ടൈഗർ ഷ്റോഫിനെയല്ല, സംഘം ലക്ഷ്യമിട്ടത് മറ്റൊരു വിഐപിയെ? ആക്രമണത്തിന് പിന്നിൽ യുഎസിൽ നിന്നുള്ള അധോലോക നിയന്ത്രണമെന്നും റിപ്പോർട്ട്, അന്വഷണം ഊർജ്ജിതം

ടൈഗർ ഷ്റോഫിനെ ലക്ഷ്യമിട്ട വെടിവെയ്പ്പ് കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിനെയല്ല, മറിച്ച് മറ്റൊരു പ്രമുഖ വ്യക്തിയെയായിരുന്നു അക്രമിസംഘം ആദ്യം ലക്ഷ്യമിട്ടിരുന്നത്. എന്നാൽ നഗരത്തിലെത്തിയ ശേഷം ഇവർ ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. കൊലപ്പെടുത്താൻ തീരുമാനിച്ച വ്യക്തി പതിവായി സന്ദർശിക്കുന്ന സ്ഥലങ്ങളിൽ പ്രതികൾ നിരീക്ഷണം നടത്തിയെങ്കിലും, സുരക്ഷാ കാരണങ്ങളാൽ ഇയാളിലേക്ക് എത്തുക എളുപ്പമല്ലെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്നാണ് ആ നീക്കം മാറ്റിവെച്ചത്.

ഇതിനിടയിലാണ് ഇൻസ്റ്റഗ്രാം പേജുകളിലൂടെയും ആരാധകരുടെ പോസ്റ്റുകളിലൂടെയും ടൈഗർ ഷ്റോഫ് എല്ലാ ഞായറാഴ്ചയും ജുഹുവിലെ ഫുട്ബോൾ ഗ്രൗണ്ടിൽ എത്താറുണ്ടെന്ന് പ്രതികൾ മനസ്സിലാക്കിയത്. അദ്ദേഹത്തിന് വലിയ സുരക്ഷാ സന്നാഹങ്ങൾ ഇല്ലെന്ന് വ്യക്തമായതോടെ ഷ്റോഫിന് നേരെ വെടിയുതിർക്കാൻ സംഘം തീരുമാനിക്കുകയായിരുന്നു. ടൈഗർ ഷ്റോഫിനെ വധിച്ച് ബോളിവുഡിൽ ഭീതി പടർത്തുകയായിരുന്നു തങ്ങളുടെ യഥാർത്ഥ ലക്ഷ്യമെന്നും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് മുംബൈ ജുഹുവിൽ വെച്ച് ബൈക്കിലെത്തിയ സംഘം ടൈഗർ ഷ്റോഫിന്‍റെ കാറിന് നേരെ വെടിയുതിർത്തത്.

കേസുമായി ബന്ധപ്പെട്ട് ബിഹാർ സ്വദേശിയായ ഹൃത്വിക്, ഹരിയാന സ്വദേശികളായ റെഹാൻ, ഫൂൽ സിങ് എന്നിവരെ രാജസ്ഥാനിലെ കോട്ട പൊലീസാണ് പിടികൂടിയത്. തുടർന്ന് വിശദമായ അന്വേഷണത്തിനായി പ്രതികളെ മുംബൈ പോലീസിന് കൈമാറി. ഗുണ്ടാത്തലവൻ അനിൽ പണ്ഡിറ്റാണ് ഈ കേസിലെ മുഖ്യ ആസൂത്രകനെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. യു എസിൽനിന്ന് അധോലോക സംഘത്തെ നിയന്ത്രിക്കുകയും ഷൂട്ടർമാരെ ഏകോപിപ്പിക്കുകയും ചെയ്യുന്നത് ഹരിയാന പാനിപ്പത്ത് സ്വദേശിയായ അനിലാണെന്നാണ് പോലീസ് നൽകുന്ന വിവരം.

അതേസമയം, അനിൽ പണ്ഡിറ്റിന്റേതാണെന്ന് കരുതപ്പെടുന്ന ഒരു ശബ്ദരേഖ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനൊപ്പം പ്രവർത്തിക്കരുതെന്ന മുന്നറിയിപ്പ് അവഗണിച്ചതിനാലാണ് ടൈഗർ ഷ്റോഫിനെ ലക്ഷ്യമിട്ടതെന്ന് ഈ ശബ്ദസന്ദേശത്തിൽ വ്യക്തമാക്കുന്നു. കൃഷ്ണമൃഗ വേട്ടക്കേസിൽ സൽമാൻ ഖാൻ ലോറൻസ് ബിഷ്ണോയ് സംഘത്തോടും ബിഷ്ണോയ് സമുദായത്തോടും പരസ്യമായി മാപ്പുപറയണമെന്നും ഓഡിയോയിൽ ആവശ്യപ്പെടുന്നുണ്ട്. സൽമാൻ ഖാൻ മാപ്പു പറഞ്ഞില്ലെങ്കിൽ അദ്ദേഹവുമായി അടുത്ത ബന്ധം പുലർത്തുന്ന മറ്റ് സിനിമാ പ്രവർത്തകരെയും ലക്ഷ്യമിടുമെന്ന ഭീഷണിയും ഇതിലുണ്ട്. തുടർന്ന് ടൈഗർ ഷ്രോഫ് വധശ്രമക്കേസിൽ അന്വേഷണം പോലീസ് കൂടുതൽ ഊർജിതമാക്കിയിട്ടുണ്ട്.

Attempt on Tiger Shroff Was Not the Original Plan; Gang Targeted Another VIP, Controlled from US

More Stories from this section

family-dental
witywide