
ന്യൂഡൽഹി: ഇന്ത്യയിൽ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾക്ക് അനുമതി ലഭിക്കാൻ വൈകുന്നതുമായി ബന്ധപ്പെട്ട് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്കെതിരെ വീണ്ടും രൂക്ഷവിമർശനവുമായി ഇലോൺ മസ്‌ക്. അംബാനിയെ ഇന്ത്യയുടെ ‘യഥാർഥ ബോസ്’ എന്ന് വിശേഷിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ്, അദ്ദേഹത്തെ ‘പ്രിയപ്പെട്ട പ്രധാനമന്ത്രി അംബാനി’ എന്ന് പരിഹസിച്ചുകൊണ്ട് മസ്‌കിന്റെ പുതിയ പ്രതികരണം പുറത്തുവന്നത്. തൻ്റെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ‘എക്‌സി’ലൂടെയാണ് മസ്‌ക് ഈ കടുത്ത പരാമർശം നടത്തിയത്.
‘പ്രിയപ്പെട്ട പ്രധാനമന്ത്രി അംബാനി, ഇന്ത്യയുടെ യഥാര്‍ത്ഥ ബോസ് നിങ്ങളാണെന്ന് തിരിച്ചറിയാത്തതിന് എന്റെ എളിയ ക്ഷമാപണം സ്വീകരിക്കുക. ഇന്ത്യയിലെ പ്രബുദ്ധരായ ജനങ്ങളെ നിങ്ങളുടെ കുത്തകാവകാശം ഉപയോഗിച്ച് ചൂഷണം ചെയ്യുന്നത് തുടരാന്‍ സ്വാഭാവികമായും നിങ്ങള്‍ ആഗ്രഹിക്കും. എങ്കിലും സ്റ്റാര്‍ ലിങ്കിന് മത്സരരംഗത്ത് വരാന്‍ നിങ്ങള്‍ അനുവാദം നല്‍കുമോ?’ – മസ്‌ക് കുറിച്ചു.
Dear Prime Minister Ambani,Please accept my humble apologies for not realizing that you are the real boss of India.Naturally, you would prefer to maintain your monopolistic exploitation of the great people of India, but would you nonetheless consider allowing Starlink to compete?There are many areas of India, as there are in all countries, with no Internet access, which denies children the opportunity for education and for small businesses the opportunity to sell their goods to a global market. Starlink would change their lives for the better.Thank you 🙏
— Elon Musk (@elonmusk) October 9, 2026
ഇന്ത്യയിലെ സാറ്റലൈറ്റ് സ്‌പെക്‌ട്രം ലേലവുമായി ബന്ധപ്പെട്ട് സ്റ്റാർലിങ്കും റിലയൻസ് ജിയോയും തമ്മിൽ മാസങ്ങളായി തർക്കം നിലനിൽക്കുന്നുണ്ട്. സ്‌പെക്‌ട്രം ലേലം ചെയ്യാതെ നേരിട്ട് അനുവദിക്കണമെന്നാണ് സ്റ്റാർലിങ്കിന്റെ ആവശ്യം. എന്നാൽ ഇതിനെ റിലയൻസ് ശക്തമായി എതിർക്കുകയും, ലേലത്തിലൂടെ മാത്രമേ സ്‌പെക്‌ട്രം നൽകാവൂ എന്ന് വാദിക്കുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് മസ്‌കിന്റെ ഒടുവിലത്തെ പ്രതികരണം.
അംബാനിയെ പ്രധാനമന്ത്രി എന്ന് വിശേഷിപ്പിച്ചതിനൊപ്പം, റിലയൻസുമായി ബന്ധപ്പെട്ട കമ്പനികൾ ഭരണകക്ഷിയായ ബിജെപിക്ക് കോടികളുടെ സംഭാവന നൽകിയെന്ന മാധ്യമ റിപ്പോർട്ടുകളും മസ്‌ക് എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യയിലെ ടെലികോം നയങ്ങളെ അംബാനി സ്വാധീനിക്കുന്നു എന്ന പരോക്ഷമായ ആരോപണമാണ് മസ്‌ക് ഇതിലൂടെ ഉന്നയിക്കുന്നത്. ഇന്ത്യയിലെ സാറ്റലൈറ്റ് ഇന്റർനെറ്റ് വിപണി പിടിച്ചെടുക്കാൻ ആഗോള ഭീമനായ സ്റ്റാർലിങ്കും ആഭ്യന്തര ഭീമനായ റിലയൻസും തമ്മിലുള്ള മത്സരം ഇതോടെ കൂടുതൽ കടുപ്പമേറിയതായി മാറിയിരിക്കുകയാണ്.
Mukesh Ambani is India’s ‘Prime Minister’; Reliance gave ₹385 crore to the BJP—Musk’s revelation sparks discussion.













