‘അമേരിക്ക ഫസ്റ്റ്’ മുദ്രാവാക്യത്തിനിടെ ട്രംപിന്റെ പുരസ്‌കാരം ഏറ്റുവാങ്ങിയ ആറ് ടെക് മേധാവികളിൽ അഞ്ചുപേരും വിദേശത്ത് ജനിച്ചവർ; ചർച്ചയായി ട്രംപിൻ്റെ നയങ്ങൾ

വാഷിങ്ടൺ: അമേരിക്കൻ സാങ്കേതിക മികവിനെ വാഴ്ത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്തപ്പോൾ ശ്രദ്ധേയമായൊരു വൈരുധ്യം. അമേരിക്കയുടെ പരമോന്നത ശാസ്ത്ര-സാങ്കേതിക ബഹുമതികൾ ഏറ്റുവാങ്ങിയ ആറ് പ്രമുഖരിൽ അഞ്ചുപേരും ജനിച്ചത് അമേരിക്കയ്ക്ക് പുറത്താണ്. ടെക്സസിൽ ജനിച്ച ഡെൽ ടെക്നോളജീസ് സ്ഥാപകൻ മൈക്കൽ ഡെൽ മാത്രമാണ് ഇതിൽ അമേരിക്കയിൽ ജനിച്ചയാൾ.

വിദേശികളെ ആശ്രയിക്കാതെ അമേരിക്കയെ മഹത്തരമാക്കാമെന്ന ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ നിലപാടിന് നേർവിപരീതമായിരുന്നു വൈറ്റ് ഹൗസിലെ ചടങ്ങിലെ കാഴ്ച. വിദേശത്ത് ജനിച്ച ശാസ്ത്ര-സാങ്കേതിക പ്രതിഭകളുടെ സംഭാവനകൾക്ക് രാജ്യത്തിന്റെ പരമോന്നത അംഗീകാരം നൽകുന്നതിലൂടെ അമേരിക്കൻ സാങ്കേതിക മേഖലയുടെ വളർച്ചയിൽ ആഗോള പ്രതിഭകൾക്കുള്ള പങ്ക് വീണ്ടും ചർച്ചയായി.

‘ശാസ്ത്രം: പുതിയ സുവർണകാലം’ എന്ന പേരിൽ നടന്ന ചടങ്ങിൽ ടെസ്‌ല മേധാവി ഇലോൺ മസ്‌ക്, ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിൻ, എൻവിഡിയ മേധാവി ജെൻസൻ ഹുവാങ്, എഎംഡി മേധാവി ലിസ സു എന്നിവർക്ക് ദേശീയ ശാസ്ത്ര മെഡലും മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയ്ക്കും മൈക്കൽ ഡെല്ലിനും ദേശീയ സാങ്കേതികവിദ്യാ-നവീകരണ മെഡലും ട്രംപ് സമ്മാനിച്ചു. കമ്പ്യൂട്ടിങ്, സെമികണ്ടക്ടർ, നിർമിതബുദ്ധി, ബഹിരാകാശ പര്യവേക്ഷണം എന്നീ മേഖലകളിലെ അസാധാരണ സംഭാവനകൾ പരിഗണിച്ചായിരുന്നു പുരസ്‌കാരങ്ങൾ.

അമേരിക്കൻ സാങ്കേതിക മേഖലയുടെ ആഗോള മേധാവിത്വം രാജ്യത്തെ പ്രതിഭകളുടെ മാത്രം സംഭാവനയല്ലെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രതിഭകളെ ആകർഷിക്കുകയും പരിശീലിപ്പിക്കുകയും നിലനിർത്തുകയും ചെയ്തതിന്റെ ഫലം കൂടിയാണെന്നും ഈ അംഗീകാരങ്ങൾ ഓർമിപ്പിക്കുന്നു. വിദേശ തൊഴിലാളികളെ രാഷ്ട്രീയ ചർച്ചകളിൽ പ്രതിക്കൂട്ടിലാക്കുന്ന ട്രംപ് ഭരണകൂടത്തിന് ഈ യാഥാർഥ്യം അസൗകര്യമുണ്ടാക്കുന്നതാണ്.

ഈ വൈരുധ്യം ഏറ്റവും പ്രകടമായത് സത്യ നദെല്ലയുടെ കാര്യത്തിലാണ്. മൈക്രോസോഫ്റ്റിനെതിരെ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് നദെല്ല വൈറ്റ് ഹൗസിൽ പുരസ്‌കാരം ഏറ്റുവാങ്ങിയത്. അമേരിക്കൻ ജീവനക്കാരെ പിരിച്ചുവിടുന്നതിനിടെ തൊഴിൽ അധിഷ്ഠിത കുടിയേറ്റ പദ്ധതികൾ ദുരുപയോഗം ചെയ്യുന്നുവെന്നായിരുന്നു മൈക്രോസോഫ്റ്റിനെതിരായ വാൻസിന്റെ ആരോപണം. 6,000 അമേരിക്കൻ ജീവനക്കാരെ പിരിച്ചുവിട്ടതും 6,300 എച്ച്-1ബി വിസകളും ഏകദേശം 3,000 ഗ്രീൻ കാർഡുകളും സംബന്ധിച്ച കണക്കുകൾ അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശ തൊഴിലാളികൾക്ക് സ്ഥിരതാമസത്തിന് സ്പോൺസർഷിപ്പ് നൽകുന്ന പദ്ധതിയിൽനിന്ന് മൈക്രോസോഫ്റ്റിനെ സസ്പെൻഡ് ചെയ്യുകയാണെന്നും ഭരണകൂടം പ്രഖ്യാപിച്ചു.

എന്നാൽ, വിസ അപേക്ഷകളിലൂടെ അമേരിക്കൻ ജീവനക്കാരെ കൂട്ടത്തോടെ മാറ്റിസ്ഥാപിക്കുന്നുവെന്ന ആരോപണം മൈക്രോസോഫ്റ്റ് തള്ളി. വിസ അപേക്ഷകളിൽ ഭൂരിഭാഗവും നിലവിൽ കമ്പനിയിൽ ജോലി ചെയ്യുന്നവർക്കുവേണ്ടിയുള്ളതാണെന്നായിരുന്നു വിശദീകരണം. ഇതിനുപിന്നാലെയാണ് അമേരിക്കയിലെ നിർണായക സാങ്കേതിക കമ്പനികളിലൊന്നിനെ പുതിയ കാലഘട്ടത്തിലേക്ക് നയിച്ചതിന് നദെല്ലയ്ക്ക് ട്രംപ് പുരസ്‌കാരം സമ്മാനിച്ചത്.

ക്ലൗഡ് കമ്പ്യൂട്ടിങ്ങിന്റെ പുതിയ കാലഘട്ടത്തിൽ മൈക്രോസോഫ്റ്റിനെ പുനരുജ്ജീവിപ്പിച്ച നേതൃത്വത്തെയും അമേരിക്കൻ നിർമിതബുദ്ധി സാങ്കേതികവിദ്യയുടെ പരിശീലനത്തിനും ആഗോളതലത്തിലുള്ള വിന്യാസത്തിനും സഹായിച്ച അതിവിപുലമായ കമ്പ്യൂട്ടിങ് അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ചതിനെയും പുരസ്‌കാര പ്രഖ്യാപനം പ്രശംസിച്ചു. ഹൈദരാബാദിൽ ജനിച്ച നദെല്ലയുടെ നേതൃത്വത്തിൽ മൈക്രോസോഫ്റ്റ് ക്ലൗഡ് കമ്പ്യൂട്ടിങ്ങിലും നിർമിതബുദ്ധിയിലും ആഗോള ശക്തിയായി മാറിയതിനെ അംഗീകരിക്കുന്നതായിരുന്നു പുരസ്‌കാരം.

അതേസമയം, അമേരിക്കൻ സാങ്കേതിക മേഖലയെ നയിക്കുന്ന പ്രതിഭകളിൽ വലിയൊരു വിഭാഗം വിദേശത്ത് ജനിച്ചവരാണെന്ന യാഥാർഥ്യവും ഇതിലൂടെ വീണ്ടും വ്യക്തമായി. വിദേശ തൊഴിലാളികളുടെ കുടിയേറ്റ പദവി ജോലിയുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ തൊഴിലുടമകൾക്ക് അവരെ ചൂഷണം ചെയ്യാനും അമേരിക്കൻ ജീവനക്കാരെ മാറ്റിസ്ഥാപിക്കാനും കഴിയുമെന്നാണ് വാൻസിന്റെ വാദം. വിസാ പദ്ധതികൾ ദുരുപയോഗം ചെയ്യുന്നുണ്ടെങ്കിൽ അതു പരിശോധിക്കേണ്ടതുണ്ടെന്ന് സാങ്കേതിക മേഖലയിലെ ചിലർ അംഗീകരിക്കുന്നുണ്ടെങ്കിലും വിദേശ പ്രതിഭകളോടുള്ള പൊതുവായ എതിർപ്പ് മറ്റൊരു വിഷയമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

“ഗ്രീൻ കാർഡിന് അപേക്ഷിക്കുമ്പോൾ വിദേശ തൊഴിലാളി പ്രശ്നക്കാരനാണ്; മെഡൽ ഏറ്റുവാങ്ങുമ്പോൾ ദേശീയ സമ്പത്തും,” ചടങ്ങിനുശേഷം ഒരു വ്യവസായ മേഖലയിലെ പ്രമുഖൻ പരിഹാസത്തോടെ പ്രതികരിച്ചു. ജെൻസൻ ഹുവാങിന്റെയും ലിസ സുവിന്റെയും പുരസ്‌കാരങ്ങൾ മറ്റൊരു വൈരുധ്യമാണ് തുറന്നുകാട്ടിയത്. അകന്ന ബന്ധുക്കളായ ഇരുവരും ജനിച്ചത് തായ്‌വാനിലാണ്. നിർമിതബുദ്ധി കമ്പ്യൂട്ടിങ്ങിൽ ആധിപത്യം സ്ഥാപിച്ച എൻവിഡിയയെ ഹുവാങ് നയിച്ചപ്പോൾ ഉയർന്ന പ്രകടനശേഷിയുള്ള പ്രോസസറുകളുടെ രംഗത്ത് എഎംഡിയെ ശക്തമായ മത്സരക്കാരാക്കി മാറ്റുന്നതിൽ സു നിർണായക പങ്കുവഹിച്ചു.

അമേരിക്കയുടെ സാമ്പത്തികവും തന്ത്രപരവുമായ ലക്ഷ്യങ്ങൾക്ക് നിർണായകമായ സെമികണ്ടക്ടർ സാങ്കേതികവിദ്യയുടെ വളർച്ചയിൽ തായ്‌വാനിൽ ജനിച്ച എൻജിനീയറിങ് പ്രതിഭകൾക്കുള്ള പങ്കാണ് ഇരുവരുടെയും നേട്ടങ്ങൾ വ്യക്തമാക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ച ഉൾപ്പെടെ ബെയ്ജിങ്ങുമായി ബന്ധം മെച്ചപ്പെടുത്താനുള്ള ട്രംപിന്റെ നീക്കങ്ങൾക്കിടെയാണ് ഇരുവർക്കും അംഗീകാരം ലഭിച്ചത്. ചൈനയുമായുള്ള ബന്ധത്തിൽ ഇടപാടുകൾക്ക് മുൻഗണന നൽകുന്ന സമീപനം തായ്‌വാന്റെ സുരക്ഷയോടുള്ള അമേരിക്കയുടെ പ്രതിബദ്ധതയെ ബാധിക്കുമോയെന്ന ആശങ്ക ചില വിദേശനയ വിദഗ്ധർ ഉയർത്തുന്നുണ്ട്.

പുരസ്‌കാരച്ചടങ്ങ് തായ്‌വാനോടുള്ള അമേരിക്കൻ നയത്തിൽ മാറ്റം സൂചിപ്പിക്കുന്നില്ലെങ്കിലും ആഗോള സെമികണ്ടക്ടർ വ്യവസായത്തിന്റെ കേന്ദ്രസ്ഥാനത്തുള്ള രണ്ട് തായ്‌വാൻ വംശജരെ വാഷിങ്ടൺ ആദരിച്ചതും അതേസമയം തായ്‌വാന്റെ ഭാവി യുഎസ്-ചൈന ബന്ധത്തിലെ പ്രധാന വിഷയമായി തുടരുന്നതും ശ്രദ്ധേയമാണ്. ആഗോള പ്രതിഭകൾ അമേരിക്കയുടെ ശക്തി വർധിപ്പിക്കുന്നതിന്റെ ഉദാഹരണങ്ങളാണ് ഹുവാങും സുവും.

സെർജി ബ്രിന്നിന്റെയും ഇലോൺ മസ്‌കിന്റെയും ജീവിതവും അമേരിക്കൻ സാങ്കേതിക വിജയത്തിന്റെ ആഗോള വേരുകൾ വ്യക്തമാക്കുന്നു. മുൻ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന മോസ്കോയിൽ ജനിച്ച ബ്രിൻ കുട്ടിക്കാലത്താണ് അമേരിക്കയിലേക്ക് കുടിയേറിയത്. പിന്നീട് ഗൂഗിൾ സഹസ്ഥാപിച്ച അദ്ദേഹം ലോകം വിവരങ്ങൾ തിരയുകയും ക്രമീകരിക്കുകയും ചെയ്യുന്ന രീതിയിൽ വലിയ മാറ്റമുണ്ടാക്കി. ദക്ഷിണാഫ്രിക്കയിൽ ജനിച്ച മസ്‌ക് പിന്നീട് അമേരിക്കയിലേക്ക് കുടിയേറി പൗരത്വം നേടി. ടെസ്‌ലയിലൂടെയും സ്പേസ് എക്സിലൂടെയും ഇലക്ട്രിക് വാഹനങ്ങൾ, വാണിജ്യ ബഹിരാകാശ യാത്ര, ഉപഗ്രഹ ആശയവിനിമയം എന്നീ മേഖലകളിൽ നിർണായക മാറ്റങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി.

ട്രംപുമായുള്ള മസ്‌കിന്റെ ബന്ധത്തിൽ നേരത്തേ വലിയ തർക്കങ്ങളും പിന്നീട് അനുരഞ്ജനവും ഉണ്ടായിട്ടുണ്ട്. ഇന്ത്യയെയും ഇന്ത്യൻ വ്യവസായ മേഖലയിലെ നേതൃത്വത്തെയും വിമർശിച്ചുകൊണ്ടിരുന്ന ദിവസമാണ് മസ്‌ക് വൈറ്റ് ഹൗസിലെ ചടങ്ങിൽ പങ്കെടുത്തതെന്നതും ശ്രദ്ധേയമായി. സാങ്കേതിക മേഖലയിലെ പ്രമുഖരുമായുള്ള ട്രംപ് ഭരണകൂടത്തിന്റെ ബന്ധം പലപ്പോഴും സങ്കീർണവും നാടകീയവുമാണെന്നതിന്റെ മറ്റൊരു ഉദാഹരണമായി ഈ സംഭവം മാറി.

America First, powered by foreign talent; five of six tech execs honored by Trump were born outside US

More Stories from this section

family-dental
witywide