മിയാമി ദുരന്തം: 21 എയറുമായുള്ള സർവീസുകൾ നിർത്തിവെച്ച് ആമസോൺ, അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്നും കമ്പനി

മിയാമി: മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന് പിന്നാലെ, കാർഗോ വിമാനക്കമ്പനിയായ ’21 എയറു’മായുള്ള സർവീസുകൾ ആമസോൺ താൽക്കാലികമായി നിർത്തിവെച്ചു. സെപ്റ്റംബർ 6ന് 21 എയർ പ്രവർത്തിപ്പിച്ചിരുന്ന ആമസോണിന്റെ ‘ഫ്ലൈറ്റ് 7598’ ബോയിംഗ് 767 കാർഗോ വിമാനം റൺവേയിൽ നിന്ന് നിയന്ത്രണം വിട്ട് പുറത്തേക്ക് കടന്നാണ് അപകടമുണ്ടായത്.
അപകടത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും സാഹചര്യം വിലയിരുത്തിയാണ് സർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചതെന്നും ആമസോൺ വക്താവ് കെല്ലി നാന്റൽ പ്രസ്താവനയിൽ അറിയിച്ചു.

സുരക്ഷയ്ക്കാണ് തങ്ങൾ എപ്പോഴും പ്രഥമ പരിഗണന നൽകുന്നതെന്നും അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്നും അവർ വ്യക്തമാക്കി. 2024 മുതൽ ആമസോണിനായി ചരക്കുസേവനങ്ങൾ നടത്തുന്ന നോർത്ത് കരോലിന ആസ്ഥാനമായുള്ള കമ്പനിയാണ് 21 എയർ. ലാൻഡിംഗിനിടെ കനത്ത വേഗതയിലായിരുന്ന വിമാനം റൺവേയിൽ നിർത്താനാകാതെ 1,300 അടിയോളം മുന്നോട്ട് കുതിച്ച് വിമാനങ്ങൾ വൃത്തിയാക്കുന്ന ജീവനക്കാരുടെ വാനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വാനിലുണ്ടായിരുന്ന അഞ്ച് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

വിമാനത്തിന്‍റെ വേഗത പരിധിക്കപ്പുറമായിരുന്നുവെന്ന് ലാൻഡിംഗിന് തൊട്ടുമുമ്പ് പൈലറ്റുമാർ പരസ്പരം മുന്നറിയിപ്പ് നൽകിയിരുന്നതായി നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് കോക്ക്പിറ്റ് വോയിസ് റെക്കോർഡർ പരിശോധിച്ച് വ്യക്തമാക്കിയിട്ടുണ്ട്. 32 വർഷം പഴക്കമുള്ള ഈ ബോയിംഗ് വിമാനം തുടക്കത്തിൽ യാത്രാവിമാനമായാണ് പ്രവർത്തിച്ചിരുന്നത്. 2015ലാണ് ഇതിനെ കാർഗോ വിമാനമാക്കി മാറ്റിയത്. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

More Stories from this section

family-dental
witywide