
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സൈനിക സാന്നിധ്യം ശക്തമാക്കി അമേരിക്ക. മേഖലയിലേക്ക് മൂന്നാമതൊരു വിമാനവാഹിനിക്കപ്പലിനെയും ആയിരക്കണക്കിന് സൈനികരെയും വിന്യസിക്കാൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. 2003-ലെ ഇറാഖ് യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ നാവിക വിന്യാസത്തിനാണ് നിലവിൽ മിഡിൽ ഈസ്റ്റ് സാക്ഷ്യം വഹിക്കുന്നത്.
യുഎസ്എസ് ജോർജ്ജ് എച്ച് ഡബ്ല്യു ബുഷ് എന്ന വിമാനവാഹിനിക്കപ്പലും മൂന്ന് ഡിസ്ട്രോയറുകളുമാണ് പുതുതായി മേഖലയിലേക്ക് തിരിക്കുന്നത്. ഇതോടെ 5,000 അധിക സൈനികർ കൂടി പശ്ചിമേഷ്യയിലെത്തും. ഇതിന് പുറമെ യുഎസ്എസ് ട്രിപ്പോളി, യുഎസ്എസ് ബോക്സർ എന്നീ അത്യാധുനിക കപ്പലുകളും നിലവിൽ മേഖലയിൽ നിലയുറപ്പിച്ചിട്ടുണ്ട്.
നാവിക സേനയ്ക്ക് പുറമെ കരയുദ്ധത്തിന് പ്രത്യേക പരിശീലനം ലഭിച്ച പതിനായിരത്തോളം സൈനികരെയും പെൻ്റഗൺ അയയ്ക്കുന്നുണ്ട്. വിഖ്യാതമായ 82-ാം എയർബോൺ ഡിവിഷൻ, മറൈൻ എക്സ്പെഡിഷണറി യൂണിറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഏത് സാഹചര്യവും നേരിടാൻ സജ്ജമായാണ് ഈ വിന്യാസമെന്ന് സൈനിക വൃത്തങ്ങൾ സൂചിപ്പിച്ചു.
ഇറാനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നടപടിയിലേക്ക് നീങ്ങാൻ അമേരിക്ക മടിക്കില്ലെന്ന സൂചനയാണ് ട്രംപ് നൽകുന്നത്. “ഞങ്ങൾ സജ്ജമാണ്” എന്ന് പ്രഖ്യാപിച്ച ട്രംപ്, നയതന്ത്ര ചർച്ചകൾക്ക് അവസാന വട്ട അവസരം നൽകുന്നുണ്ടെങ്കിലും സൈനിക നീക്കത്തിനുള്ള സാധ്യതകൾ സജീവമായി നിലനിർത്തുകയാണ്. ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിൽ ഇറാനെ പ്രതിരോധത്തിലാക്കുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യം. ടെഹ്‌റാനുമേൽ പരമാവധി സമ്മർദ്ദം ചെലുത്താനും ആവശ്യമെങ്കിൽ മിന്നൽ ആക്രമണങ്ങൾ നടത്താനും ഈ പുതിയ സൈനിക വിന്യാസം വാഷിംഗ്ടണിന് കരുത്തേകും.
America’s massive military buildup against Iran: 5000 troops and 3 aircraft carriers to the Middle East; Biggest move since the Iraq War













