരുന്നു. ലക്ഷ്യസ്ഥാനത്ത് എത്താൻ രണ്ടര മണിക്കൂർ മാത്രം ബാക്കിനിൽക്കെയായിരുന്നു സംഭവം.

സാൻഫ്രാൻസിസ്കോയിലേക്ക് പസഫിക് സമുദ്രത്തിന് മുകളിലൂടെ പറക്കുകയായിരുന്ന ബോയിങ് 777 വിമാനം (VT-ALS) യുഎസ് അധികൃതരുടെ നിയന്ത്രണത്തെ തുടർന്ന് യാത്ര തുടർന്നു. വിദേശത്തുനിന്ന് എത്തുന്ന വിമാനങ്ങളുടെ കാര്യത്തിൽ പ്രത്യേക തീരുമാനമെടുക്കുമെന്ന് അധികൃതർ അറിയിച്ചതും പൈലറ്റുമാർക്ക് വഴിതിരിച്ചുവിടാൻ നിർദേശം ലഭിക്കാതിരുന്നതുമാണ് ഇതിന് കാരണം. വിമാനം ഇന്ത്യൻ സമയം പുലർച്ചെ അഞ്ചിന് സാൻഫ്രാൻസിസ്കോയിൽ ഇറങ്ങി.

ന്യൂയോർക്കിലെ ന്യൂവാർക്ക്, ജെഎഫ്കെ വിമാനത്താവളങ്ങളിലേക്ക് ഡൽഹി, മുംബൈ എന്നിവിടങ്ങളിൽനിന്ന് പുറപ്പെട്ട മറ്റ് നാല് എയർ ഇന്ത്യ വിമാനങ്ങളും യാത്ര തുടർന്നു. ഏകദേശം അഞ്ചുമണിക്കൂർ നീണ്ട തകരാറിനിടയിലും അഞ്ചു വിമാനങ്ങളും കൃത്യസമയത്ത് ലക്ഷ്യസ്ഥാനങ്ങളിലെത്തി. തിരിച്ചുള്ള സർവീസുകളിൽ സാൻഫ്രാൻസിസ്കോ–ഡൽഹി വിമാനം മാത്രമാണ് വൈകിയത്. വിമാനത്താവളത്തിലെ തിരക്ക് കാരണം കൊൽക്കത്ത വഴി സർവീസ് നടത്തിയ വിമാനം രണ്ടുമണിക്കൂർ 40 മിനിറ്റ് വൈകി.

ന്യൂവാർക്കിൽനിന്നും ജെഎഫ്കെയിൽനിന്നുമുള്ള മറ്റ് നാല് സർവീസുകളും സമയത്ത് പുറപ്പെട്ടതായി എയർ ഇന്ത്യ അറിയിച്ചു. നാലുവർഷത്തിനിടെ രണ്ടാം തവണയാണ് യുഎസിൽ വ്യോമഗതാഗത ആശയവിനിമയ സംവിധാനം തകരാറിലാകുന്നതെന്ന് എയർ ഇന്ത്യയിലെ മുതിർന്ന പൈലറ്റുമാർ പറഞ്ഞു. 2023 ജനുവരിയിലും സമാനമായ പ്രശ്നമുണ്ടായിരുന്നു. അന്ന് ചില ഫയലുകൾ അബദ്ധത്തിൽ നീക്കം ചെയ്തതാണ് നോട്ടാം സംവിധാനം തകരാറിലാകാൻ കാരണമായത്.

വെള്ളിയാഴ്ചത്തെ തകരാറിന്റെ പ്രത്യാഘാതം വരും ദിവസങ്ങളിലും തുടരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ആഭ്യന്തര സർവീസുകളേക്കാൾ രാജ്യാന്തര വിമാനങ്ങൾക്ക് മുൻഗണന നൽകാനാണ് യുഎസിന്റെ തീരുമാനം. മറ്റ് വിമാനക്കമ്പനികളുടെ സർവീസുകളെയും തകരാർ ബാധിച്ചു. ന്യൂയോർക്കിലെ ജെഎഫ്കെ വിമാനത്താവളത്തിൽ നിരവധി പൈലറ്റുമാർ വൈകുന്നതിന്റെ കാരണം ചോദിച്ചെങ്കിലും തുടക്കത്തിൽ കൺട്രോളർമാർക്ക് വ്യക്തമായ മറുപടി നൽകാനായില്ലെന്ന് അവിടെയുണ്ടായിരുന്ന ഒരു പൈലറ്റ് പറഞ്ഞു. പിന്നീട് രാജ്യവ്യാപക നിയന്ത്രണവും ആശയവിനിമയ സംവിധാനത്തിലെ തകരാറുമാണ് കാരണമെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

Air traffic control glitch in the US: Five Air India flights landed on time

More Stories from this section

family-dental
witywide