അയോധ്യ രാമക്ഷേത്ര പ്രസാദമെന്ന പേരിൽ വിറ്റത് സാധാരണ ലഡു: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ന്യൂഡൽഹി: അയോധ്യയിലെ ശ്രീരാമക്ഷേത്ര ട്രസ്റ്റിൻ്റെ അനുമതിയില്ലാതെ സാധാരണ മധുരപലഹാരങ്ങൾ ‘ശ്രീ രാമമന്ദിർ അയോധ്യ പ്രസാദം’ എന്ന പേരിൽ പ്ലാറ്റ്‌ഫോമിൽ വിൽക്കാൻ അനുവദിച്ചതിന് പ്രമുഖ ഇ-കോമേഴ്സ് ഭീമനായ ആമസോണിന് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സി.സി.പി.എ) ഒരു ലക്ഷം രൂപ പിഴ ചുമത്തി. ആമസോൺ സെല്ലർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിനാണ് പിഴ. തുക 15 ദിവസത്തിനകം ഒടുക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.

‘ശ്രീ രാമമന്ദിർ അയോധ്യ പ്രസാദം’ എന്ന ലേബലിൽ വിൽക്കുന്ന മധുരപലഹാരങ്ങൾ ക്ഷേത്രത്തിൽ പൂജിച്ചതാണെന്ന് ഭക്തർ സ്വാഭാവികമായും വിശ്വസിക്കുമെന്ന് സി.സി.പി.എ ചൂണ്ടിക്കാട്ടി. രാമക്ഷേത്ര ട്രസ്റ്റിൻ്റെ അനുമതിയില്ലാതെ ഇത്തരം വാചകങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം തെറ്റായ വ്യാപാര രീതിയാണെന്ന് മാത്രമല്ല, കോടിക്കണക്കിന് ഭക്തരുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും ഉത്തരവിൽ പറയുന്നു.

ചീഫ് കമ്മീഷണർ നിധി ഖരെ, കമ്മീഷണർ അനുപം മിശ്ര എന്നിവരടങ്ങിയ സമിതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ‘കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ്’ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

‘ബിഹാർ ബ്രദേഴ്‌സ്’ എന്ന ബ്രാൻഡിന് കീഴിൽ ‘ചന്തു ട്രേഡിംഗ് കമ്പനി’ ലിസ്റ്റ് ചെയ്ത നെയ്യ് ലഡു, ഖോയ ലഡു, ബൂന്തി ലഡു, പശുവിൻ പാൽ പേഡ എന്നീ നാല് തരം ഉൽപ്പന്നങ്ങളാണ് ആമസോൺ വഴി വിറ്റിരുന്നത്. ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകാനും ഉൽപ്പന്നങ്ങൾ വിൽക്കാനും പ്ലാറ്റ്‌ഫോമിൽ സൗകര്യമൊരുക്കിയതിനാൽ ആമസോണിനും ഇതിൽ തുല്യ ഉത്തരവാദിത്തമുണ്ടെന്ന് സി.സി.പി.എ വ്യക്തമാക്കി. അതിനാൽ ഐ.ടി ആക്ട് സെക്ഷൻ 79 പ്രകാരം ഇടനിലക്കാർക്ക് ലഭിക്കുന്ന ‘സേഫ് ഹാർബർ’ പരിരക്ഷയ്ക്ക് ആമസോണിന് അർഹതയുണ്ടാവില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Amazon fined Rs 1 lakh for selling ordinary laddus as Ayodhya prasad

More Stories from this section

family-dental
witywide