നെതന്യാഹുവുമായി ജറെഡ് കുഷ്‌നറുടെ നിർണായക കൂടിക്കാഴ്ച, എന്നിട്ടും വഴങ്ങാതെ ഇസ്രായേൽ; വിട്ടുവീഴ്ചകൾക്കില്ലെന്ന് വ്യക്തമാക്കി

ജറൂസലം: ഗാസയിലെ വെടിനിർത്തലിനായി യുഎസ് പിന്തുണയോടെ തയ്യാറാക്കിയ സമാധാന പദ്ധതിയുമായി മുന്നോട്ടുപോകാനും തടസ്സങ്ങൾ സൃഷ്ടിക്കരുതെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ട് യുഎസ് പ്രതിനിധി ജറെഡ് കുഷ്‌നർ. നാല് മണിക്കൂറിലേറെ നീണ്ട ഉയർന്ന തലത്തിലുള്ള കൂടിക്കാഴ്ചയിലാണ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച പദ്ധതി നടപ്പിലാക്കാൻ കുഷ്‌നർ സമ്മർദ്ദം ശക്തമാക്കിയത്.

എന്നാൽ ഒക്ടോബർ അവസാന വാരം നടക്കാനിരിക്കുന്ന ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പദ്ധതിയുമായി മുന്നോട്ടുപോകുന്നത് സങ്കീർണ്ണമാണെന്ന നിലപാടിൽ നെതന്യാഹു ഉറച്ചുനിൽക്കുകയാണ്.വലതുപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിടുന്ന നെതന്യാഹു, തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഗാസ വിഷയത്തിൽ യാതൊരുവിധ വിട്ടുവീഴ്ചകൾക്കും തയ്യാറല്ലെന്ന വ്യക്തമായ സൂചനയാണ് നൽകുന്നത്. സമാധാന നീക്കങ്ങളിൽ ഇസ്രായേൽ വിട്ടുവീഴ്ച ചെയ്യുന്നതിന് പകരം ഹമാസാണ് ആദ്യം നടപടികൾ സ്വീകരിക്കേണ്ടതെന്ന് കുഷ്‌നറുമായും ബോർഡ് ഓഫ് പീസ് ഡയറക്ടർ നിക്കോളായ് മ്ലാഡെനോവുമായും നടത്തിയ ചർച്ചയിൽ നെതന്യാഹു വ്യക്തമാക്കി.

അതിനിടെ ഞായറാഴ്ച ഈജിപ്തിൽ വെച്ച് യുഎസ് പ്രതിനിധികൾ ഹമാസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗാസയിൽ നിന്ന് ഇസ്രായേലി സൈന്യത്തെ പിൻവലിക്കുന്നതിന് മുമ്പ് ഹമാസ് പൂർണ്ണമായും ആയുധം വെച്ചു കീഴടങ്ങണമെന്നാണ് നെതന്യാഹുവിന്റെ പ്രധാന നിബന്ധന. എന്നാൽ ഇസ്രായേലി സേനയെ ഘട്ടഘട്ടമായി പിൻവലിക്കുന്നതിനൊപ്പം മാത്രമേ ആയുധങ്ങൾ ഉപേക്ഷിക്കൂ എന്ന നിലപാടിൽ ഹമാസും ഉറച്ചുനിൽക്കുന്നു. ഇരുവിഭാഗങ്ങളും തങ്ങളുടെ നിബന്ധനകളിൽ അയവുവരുത്താത്തത് ട്രംപിന്റെ സമാധാന ദൗത്യത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

More Stories from this section

family-dental
witywide