
ന്യൂയോർക്ക്: പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ‘ആന്ത്രോപിക്’ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡാരിയോ അമോഡെയുടെ ഭാര്യ കാമി ക്ലാർക്ക്, അന്താരാഷ്ട്ര ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനിൽ നിന്ന് നിക്ഷേപം തേടിയിരുന്നതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സ്ത്രീകൾക്കായി താൻ ആരംഭിച്ച ‘എഡ്ഡിസ്’ എന്ന ലക്ഷ്വറി അശ്ലീലചിത്ര നിർമ്മാണ കമ്പനിക്ക് വേണ്ടിയാണ് ഇവർ ഫണ്ട് ആവശ്യപ്പെട്ടത്. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ‘ദി വാൾ സ്ട്രീറ്റ് ജേണൽ’ പുറത്തുവിട്ട എപ്സ്റ്റീൻ്റെ ഇമെയിൽ രേഖകളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
2011 മാർച്ചിൽ പ്രമുഖ സാഹിത്യ ഏജന്റ് ജോൺ ബ്രോക്ക്മാൻ വഴിയാണ് കാമി ക്ലാർക്ക് എപ്സ്റ്റീനെ പരിചയപ്പെടുന്നത്. തുടർന്ന് ഇവർ തമ്മിൽ അത്താഴവിരുന്നുകളിൽ പങ്കെടുക്കുകയും ബിസിനസ്സ് ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു. കമ്പനിയുടെ ആദ്യത്തെ നാല് ചിത്രങ്ങളുടെ തിരക്കഥകളും ഫണ്ടിംഗ് ആവശ്യകതകളും ക്ലാർക്ക് എപ്സ്റ്റീന് ഇമെയിൽ വഴി അയച്ചുനൽകിയതായും രേഖകൾ വ്യക്തമാക്കുന്നു. എന്നാൽ, “ടെലിവിഷൻ സെക്സ് രംഗങ്ങളിൽ നിക്ഷേപം നടത്താൻ താല്പര്യമില്ല” എന്ന് വ്യക്തമാക്കി എപ്സ്റ്റീൻ ഈ നിർദ്ദേശം നിരസിക്കുകയായിരുന്നു. എപ്സ്റ്റീൻ ഈ കമ്പനിയിൽ പണം നിക്ഷേപിച്ചതായി തെളിവുകളൊന്നുമില്ല.
ലോകത്തെ ഏറ്റവും വലിയ എഐ കമ്പനികളിലൊന്നായ ആന്ത്രോപിക്കിൻ്റെ അമരക്കാരനായ ഡാരിയോ അമോഡെയെ കാമി ക്ലാർക്ക് വിവാഹം കഴിക്കുന്നത് 2022 ലാണ്. ഗൂഗിൾ സഹസ്ഥാപകൻ എറിക് ഷ്മിറ്റുമായി മൂന്ന് വർഷത്തോളം കാമി പ്രണയത്തിലായിരുന്നു. പിന്നീട് ഡാരിയോ അമോഡെയെ എറിക് ഷ്മിറ്റിന് പരിചയപ്പെടുത്തുന്നത് കാമിയാണ്. ഈ സൗഹൃദമാണ് 2021-ൽ ആന്ത്രോപിക് കമ്പനിയുടെ തുടക്കത്തിൽ എറിക് ഷ്മിറ്റിനെ വലിയൊരു നിക്ഷേപകനാക്കി മാറ്റിയത്.
ആന്ത്രോപിക് കമ്പനിയിൽ കാമി ക്ലാർക്കിന് ഔദ്യോഗിക പദവികളൊന്നുമില്ലെങ്കിലും ഭർത്താവ് ഡാരിയോ അമോഡെയുടെ പ്രധാന ഉപദേശകയായിട്ടാണ് ഇവർ പ്രവർത്തിക്കുന്നത്. വലിയ ബിസിനസ്സ് കൂടിക്കാഴ്ചകളിലും നിക്ഷേപകരുമായുള്ള ചർച്ചകളിലും ഇവർ സജീവമായി പങ്കെടുക്കാറുണ്ട്. ഇൻ്റർനെറ്റിൽ നിന്നും പൊതുവേദികളിൽ നിന്നും സ്വന്തം വിവരങ്ങൾ ബോധപൂർവ്വം മറച്ചുവെക്കാൻ കാമി ക്ലാർക്ക് ശ്രമിച്ചിരുന്നതായും വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ആന്ത്രോപിക് കമ്പനി രണ്ട് ട്രില്യൺ ഡോളറിലധികം വിപണി മൂല്യത്തിലേക്ക് ഉയരാൻ നിൽക്കുന്ന സാഹചര്യത്തിൽ പുറത്തുവന്ന ഈ വെളിപ്പെടുത്തൽ ഐടി മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
Anthropic CEO’s wife in controversy; Cami Clarke seeks Epstein’s help for pornographic film production company, Wall Street Journal releases email documents













