അറ്റ്‌ലാൻ്റയിൽ വെടിവെപ്പ് പരമ്പര: ഹോംലാൻഡ് സെക്യൂരിറ്റി ജീവനക്കാരിയടക്കം രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു

അറ്റ്‌ലാൻ്റ: അമേരിക്കയിലെ അറ്റ്‌ലാൻ്റയിൽ ഏതാനും മണിക്കൂറുകൾക്കിടെ നടന്ന വെടിവെപ്പ് പരമ്പരയിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു. പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുന്നു. കൊല്ലപ്പെട്ടവരിൽ ഒരാൾ യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) ജീവനക്കാരിയായ ലോറൻ ബുള്ളിസ് ആണ്. സംഭവത്തിൽ യുകെ സ്വദേശിയായ 26-കാരൻ ഓലാവോലുക്കിറ്റൻ അഡോൺ ആബേലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച പുലർച്ചെയായിരുന്നു നഗരത്തെ നടുക്കിയ ആക്രമണങ്ങൾ നടന്നത്. പുലർച്ചെ ഒരു മണിയോടെ ഡെക്കാറ്റൂർ മേഖലയിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയ സ്ത്രീ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ഇവരുടെ പേരുവിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഏകദേശം ഒരു മണിക്കൂറിന് ശേഷം, അവിടെ നിന്നും 12 മൈൽ അകലെയുള്ള ബ്രൂക്ക് ഹാവനിൽ ഒരു പലചരക്ക് കടയ്ക്ക് പുറത്ത് ഉറങ്ങുകയായിരുന്ന 49 വയസ്സുകാരനായ ഭവനരഹിതന് വെടിയേറ്റു. ഇയാൾ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇതിന് പിന്നാലെയാണ് വളർത്തുനായയുമായി നടക്കാനിറങ്ങിയ ലോറൻ ബുള്ളിസ് കൊല്ലപ്പെട്ടത്.

പ്രതിക്ക് 2022-ൽ ബൈഡൻ ഭരണകൂടത്തിൻ്റെ കാലത്ത് പൗരത്വം ലഭിച്ചതിനെ ഹോംലാൻഡ് സെക്രട്ടറി മാർക്ക് വെയ്ൻ മുള്ളിൻ വിമർശിച്ചു. പ്രതിയുടെ മുൻകാല കുറ്റകൃത്യങ്ങൾ അക്കമിട്ടു നിരത്തിയ അദ്ദേഹം, ഈ സംഭവം വകുപ്പിനെയാകെ ദുഃഖത്തിലാഴ്ത്തിയെന്നും കൂട്ടിച്ചേർത്തു. യാതൊരു പ്രകോപനവുമില്ലാതെ വഴിപോക്കരെ ലക്ഷ്യം വെച്ചാണോ പ്രതി ആക്രമണം നടത്തിയത് എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Atlanta shooting spree: Two women, including a Homeland Security employee, killed

More Stories from this section

family-dental
witywide