ദക്ഷിണ ചൈനാ കടലിൽ യുഎസ് യുദ്ധക്കപ്പലിൽ പവർ ഓഫ്; നാലുദിവസം വൈദ്യുതിയും എസിയും ടോയ്‌ലറ്റ് സൗകര്യങ്ങളും നിലച്ചു, ഉറച്ച മനസോടെ നേരിട്ട് നാവികർ

വാഷിംഗ്ടൺ: ദക്ഷിണ ചൈനാ കടലിൽ പട്രോളിംഗ് നടത്തുകയായിരുന്ന യുഎസ് നാവികസേനയുടെ ഗൈഡഡ് മിസൈൽ ഡിസ്ട്രോയറായ ‘യുഎസ്എസ് ബെൻഫോൾഡ്’ എഞ്ചിൻ തകരാറിനെ തുടർന്ന് ജനറേറ്ററുകളുടെ പ്രവർത്തനം നിലച്ച് കടലിൽ കുടുങ്ങി. കടുത്ത ചൂടിനിടയിൽ നാല് ദിവസത്തോളമാണ് എയർ കണ്ടീഷണർ, കുടിവെള്ളം, ടോയ്‌ലറ്റ്, പാചകപ്പുര (ഗാലി) തുടങ്ങിയ പ്രാഥമിക സൗകര്യങ്ങൾ പോലും ലഭിക്കാതെ യുദ്ധക്കപ്പലിലെ നാവികർക്ക് കഴിയേണ്ടി വന്നത്.

യൂഎസ് നാവികസേനയുടെ ഏഴാം ഫ്ലീറ്റ് വക്താവ് കമാൻഡർ മാത്യു കോമർ സിഎൻഎന്നിന് നൽകിയ പ്രസ്താവനയിലാണ് സംഭവം സ്ഥിരീകരിച്ചത്. ജൂലൈ 24-നായിരുന്നു കേടുപാടുകൾ സംഭവിച്ചത്. കപ്പലിന്റെ ജനറേറ്ററുകൾക്കുണ്ടായ സാങ്കേതിക തകരാറാണ് വൈദ്യുതബന്ധം പൂർണ്ണമായും നിലയ്ക്കാൻ കാരണമായത്. കപ്പലിന്റെ സഞ്ചാരശേഷിയും ഇതോടെ തടസ്സപ്പെട്ടു.

മധ്യപൂർവേഷ്യൻ മേഖലയിലെയും മിഡിൽ ഈസ്റ്റിലെയും യുദ്ധസാഹചര്യങ്ങൾ കാരണം യുഎസ് നാവികസേന നേരിടുന്ന അമിത ജോലിഭാരത്തിന്റെയും കടുത്ത സമ്മർദ്ദത്തിന്റെയും പശ്ചാത്തലത്തിലാണ് ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മുൻപ് യുഎസ്എസ് അബ്രഹാം ലിങ്കൺ എന്ന യുദ്ധക്കപ്പലിൽ തുടർച്ചയായി 200 ദിവസത്തോളം വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വന്നതിനെ തുടർന്ന് നാവികരിൽ മാനസിക സമ്മർദ്ദവും നിരാശയും വർദ്ധിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. അതേസമയം പ്രതികൂല സാഹചര്യത്തിലും ജീവനക്കാർ എടുത്തുപറയേണ്ട ക്ഷമയും പ്രൊഫഷണലിസവുമാണ് പ്രകടിപ്പിച്ചതെന്നും ആർക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും ഏഴാം ഫ്ലീറ്റ് വക്താവ് വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

More Stories from this section

family-dental
witywide