ലോസ് ആഞ്ചലസ്: കോട്ടയം സ്വദേശിയും ഇന്ത്യൻ വംശജനുമായ ഡിസൈൻ വിദഗ്ധൻ അനിജോ മാത്യു അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയയുടെ (USC) ജിമ്മി അയോവിൻ ആൻഡ് യങ് അക്കാദമിയുടെ പുതിയ ഡീനായി ചുമതലയേറ്റു. 2026 ജൂണിൽ നിയമിതനായ മാത്യു ഈ മാസം ഔദ്യോഗികമായി ചുമതലയേറ്റു. ഡിസൈൻ, സാങ്കേതികവിദ്യ, നവീകരണം, സംരംഭകത്വം, ഉന്നത വിദ്യാഭ്യാസം എന്നീ മേഖലകളിൽ അന്താരാഷ്ട്ര തലത്തിലുള്ള അനുഭവസമ്പത്തുമായാണ് മാത്യു പുതിയ ചുമതലയിലെത്തുന്നത്.
ഷിക്കാഗോയിലെ ഇല്ലിനോയിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ഡീനും പ്രൊഫസറുമായിരുന്നു മാത്യു. 2008ൽ അസിസ്റ്റന്റ് പ്രൊഫസറായി സ്ഥാപനത്തിൽ ചേർന്ന അദ്ദേഹം 2022ൽ ഡീനായി.
കേരളത്തിലെ കോട്ടയത്ത് ജനിച്ച അനിജോ മാത്യു ബാല്യകാലം ഒമാനിലാണ് ചെലവഴിച്ചത്. റാഞ്ചിയിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മെസ്രയിൽ നിന്ന് ആർക്കിടെക്ചറിൽ ബിരുദം നേടി. ബ്രിട്ടനിലെ ദി ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിസൈൻ കംപ്യൂട്ടിങ്ങിൽ പിഎച്ച്ഡിയും ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ഡിസൈനിൽ നിന്ന് ഡിസൈൻ സ്റ്റഡീസിൽ മാസ്റ്റർ ബിരുദവും നേടി.
ഹാർവാർഡ് ബിസിനസ് സ്കൂൾ, യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ ബൂത്ത് സ്കൂൾ ഓഫ് ബിസിനസ്, ഇല്ലിനോയിസ് ടെക്കിന്റെ സ്റ്റുവർട്ട് സ്കൂൾ ഓഫ് ബിസിനസ് എന്നിവിടങ്ങളിലും അദ്ദേഹം അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. 2019 മുതൽ 2021 വരെ ഷാർജയിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ ആർട്ട് ആൻഡ് ഡിസൈൻ വിഭാഗം മേധാവിയായും സേവനമനുഷ്ഠിച്ചു. USC പ്രസിഡന്റ് ബിയോങ്-സൂ കിം മാത്യുവിനെ ദീർഘവീക്ഷണമുള്ള ഗവേഷകനും സംരംഭകനും വിദ്യാഭ്യാസ നേതാവുമായി വിശേഷിപ്പിച്ചു.
സാങ്കേതികവിദ്യ, ഡിസൈൻ, ബിസിനസ് എന്നിവ സംയോജിപ്പിച്ച് വിവിധ മേഖലകളിൽ നവീകരണത്തിന് നേതൃത്വം നൽകുകയാണ് USC ഐവിൻ-യങ് അക്കാദമിയുടെ ലക്ഷ്യം. പ്രോജക്ട് അധിഷ്ഠിത പഠനരീതിയിലൂടെ വിദ്യാർഥികളും അധ്യാപകരും സാമൂഹികവും സംഘടനാപരവുമായ വിവിധ വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുന്നു. IYA ഇപ്പോഴും വളർച്ചയുടെ ആദ്യഘട്ടത്തിലാണ്. മുന്നോട്ടുള്ള പാത എങ്ങനെയായിരിക്കണമെന്ന് പുനർവിചിന്തനം ചെയ്യാനുള്ള വലിയ അവസരമാണിതെന്നും മാത്യു പറഞ്ഞു.
അക്കാദമിയെ മുഴുവൻ സർവകലാശാലയ്ക്കുമുള്ള നവീകരണത്തിന്റെ എൻജിൻ ആക്കി മാറ്റുകയാണ് ലക്ഷ്യമെന്നും USCയിലെ മറ്റ് 22 പ്രൊഫഷണൽ സ്കൂളുകളുമായും അക്കാദമിക് വിഭാഗങ്ങളുമായും കൂടുതൽ ശക്തമായ സഹകരണം രൂപപ്പെടുത്താനും ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ, ഇന്ത്യയിലെ ഗോദ്റെജ് ആൻഡ് ബോയ്സ്, തായ്‌വാനിലെ ഫാർ ഈസ്റ്റേൺ ഗ്രൂപ്പ്, യുഎഇയിലെ ഫിനാബ്ലർ തുടങ്ങിയ സ്ഥാപനങ്ങളുമായും മാത്യു പ്രവർത്തിച്ചിട്ടുണ്ട്. തന്ത്രപരമായ നവീകരണ പദ്ധതികളിൽ വിവിധ സ്ഥാപനങ്ങളുടെ മുതിർന്ന നേതൃത്വത്തിന് അദ്ദേഹം ഉപദേശം നൽകിയിട്ടുണ്ട്. 2015ൽ ഷിക്കാഗോ ആസ്ഥാനമായി Vamonde എന്ന സംരംഭത്തിനും അദ്ദേഹം തുടക്കമിട്ടു. നിലവിൽ 50ലധികം നഗരങ്ങളിൽ ഈ സംരംഭം പ്രവർത്തിക്കുന്നു.
ഇല്ലിനോയിസ് ടെക്കിൽ 2008 മുതൽ ഡിസൈൻ മേഖലയിൽ നേതാവ്, അധ്യാപകൻ, വക്താവ് എന്നീ നിലകളിൽ മാത്യു നൽകിയ സംഭാവനകളെ സർവകലാശാല അധികൃതർ പ്രശംസിച്ചു. ഡീനെന്ന നിലയിൽ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിനെ സജ്ജമാക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചതായും അധികൃതർ വ്യക്തമാക്കി.
Anijo Mathew is new USC Iovine and Young Academy dean










