തടസം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് ട്രംപിന്‍റെ കടുത്ത ഭീഷണി; അമേരിക്കയുടെ നീക്കങ്ങളിൽ ഇടപെടരുതെന്ന് ഭീഷണി

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട അമേരിക്കയുടെ നീക്കങ്ങളിൽ ഇടപെട്ടാൽ ഒമാനെ ആക്രമിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കടുത്ത ഭീഷണി. ഇറാനുമായുള്ള സംഘർഷം തുടരുന്നതിനിടയിലും, യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സമാധാന ചർച്ചകളുടെ സമയപരിധി കൃത്യമായ തീരുമാനങ്ങളില്ലാതെ അവസാനിച്ചതിനും പിന്നാലെയാണ് ട്രംപിന്റെ ഈ മുന്നറിയിപ്പ്.

‘ഒമാൻ ഞങ്ങൾക്ക് തടസ്സം നിന്നാൽ, അവരെ ഞങ്ങൾ ബോംബിട്ട് തകർക്കും’ എന്ന് ഫോക്സ് ന്യൂസിലെ ട്രേ യിങ്സ്റ്റിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ട്രംപ് തുറന്നടിച്ചു. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾക്കായി കഴിഞ്ഞ ജൂണിൽ അനുവദിച്ച അറുപത് ദിവസത്തെ സമയപരിധി തിങ്കളാഴ്ചയാണ് അവസാനിച്ചത്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള യാതൊരുവിധ തുടർനടപടികളും ഇതിനിടെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. അതേസമയം, ഹോർമുസ് കടലിടുക്ക് വിഷയത്തിൽ ഒമാനുമായി നടത്തുന്ന ചർച്ചകൾ സങ്കീർണ്ണമാണെങ്കിലും അത് തുടരുകയാണെന്ന് ഇറാൻ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.

അമേരിക്കയുടെ അടുത്ത സഖ്യരാജ്യമായ ഒമാനെതിരെ ട്രംപ് ഭീഷണി മുഴക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ മേയിൽ നടന്ന ഒരു ക്യാബിനറ്റ് യോഗത്തിലും അദ്ദേഹം സമാനമായ പരാമർശം നടത്തിയിരുന്നു. ‘മറ്റെല്ലാവരെയും പോലെ ഒമാനും മര്യാദയ്ക്ക് പെരുമാറണം, അല്ലാത്തപക്ഷം അവരെയും ഞങ്ങൾക്ക് തകർക്കേണ്ടി വരും’ എന്നായിരുന്നു അന്നത്തെ ഭീഷണി.

ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി (ഐആർജിസി) തന്റെ ഭരണകൂടം അനൗദ്യോഗികമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് ഫോക്സ് ന്യൂസിനോട് ട്രംപ് സ്ഥിരീകരിച്ചു. എന്നാൽ അവരുമായി ഒരു കരാറിലെത്താൻ തനിക്ക് യാതൊരു ധൃതിയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘അവർ മികച്ച പോക്കർ കളിക്കാരാണ്, എന്നാൽ അവർ ഇപ്പോൾ തകർച്ചയുടെ വക്കിലാണ്. എനിക്ക് കൃത്യമായ സമയക്രമങ്ങളില്ല, ഞാൻ യാതൊരു ധൃതിയിലുമല്ല’- ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം, ഒമാനെതിരായ പ്രസിഡന്റിന്റെ ഭീഷണിയെക്കുറിച്ച് ഔദ്യോഗിക പ്രതികരണം തേടി സിഎൻഎൻ വൈറ്റ് ഹൗസിനെ സമീപിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide