
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ മുൻ പ്രസിഡന്റ് ബരാക് ഒബാമയും പ്രസിഡൻ്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള വാക്പോര് മുറുകുന്നു. ജോർജിയയിലും ഒഹായോയിലും ഇരുനേതാക്കളും പങ്കെടുത്ത വെവ്വേറെ റാലികൾ പരസ്പരമുള്ള കടുത്ത വിമർശനങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
വൈറ്റ് ഹൗസിലെ ട്രംപ് ഭരണകൂടത്തിന്റെ അഴിമതികളെ ചൂണ്ടിക്കാണിച്ച ബരാക് ഒബാമ, ഇറാൻ വിഷയത്തിലെ വിദേശനയങ്ങളെയും രൂക്ഷമായി പരിഹസിച്ചു. എന്നാൽ ഒബാമയുടെ പ്രചാരണ പരിപാടികൾ തിരഞ്ഞെടുപ്പിൽ യാതൊരു ചലനവും ഉണ്ടാക്കാൻ പോകുന്നില്ലെന്ന് ഒഹായോയിലെ റാലിയിൽ ട്രംപ് തിരിച്ചടിച്ചു. വൈറ്റ് ഹൗസ് നവീകരണവുമായി ബന്ധപ്പെട്ട് ഒബാമ നടത്തിയ പഴയ ‘ചീസ്കേക്ക് ഫാക്ടറി’ പരിഹാസം ഇരുനേതാക്കളും തങ്ങളുടെ പ്രസംഗങ്ങളിൽ വീണ്ടും പരാമർശിച്ചതോടെയാണ് തർക്കം വീണ്ടും സജീവമായത്.
വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിലും റോസ് ഗാർഡനിലും പുതിയ ബോൾറൂമിലുമെല്ലാം ട്രംപ് വൻതോതിൽ സ്വർണ്ണ നിറത്തിലുള്ള അലങ്കാരങ്ങൾ നൽകിയിരുന്നു. ഇതിനെയാണ് ഒബാമ “സദ്ദാം ഹുസൈൻ ഒരു ചീസ് കേക്ക് ഫാക്ടറി റസ്റ്റോറന്റ് തുറന്നതുപോലെയാണ് ട്രംപ് വൈറ്റ് ഹൗസ് മാറ്റിയിരിക്കുന്നത്” എന്ന് പരിഹസിച്ചത്. ഇറാഖിലെ മുൻ ഏകാധിപതിയായിരുന്ന സദ്ദാം ഹുസൈന്റെ കൊട്ടാരങ്ങൾ വൻതോതിൽ സ്വർണ്ണം പൂശിയതും അമിത ആഡംബരം നിറഞ്ഞതുമായിരുന്നു. അതുപോലെ അമേരിക്കയിലെ പ്രശസ്തമായ ‘ചീസ്കേക്ക് ഫാക്ടറി’ എന്ന റസ്റ്റോറന്റ് ശൃംഖലയുടെ ഉൾഭാഗവും കടും മഞ്ഞ/സ്വർണ്ണ നിറത്തിലുള്ള അലങ്കാരങ്ങൾക്ക് പേരുകേട്ടതാണ്. ട്രംപിന്റെ അലങ്കാര ശൈലിക്ക് നിലവാരമില്ലെന്നും അനാവശ്യമായി സ്വർണ്ണനിറം വാരിപ്പൂശിയിരിക്കുകയാണെന്നും കാണിക്കാനാണ് ഒബാമ ഈ രണ്ട് കാര്യങ്ങളെയും കൂട്ടിച്ചേർത്ത് സംസാരിച്ചത്.
അലാസ്ക സെനറ്റ് മത്സരത്തിൽ നിന്ന് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി മേരി പെൽറ്റോള ഉടനടി പിന്മാറണമെന്ന് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ സാധ്യതയുള്ള ഒരു ഡമ്മി സ്ഥാനാർത്ഥിയെ മത്സരരംഗത്ത് എത്തിക്കാൻ മേരിയുടെ അണികൾ സഹായിച്ചെന്ന മാധ്യമറിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണിത്. ഈ വിഷയത്തിൽ മേരി പെൽറ്റോളയ്ക്കെതിരെ ക്രിമിനൽ കുറ്റത്തിന് കേസെടുക്കണമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
പ്രസിഡന്റ് ട്രംപ് നാളെ സൗത്ത് കരോലിനയിൽ നേരിട്ടെത്തി പ്രചാരണം നടത്തും. നിലവിൽ പുറത്തുവന്ന പുതിയ പ്രവചന സർവേകൾ പ്രകാരം റിപ്പബ്ലിക്കൻ സെനറ്റർ ഡാർലിൻ ഗ്രഹാമും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ആനി ആൻഡ്രൂസും ഒപ്പത്തിനൊപ്പമുള്ള കടുത്ത പോരാട്ടത്തിലാണ് ഇവിടെയുള്ളത്. അതിനാൽ തന്നെ ട്രംപിന്റെ നാളത്തെ സന്ദർശനം രാഷ്ട്രീയ കേന്ദ്രങ്ങൾ അതീവ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.
Obama-Trump feud continues; ‘Cheesecake Factory’ dispute resurfaces at campaign rallies, with Trump claiming Obama lacks intelligence.















