
വാഷിംഗ്ടൺ: എഴുത്തുകാരിയും കോളമിസ്റ്റുമായ ഇ. ജീൻ കരോൾ നൽകിയ അപകീർത്തി-ലൈംഗികാതിക്രമ കേസിൽ നൽകേണ്ട 50 ലക്ഷം ഡോളറിന്‍റെ (ഏകദേശം 41 കോടിയിലധികം രൂപ) നഷ്ടപരിഹാരം ചോദ്യം ചെയ്തുള്ള മുൻ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പുനഃപരിശോധനാ ഹർജി അമേരിക്കൻ സുപ്രീം കോടതി തള്ളി. ഇതോടെ ഈ കേസിൽ വിധി തിരുത്താനുള്ള ട്രംപിന്റെ നിയമപരമായ അവസാന വാതിലും അടഞ്ഞു.
ഹർജി തള്ളിയതിന് പ്രത്യേക വിശദീകരണങ്ങളൊന്നും കോടതി നൽകിയിട്ടില്ല. കേസിൽ വീണ്ടും വാദം കേൾക്കണമെന്ന ഹർജികൾ 1960-കൾക്ക് ശേഷം യുഎസ് സുപ്രീം കോടതി സ്വീകരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ട്രംപിൽ നിന്ന് വിധിക്കപ്പെട്ട നഷ്ടപരിഹാരത്തുക ഇ. ജീൻ കരോളിന്റെ അഭിഭാഷകർക്ക് ജൂലൈ മാസത്തിൽ കൈമാറിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
1990-കളിൽ മാൻഹട്ടനിലെ ഡിപ്പാർട്ട്‌മെന്‍റ് സ്റ്റോറിലെ ഡ്രസ്സിങ് റൂമിൽ വെച്ച് ജീൻ കരോളിനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണത്തിലും, 2022-ൽ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആരോപണങ്ങൾ വ്യാജമാണെന്ന് കാണിച്ച് അപകീർത്തിപ്പെടുത്തിയെന്ന കേസിലും 2023-ലാണ് ജൂറി ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
അതേസമയം, 2019-ൽ നടത്തിയ സമാനമായ പ്രസ്താവനകളുടെ പേരിൽ 8.33 കോടി ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട മറ്റൊരു കേസിലെ അപ്പീൽ ഹർജി നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. അന്നത്തെ പ്രസ്താവനകൾ താൻ പ്രസിഡന്റായിരുന്നപ്പോൾ നടത്തിയ ഔദ്യോഗിക പ്രതികരണങ്ങളാണെന്നും അതിനാൽ തനിക്ക് നിയമപരമായ പരിരക്ഷയുണ്ടെന്നുമാണ് ട്രംപ് വാദിക്കുന്നത്. ഈ ഹർജി കോടതി ഫയലിൽ സ്വീകരിക്കണമോ എന്ന കാര്യം ഈ വർഷം അവസാനത്തോടെ തീരുമാനിച്ചേക്കും.















