
ന്യൂഡൽഹി: ആഗോള ഇ-കൊമേഴ്സ് ഭീമന്മാരായ ആമസോൺ തങ്ങളുടെ ഡിവൈസസ് ആൻഡ് സർവീസസ് വിഭാഗത്തിൽ നിന്നും 250 ജീവനക്കാരെക്കൂടി പിരിച്ചുവിട്ടു. പുതിയ കിൻഡിൽ ഇ-റീഡറുകളും ടാബ്ലെറ്റുകളും വിപണിയിലിറക്കി ആഴ്ചകൾ തികയും മുൻപാണ് കമ്പനിയുടെ ഈ അപ്രതീക്ഷിത നടപടി. വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ അന്വേഷണത്തെത്തുടർന്ന് ആമസോൺ വക്താവ് പിരിച്ചുവിടൽ സ്ഥിരീകരിച്ചു.
കൂടുതൽ കാര്യക്ഷമമായി മുന്നോട്ടുപോകുന്നതിനും കമ്പനിയുടെ ഭാവി പദ്ധതികൾക്ക് അനുസൃതമായി ഘടന ക്രമീകരിക്കുന്നതിനുമാണ് ഈ കഠിനമായ തീരുമാനമെടുത്തതെന്നാണ് കമ്പനിയുടെ ഔദ്യോഗിക വിശദീകരണം. സോഫ്റ്റ്വെയർ ഡെവലപ്മെന്റ് വിഭാഗത്തിലുള്ളവരെയാണ് ഈ പിരിച്ചുവിടൽ പ്രധാനമായും ബാധിച്ചിരിക്കുന്നത്.
കമ്പനിയുടെ പതിവുശൈലിയിൽ ബുധനാഴ്ച പുലർച്ചെ ജീവനക്കാർക്ക് ലഭിച്ച ഇമെയിലുകളിലൂടെയും സന്ദേശങ്ങളിലൂടെയുമാണ് ജോലി നഷ്ടപ്പെട്ട വിവരം അധികൃതർ അറിയിച്ചത്. കമ്പനിയുടെ ഘടനയെക്കുറിച്ച് നടത്തിയ സമഗ്രമായ പുനഃപരിശോധനയുടെ ഭാഗമായാണ് ഈ നടപടിയെന്ന് ഡിവൈസസ് ആൻഡ് സർവീസസ് എച്ച്.ആർ വൈസ് പ്രസിഡന്റ് ചെറി റോബിൻസൺ ജീവനക്കാർക്കയച്ച കത്തിൽ വ്യക്തമാക്കുന്നു.
ഇന്ത്യയിൽ ‘ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ’ വിൽപ്പന സജീവമായി നടക്കുന്നതിനിടയിലാണ് രാജ്യത്തെ ജീവനക്കാരെയും ബാധിക്കുന്ന തരത്തിൽ ഈ പിരിച്ചുവിടൽ ഉണ്ടായിരിക്കുന്നത്. ഈ മാസം ആദ്യം തങ്ങളുടെ പ്രധാന റീട്ടെയ്ൽ വിഭാഗത്തിൽ നിന്നും ആയിരത്തോളം ജീവനക്കാരെ ആമസോൺ ഒഴിവാക്കിയിരുന്നു. കമ്പനിയുടെ മൂന്നാം പാദ സാമ്പത്തിക ഫലങ്ങൾ വ്യാഴാഴ്ച വിപണി അടച്ചതിന് ശേഷം പുറത്തുവിടാനിരിക്കെയാണ് ഈ പുതിയ നടപടികൾ.
Another round of mass layoffs at Amazon during the Great Indian Festival; 250 people have lost their jobs this time.















