
വാഷിംഗ്ടൺ: ലൈംഗിക അതിക്രമക്കേസുകളിൽ പ്രതിയായിരുന്ന ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ച് ഒഹായോയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നേരെ പ്രതിഷേധം. റിപ്പബ്ലിക്കൻ സെനറ്റർ ജോൺ ഹസ്റ്റഡിനെ പിന്തുണച്ച് ചില്ലിക്കോത്തിൽ സംഘടിപ്പിച്ച റാലിക്കിടെയാണ് കാണികളിൽ ഒരാൾ എപ്സ്റ്റീനെക്കുറിച്ച് ഉറക്കെ വിളിച്ചു ചോദിച്ചത്.
ഇതോടെ ക്ഷുഭിതനായ ട്രംപ്, “ഏതാണ്ട് 20 വർഷങ്ങൾക്ക് മുൻപ് എപ്സ്റ്റീൻ ഒരു വട്ടനാണെന്ന് തോന്നിയതു കൊണ്ട് ഞാൻ അയാളെ ക്ലബ്ബിൽ നിന്ന് പുറത്താക്കിയിരുന്നു,” എന്ന് മറുപടി നൽകി. താൻ ചെയ്ത ഏറ്റവും നല്ല കാര്യങ്ങളിൽ ഒന്നായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ട്രംപിനെതിരെ ഔദ്യോഗികമായി യാതൊരു ആരോപണങ്ങളും ഉയർന്നിട്ടില്ല. കൂടാതെ, എപ്സ്റ്റീന് ഡെമോക്രാറ്റുകളുമായാണ് ബന്ധമുണ്ടായിരുന്നതെന്നും റാലികൾ തടസ്സപ്പെടുത്താൻ ശ്രമിക്കുന്ന പ്രതിഷേധക്കാർ “രോഗബാധിതരും ദുർബലരുമായ” ആളുകളാണെന്നും ട്രംപ് ആരോപിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികക്കടത്തിന് ഇരയാക്കിയ കേസിൽ വിചാരണ നേരിടാനിരിക്കെ 2019-ൽ ഫെഡറൽ ജയിലിനുള്ളിൽ വെച്ചാണ് എപ്സ്റ്റീൻ മരണപ്പെടുന്നത്.
റാലിയിൽ സെനറ്റർ ജോൺ ഹസ്റ്റഡിന്റെ ശരീരപ്രകൃതിയെ പ്രശംസിക്കാനും ട്രംപ് സമയം കണ്ടെത്തി. കോളേജ് തലത്തിൽ മികച്ച ഒരു ഫുട്ബോൾ കളിക്കാരനായിരുന്നു ഹസ്റ്റഡ് എന്ന് അറിഞ്ഞതോടെ അദ്ദേഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് ‘ക്ലാർക്ക് കെന്റിൽ നിന്ന് സൂപ്പർമാൻ’ എന്ന രീതിയിലേക്ക് മാറിയെന്ന് ട്രംപ് പറഞ്ഞു. ഹസ്റ്റഡിന്റെ ശരീരം ശക്തമാണെന്നും തോളുകൾ ഉരുക്കുപോലെയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. നേരത്തെ യംഗ്‌സ്‌ടൗണിൽ നടന്ന റാലിയിലും ഹസ്റ്റഡിന്റെ കായിക പശ്ചാത്തലത്തെയും ശരീരത്തെയും പ്രശംസിച്ച് ട്രംപ് സംസാരിച്ചിരുന്നു.
Trump Confronted Over Jeffrey Epstein Link At US Rally















