
ബ്രസൽസ്: ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്കിന് ബദലൊരുക്കാനും അമേരിക്കയുടെ ബഹിരാകാശ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത് കുറയ്ക്കാനുമുള്ള നീക്കവുമായി യൂറോപ്യൻ യൂണിയൻ. ഇതിന്റെ ഭാഗമായി യൂറോപ്പിലെ ഏറ്റവും വലിയ സാറ്റലൈറ്റ് നിർമാണ ഫാക്ടറി ബെൽജിയത്തിൽ ഉദ്ഘാടനം ചെയ്തു. സ്വകാര്യ ബെൽജിയൻ കമ്പനിയായ എയ്‌റോസ്‌പെയ്‌സ്‌ലാബിന്റേതാണ് പുതിയ നിർമാണകേന്ദ്രം.
യൂറോപ്യൻ യൂണിയന്റെ IRIS² സാറ്റലൈറ്റ് പദ്ധതിയുടെ ഭാഗമായാണ് ഫാക്ടറി പ്രവർത്തിക്കുക. പദ്ധതിക്കായി നിശ്ചയിച്ചിട്ടുള്ള 348 ഉപഗ്രഹങ്ങളിൽ 264 എണ്ണം നിർമിക്കാനുള്ള 2.4 ബില്യൺ യൂറോയുടെ കരാർ എയ്‌റോസ്‌പെയ്‌സ്‌ലാബ് സ്വന്തമാക്കിയിട്ടുണ്ട്. നവംബർ 30 മുതൽ കമ്പനി ‘എക്ട്രോ’ (Ectro) എന്ന പേരിൽ റീബ്രാൻഡ് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.
തെക്കൻ ബെൽജിയത്തിൽ 20,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് ഫാക്ടറി ഒരുക്കിയിരിക്കുന്നത്. പ്രതിവർഷം 500 സാറ്റലൈറ്റുകൾ വരെ നിർമിക്കാനുള്ള ശേഷി ഇവിടെയുണ്ടാകും. 2027 ജനുവരിയോടെ ജീവനക്കാർ പുതിയ കേന്ദ്രത്തിലെത്തുമെന്നും 2028 അവസാനത്തോടെ ഉത്പാദനം ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എന്താണ് യൂറോപ്പിന്റെ ലക്ഷ്യം?
2030-ഓടെ യൂറോപ്പിന്റെ പൂർണ നിയന്ത്രണത്തിലുള്ള സുരക്ഷിതമായ സാറ്റലൈറ്റ് കണക്റ്റിവിറ്റി സംവിധാനം ഒരുക്കുകയാണ് യൂറോപ്യൻ യൂണിയന്റെ ലക്ഷ്യം. നിലവിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് രംഗത്ത് സ്റ്റാർലിങ്കിനാണ് വലിയ സാന്നിധ്യമുള്ളത്. ഈ സാഹചര്യത്തിൽ സ്വന്തം ഉപഗ്രഹ ശൃംഖല വികസിപ്പിച്ച് വിദേശ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നത് കുറയ്ക്കാനാണ് യൂറോപ്പിന്റെ ശ്രമം.
വിദൂര പ്രദേശങ്ങളിൽ പോലും ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനൊപ്പം പ്രതിരോധ മേഖലയിലും പുതിയ സംവിധാനം നിർണായകമാകും. യുദ്ധക്കപ്പലുകൾ, യുദ്ധവിമാനങ്ങൾ, മറ്റ് സൈനിക സംവിധാനങ്ങൾ എന്നിവയ്ക്ക് സുരക്ഷിതമായ ആശയവിനിമയ സൗകര്യം ഒരുക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. കരയിലുള്ള ഇന്റർനെറ്റ് ശൃംഖലകൾ തകരാറിലാകുകയോ തടസ്സപ്പെടുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ സർക്കാർ ഏജൻസികൾക്കും സൈന്യത്തിനും ആശയവിനിമയം തുടരാനും ഈ സംവിധാനം സഹായിക്കും.
ഉക്രെയ്ൻ യുദ്ധം നൽകിയ പാഠം
റഷ്യൻ അധിനിവേശത്തിനെതിരെ പ്രതിരോധം തുടരുന്ന ഉക്രെയ്ൻ സൈന്യം സ്റ്റാർലിങ്ക് കണക്റ്റിവിറ്റിയെ ആശ്രയിക്കുന്നുണ്ട്. യുദ്ധസാഹചര്യങ്ങളിൽ സാറ്റലൈറ്റ് ഇന്റർനെറ്റിന്റെ പ്രാധാന്യം ഇതിലൂടെ വ്യക്തമായിരുന്നു.
അതേസമയം, സ്റ്റാർലിങ്ക് സേവനങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾക്കും നയപരമായ തീരുമാനങ്ങൾക്കും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിൽ വലിയ സ്വാധീനമുണ്ടാകാമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. സ്വകാര്യ കമ്പനികളുടെ നിയന്ത്രണത്തിലുള്ള ആശയവിനിമയ സംവിധാനങ്ങളെ പൂർണമായി ആശ്രയിക്കുന്നതിലെ വെല്ലുവിളികൾ യൂറോപ്യൻ രാജ്യങ്ങൾ ഗൗരവമായി പരിഗണിക്കുന്നുണ്ട്.
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളും സ്റ്റാർലിങ്ക് സേവനങ്ങൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിച്ചുവരുന്ന സാഹചര്യത്തിലാണ് യൂറോപ്പിന്റെ പുതിയ നീക്കം. എന്നാൽ സാറ്റലൈറ്റ് ഇന്റർനെറ്റ് രംഗത്ത് സ്റ്റാർലിങ്കിന്റെ നിലവിലെ ആധിപത്യത്തിന് ബദലാകാൻ യൂറോപ്പിന് കൂടുതൽ നിക്ഷേപവും സാങ്കേതിക മുന്നേറ്റവും ആവശ്യമായി വരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.















