വാഷിങ്ടൺ: അമേരിക്കൻ സൈന്യത്തിന്റെ ഏറ്റവും പഴക്കം ചെന്നതും വലുതുമായ ഏകീകൃത കമാൻഡുകളിലൊന്നായ യു.എസ് ഇൻഡോ-പസഫിക് കമാൻഡിന്റെ (USINDOPACOM) പേര് യു.എസ് പസഫിക് കമാൻഡ് എന്നാക്കാൻ അമേരിക്കൻ യുദ്ധ വകുപ്പ്. ഏഴ് പതിറ്റാണ്ടിലേറെയായി ഉപയോഗിച്ചിരുന്ന പഴയ പേരായ (USPACOM) എന്നതിലേക്കാണ് കമാൻഡ് ഔദ്യോഗികമായി മടങ്ങുന്നത്. പസഫിക് മേഖലയിലെ കമാൻഡിൻ്റെ ചരിത്രപരമായ വേരുകളെയും പൈതൃകത്തെയും ബഹുമാനിക്കുന്നതിനാണ് ഈ പുനർനാമകരണം എന്നാണ് അമേരിക്കൻ യുദ്ധ വകുപ്പിൻ്റെ ഔദ്യോഗിക വിശദീകരണം.
അമേരിക്കൻ യുദ്ധ വകുപ്പിൻ്റെ 2018-ലെ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് ആണ് പസഫിക് കമാൻഡിനെ ഇൻഡോ-പസഫിക് കമാൻഡ് എന്ന് മാറ്റിയത്. ഇന്ത്യൻ മഹാസമുദ്ര മേഖലയ്ക്ക് അമേരിക്കൻ പ്രതിരോധ നയതന്ത്രത്തിലുള്ള പ്രാധാന്യം വ്യക്തമാക്കാനായിരുന്നു അന്ന് പേരിൽ ‘ഇൻഡോ’ കൂടി ചേർത്തത്. എന്നാൽ ഈ മാറ്റം തികച്ചും പ്രതീകാത്മകമാണെന്നും കമാൻഡിന്റെ പ്രവർത്തനങ്ങളിലോ ലക്ഷ്യങ്ങളിലോ ഭൂമിശാസ്ത്രപരമായ അധികാര പരിധിയിലോ മാറ്റമുണ്ടാകില്ലെന്നും അമേരിക്കൻ അധികൃതർ വ്യക്തമാക്കുന്നു.
അതേസമയം, പേര് മാറ്റത്തോടൊപ്പം തന്നെ കമാൻഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ തെറ്റായ ഇന്ത്യൻ ഭൂപടം നൽകിയത് വിവാദമായി. കമാൻഡിന്റെ ഉത്തരവാദിത്വ മേഖലകളെ കുറിച്ചുള്ള മാപ്പിൽ പാക് അധിനിവേശ കശ്മീരിനെ പാകിസ്‌താൻ്റെ ഭാഗമായാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ ഭൗമപരമായ താൽപ്പര്യങ്ങളെ ഹനിക്കുന്ന ഇത്തരമൊരു നീക്കം നയതന്ത്ര തലത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് തിരി തെളിച്ചിട്ടുണ്ട്.
കൂടാതെ, ഇന്ത്യയെ സംബന്ധിച്ചിടത്തോളം അമേരിക്കയുമായുള്ള പ്രതിരോധ സഹകരണം ശക്തമാക്കുന്നതിലെ പ്രധാന കണ്ണിയായിരുന്നു ഇൻഡോ-പസഫിക് കമാൻഡ്. സംയുക്ത സൈനികാഭ്യാസങ്ങൾ, സമുദ്ര സുരക്ഷാ ഏകോപനം, വിവരങ്ങൾ പങ്കിടൽ എന്നിവയിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക ബന്ധം ഈ കമാൻഡിന് കീഴിൽ ഗണ്യമായി വർദ്ധിച്ചിരുന്നു. അതിനാൽ തന്നെ കമാൻഡിൻ്റെ പേരിൽ നിന്ന് ഇന്ത്യയെ സൂചിപ്പിക്കുന്ന ‘ഇൻഡോ’ ഒഴിവാക്കുന്നത് തന്ത്രപരമായ ബന്ധത്തെ ബാധിക്കുമോ എന്ന ആശങ്കകൾ ഉയരുന്നുണ്ട്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏഷ്യൻ സുരക്ഷാ ക്രമീകരണങ്ങളിലും കൊറിയൻ യുദ്ധം, വിയറ്റ്നാം യുദ്ധം എന്നിവയിലും നിർണ്ണായക പങ്ക് വഹിച്ച ഈ കമാൻഡ് 1947 ജനുവരി 1-ന് പ്രസിഡൻ്റ് ഹാരി എസ്. ട്രൂമാന്റെ ഭരണകാലത്താണ് സ്ഥാപിതമായത്. ഹവായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ വിഭാഗത്തിന് പസഫിക് സമുദ്രം മുതൽ ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തി വരെയുള്ള മേഖലയുടെ ചുമതലയാണുള്ളത്.
വിഷയത്തിൽ, അമേരിക്കയുടെ ഈ തീരുമാനത്തെ കോൺഗ്രസ് എംപി ശശി തരൂർ സോഷ്യൽ മീഡിയയിലൂടെ പരിഹസിച്ചു. “ക്വാഡിന്റെ (Quad) ശവപ്പെട്ടിയിലെ മറ്റൊരു ആണി കൂടിയോ?” എന്നാണ് അദ്ദേഹം ചോദിച്ചത്. അമേരിക്കയുടെ ഇൻഡോ-പസഫിക് തന്ത്രങ്ങളിലും ക്വാഡ് പോലുള്ള കൂട്ടായ്മകളിലും ഉണ്ടാകാൻ പോകുന്ന മാറ്റങ്ങളുടെ സൂചനയാണോ ഇതെന്ന് തരൂർ ഉൾപ്പെടെയുള്ള നിരീക്ഷകർ സംശയിക്കുന്നു. എങ്കിലും ഈ മാറ്റം കേവലം നാമകരണത്തിൽ മാത്രമാണെന്നും കമാൻഡിൻ്റെ ഘടനയിലോ മേഖലയോടുള്ള പ്രതിബദ്ധതയിലോ മാറ്റമുണ്ടാകില്ലെന്നും സ്വതന്ത്രവും തുറന്നതുമായ സമുദ്ര മേഖലയ്ക്കായി സഖ്യകക്ഷികളുമായുള്ള സഹകരണം തുടരുമെന്നും യു.എസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
America’s Indo-Pacific Command is now the old ‘Pacific Command’; Wrong Indian map on website, occupied Kashmir is for Pakistan












