ആകാശത്തെ ചോരക്കളി; 174 ജീവൻ കാത്ത ഇന്ത്യൻ പൈലറ്റിനെ തുടർചികിത്സയ്ക്കായി ദുബായിലേക്ക് മാറ്റി, അടിയന്തര ശസ്ത്രക്രിയ വിജയകരം

ദുബായ് / റിയാദ്: പറന്നുയർന്ന വിമാനത്തിൽ സഹപൈലറ്റിന്റെ മാരകമായ കത്തിക്കുത്തിനിരയായിട്ടും അസാമാന്യ ധീരതയോടെ 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത്ത് മച്ഛാറിനെ തുടർചികിത്സയ്ക്കായി ദുബായിലേക്ക് മാറ്റി. സൗദി അറേബ്യയിലെ തബൂക്കിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ഇദ്ദേഹത്തെ പ്രത്യേക എയർ ആംബുലൻസിലാണ് ദുബായിൽ എത്തിച്ചത്. അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം മുംബൈ സ്വദേശിയായ ക്യാപ്റ്റൻ സ്മിത്ത് നിലവിൽ ആരോഗ്യവാനായിരിക്കുന്നുവെന്ന് യുഎഇയിലെ ഇന്ത്യൻ എംബസി അറിയിച്ചു. മച്ഛാറിന്റെ കുടുംബാംഗങ്ങൾ ഒപ്പമുണ്ട്. കുടുംബത്തെ ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തലും ദുബായിലെ കോൺസൽ ജനറൽ ഡോ. വിഷ്ണുവർധന റെഡ്ഡിയും സന്ദർശിച്ചു.

കഴിഞ്ഞ ദിവസമാണ് രാജ്യാന്തര തലത്തിൽ വലിയ ചർച്ചയായ ഈ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ദുബായിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് 174 യാത്രക്കാരുമായി പറന്ന ഫ്ലൈദുബായുടെ FZ1073 ബോയിങ് വിമാനത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വിമാനം ആകാശത്തായിരിക്കെ കോക്ക്പിറ്റിലുണ്ടായിരുന്ന ഒമാൻ സ്വദേശിയായ സഹപൈലറ്റ് ക്യാപ്റ്റൻ സ്മിത്തിനെ പെട്ടെന്ന് കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. മാരകമായി പരിക്കേൽപ്പിച്ച ശേഷം വിമാനം തകർക്കുകയെന്ന ലക്ഷ്യത്തോടെ സഹപൈലറ്റ് നിയന്ത്രണങ്ങൾ മാറ്റിയതിനെ തുടർന്ന് വിമാനം പെട്ടെന്ന് 14,000 അടിയോളം താഴേക്ക് പതിച്ചു.

എന്നാൽ, രക്തത്തിൽ കുളിച്ചു കിടക്കുമ്പോഴും മനസ്സാന്നിധ്യം വീണ്ടെടുത്ത ക്യാപ്റ്റൻ സ്മിത്ത് കോക്ക്പിറ്റിന്റെ ലോക്ക് റിലീസ് ചെയ്യാനുള്ള ബട്ടൺ അമർത്തുകയായിരുന്നു. ഇതോടെ വിമാന ജീവനക്കാരും ഒരു യാത്രക്കാരനും കോക്ക്പിറ്റിലേക്ക് ഇരച്ചുകയറുകയും അക്രമിയായ സഹപൈലറ്റിനെ കീഴ്പ്പെടുത്തുകയും ചെയ്തു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ അവസ്ഥയിലും ക്യാപ്റ്റൻ സ്മിത്ത് വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചു. റിസർവ് പൈലറ്റ് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു.

വലിയൊരു വിമാനദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത്ത് മച്ഛാറിനെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഫോണിൽ വിളിച്ച് അഭിനന്ദിക്കുകയും ‘യഥാർത്ഥ ഹീറോ’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. മുൻപ് ഇന്ത്യയിൽ സ്പൈസ് ജെറ്റ് പൈലറ്റായിരുന്ന സ്മിത്ത്, 2022-ലാണ് ഫ്ലൈദുബായിൽ ചേർന്നത്. അക്രമിയായ ഒമാനി പൈലറ്റിന്റെ ലക്ഷ്യത്തെക്കുറിച്ച് സൗദി-യുഎഇ സുരക്ഷാ ഏജൻസികൾ സംയുക്തമായി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Indian pilot who saved 174 lives shifted to Dubai for further treatment following emergency surgery.

More Stories from this section

family-dental
witywide