പ്ലേഗ് ബാധയെന്ന് സംശയം: റഷ്യയിലേക്ക് യാത്രാവിലക്കുമായി അമേരിക്ക, പൗരന്മാർ അടിയന്തരമായി രാജ്യം വിടാൻ നിർദേശം, പുടിനുമായി സംസാരിക്കാൻ ട്രംപ്

മോസ്കോ: സൈബീരിയയിൽ ലബോറട്ടറി ജീവനക്കാരി പ്നിമോണിക് പ്ലേഗ് (ശ്വാസകോശത്തെ ബാധിക്കുന്ന പ്ലേഗ്) ബാധിച്ചു മരിച്ചതായി സംശയിക്കുന്ന സാഹചര്യത്തിൽ റഷ്യയിലേക്ക് യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട് കടുത്ത ജാഗ്രതാ നിർദ്ദേശവുമായി അമേരിക്ക. നിലവിൽ റഷ്യയിലുള്ള തങ്ങളുടെ പൗരന്മാരോട് അടിയന്തരമായി രാജ്യം വിടാൻ മോസ്കോയിലെ യുഎസ് എംബസി ആവശ്യപ്പെട്ടു.

സൈബീരിയയിലെ ‘ഇർകുത്സ്ക് റിസർച്ച് ആന്റി-പ്ലേഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ’ 28 കാരിയായ ലബോറട്ടറി ടെക്നീഷ്യൻ ദര്യ ഷിപിലോവ കഴിഞ്ഞ ആഴ്ച മരണപ്പെട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ലബോറട്ടറിയിൽ നിന്ന് മാരകമായ പ്ലേഗ് രോഗാണുക്കൾ പുറത്തുപോയിട്ടുണ്ടാകാമെന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. പ്രദേശത്ത് നിലവിൽ കടുത്ത സുരക്ഷാ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

വിഷയത്തിൽ അതീവ ആശങ്കയുണ്ടെന്നും റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി ഫോണിൽ സംസാരിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. അമേരിക്ക ഈ സാഹചര്യത്തെ അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. പ്ലേഗ് ചോർച്ചയെക്കുറിച്ച് ലഭ്യമായ വിവരങ്ങൾ പങ്കുവെക്കാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ റഷ്യൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബാധിക്കപ്പെട്ട പ്രദേശങ്ങളിലുള്ള അമേരിക്കൻ പൗരന്മാർ പ്രാദേശിക ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും പനിയോ ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളോ ഉണ്ടായാൽ ഉടൻ ചികിത്സ തേടണമെന്നും യുഎസ് എംബസി പ്രസ്താവനയിൽ അറിയിച്ചു. തലസ്ഥാനമായ മോസ്കോയ്ക്ക് പുറത്തുള്ള പൗരന്മാരെ സഹായിക്കാൻ യുഎസ് ഭരണകൂടത്തിന് പരിമിതമായ സൗകര്യങ്ങൾ മാത്രമാണുള്ളതെന്നും എംബസി ഓർമ്മിപ്പിച്ചു.

സുരക്ഷാ പ്രശ്നങ്ങളും തെറ്റായ രീതിയിൽ തടങ്കലിൽ വെക്കപ്പെടാനുള്ള സാധ്യതയും മുൻനിർത്തി റഷ്യയെ അമേരിക്ക നേരത്തെ തന്നെ ‘ലെവൽ 4’ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ സാഹചര്യത്തിൽ റഷ്യയിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്നാണ് നിർദ്ദേശം.

യുവതിയുടെ മരണത്തെ തുടർന്ന് സൈബീരിയയിൽ ഇരുന്നൂറോളം പേരെ ക്വാറന്റീനിലാക്കി മെഡിക്കൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ യുവതിയുടെ മരണകാരണം “കാരണം വ്യക്തമല്ലാത്ത ന്യുമോണിയ” ആണെന്നാണ് റഷ്യൻ ഉപഭോക്തൃ ക്ഷേമ വകുപ്പിന്റെ ഔദ്യോഗിക വിശദീകരണം.

അതേസമയം, മരണത്തിലേക്ക് നയിച്ച കടുത്ത ന്യുമോണിയയെക്കുറിച്ചും രോഗകാരിയെക്കുറിച്ചും റഷ്യയോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന (WHO) ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അറിയിച്ചു. സമാനമായ ലക്ഷണങ്ങളോടെ രണ്ടാമതൊരു ലബോറട്ടറി ജീവനക്കാരനെക്കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളെക്കുറിച്ചും ലോകാരോഗ്യ സംഘടന അന്വേഷിച്ചുവരികയാണ്.

Suspected plague outbreak: US imposes travel ban on Russia; Trump to speak with Putin.

More Stories from this section

family-dental
witywide