അറ്റോർണി ജനറൽ അടക്കുള്ളവർക്ക്രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ അനുമതി നൽകി യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ്; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

വാഷിംഗ്ടൺ: അറ്റോർണി ജനറൽ അടക്കുള്ളവർക്ക് രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ്. ഇതുസംബന്ധിച്ച് അസിസ്റ്റന്റ് അറ്റോർണി ജനറൽ ജൊലീൻ ആൻ ലോറി പുതിയ മെമ്മോ പുറത്തിറക്കി.

സെനറ്റിന്റെ അംഗീകാരത്തോടെ പ്രസിഡന്റ് നിയമിക്കുന്ന ഉദ്യോഗസ്ഥർക്ക് വ്യക്തിഗത ശേഷിയിൽ രാഷ്ട്രീയ റാലികളിൽ സംസാരിക്കാനും വോട്ടുകൾക്കായുള്ള പ്രചാരണങ്ങളിൽ പങ്കെടുക്കാനും ദേശീയ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളോ ഭാരവാഹികളോ ആകാനും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുമതി നൽകുന്നു. അറ്റോർണി ജനറൽ, ഡെപ്യൂട്ടി അറ്റോർണി ജനറൽ, അസിസ്റ്റന്റ് അറ്റോർണി ജനറൽമാർ, എഫ്.ബി.ഐ ഡയറക്ടർ, യു.എസ് അറ്റോർണിമാർ തുടങ്ങിയവർക്കാണ് ഈ ഇളവുകൾ ബാധകമാകുന്നത്.

രാഷ്ട്രീയ നിയമനക്കാർക്ക് റാലികളിലും ഫണ്ട് ശേഖരണ പരിപാടികളിലും പങ്കെടുക്കാൻ മുൻ അറ്റോർണി ജനറൽ പാം ബോണ്ടി തന്റെ ഭരണകാലത്ത് അനുമതി നൽകിയിരുന്നു. എന്നാൽ പുതിയ മെമ്മോ അതിലും ഒരു പടി കൂടി മുന്നോട്ട് പോകുന്നതാണ്. അഡ്മിനിസ്ട്രേറ്റീവ് ലോ ജഡ്ജിമാർക്കും ക്രിമിനൽ ഡിവിഷനിലെ ഉദ്യോഗസ്ഥർക്കും ബാധകമായ കർശന മാർഗ്ഗനിർദ്ദേശങ്ങളിൽ നിന്ന് സെനറ്റ് അംഗീകരിച്ച ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് ജീവനക്കാരെ ഒഴിവാക്കുന്നതാണ് പുതിയ ഉത്തരവ്.

കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന റിപ്പബ്ലിക്കൻ ഇടക്കാല കൺവെൻഷനിൽ അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് പങ്കെടുക്കുകയും നോർത്ത് കരോലിനയിലെ റിപ്പബ്ലിക്കൻ സെനറ്റ് സ്ഥാനാർത്ഥിയുടെ റാലിയിൽ സംസാരിക്കുകയും ചെയ്തിരുന്നു. നീതിന്യായ വകുപ്പിന്റെ സ്വാതന്ത്ര്യം തകർക്കുന്നതാണ് ഈ നടപടിയെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു. എന്നാൽ താൻ യാതൊരു നിയമവും ലംഘിച്ചിട്ടില്ലെന്നും വ്യക്തിപരമായ ശേഷിയാണ് ഇത്തരം പരിപാടികളിൽ പങ്കെടുത്തതെന്നുമാണ് ടോഡ് ബ്ലാഞ്ച് ഇതിനോട് പ്രതികരിച്ചത്.

ബൈഡൻ ഭരണകാലത്ത് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. രാഷ്ട്രീയ നിയമനക്കാർ വ്യക്തിഗത ശേഷിയിൽ പോലും യാതൊരുവിധ രാഷ്ട്രീയ പാർട്ടി പരിപാടികളിലും പങ്കെടുക്കാൻ പാടില്ലെന്നായിരുന്നു 2024-ലെ മെമ്മോയിൽ വ്യക്തമാക്കിയിരുന്നത്. ഇതിൽ നിന്നുള്ള വലിയ മാറ്റമാണ് നിലവിലെ ഭരണകൂടം നടപ്പിലാക്കിയിരിക്കുന്നത്.

More Stories from this section

family-dental
witywide