
ഹൂസ്റ്റൺ: യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) വിഭാഗത്തിലെ ഉദ്യോഗസ്ഥൻ മെക്സിക്കൻ സ്വദേശിയായ നിർമ്മാണ തൊഴിലാളിയെ മനഃപൂർവം കാറിടിച്ച് പരിക്കേൽപ്പിച്ച കേസിൽ ഗ്രാൻഡ് ജൂറി കുറ്റപത്രം സമർപ്പിച്ചു. ഐസ് ഉദ്യോഗസ്ഥനായ മാരിയോ ആൽബർട്ടോ മൊറാലസിനെതിരെയാണ് (33) മാരകായുധം ഉപയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു എന്ന കുറ്റത്തിന് ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് കേസെടുത്തത്.
കഴിഞ്ഞ ഒക്ടോബർ 10-നായിരുന്നു വിവാദമായ സംഭവം നടന്നത്. ഹൂസ്റ്റണിലെ ഒരു പാർക്കിംഗ് ലോട്ടിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്ന മിഗുവേൽ പാര ഹെർണാണ്ടസ് (48) എന്ന തൊഴിലാളിയെ, ഔദ്യോഗിക അടയാളങ്ങളില്ലാത്ത എസ്യുവിയിലെത്തി മൊറാലസ് ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഹെർണാണ്ടസ് നിലവിൽ ഫെഡറൽ കസ്റ്റഡിയിൽ ഒരു പുനരധിവാസ കേന്ദ്രത്തിൽ ചികിത്സയിലാണ്.
ഹെർണാണ്ടസ് വാഹനത്തിന് മുന്നിലേക്ക് പെട്ടെന്ന് ചാടുകയായിരുന്നു എന്നായിരുന്നു ഐസിഇയുടെ പ്രാഥമിക വാദം. എന്നാൽ ഈ വാദം പൂർണ്ണമായും തെറ്റാണെന്ന് തെളിയിക്കുന്ന ബോഡി ക്യാമറ ദൃശ്യങ്ങളും അടിയന്തര സേവനങ്ങളിലേക്ക് വിളിച്ച ശബ്ദരേഖയും ഡിസ്ട്രിക്റ്റ് അറ്റോർണി സീൻ ടിയർ വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു. താൻ അന്വേഷിച്ചതിൽ വെച്ച് ഏറ്റവും വ്യക്തമായ തെളിവുകളുള്ള കേസാണിതെന്ന് സീൻ ടിയർ വ്യക്തമാക്കി. സംഭവത്തിന് ശേഷം ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകനോട് “ഞാൻ അവനെ വണ്ടിയിടിച്ചു വീഴ്ത്തി” എന്ന് മൊറാലസ് സമ്മതിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അതേസമയം, ഹെർണാണ്ടസ് കാർ തന്റെ നേരെ മനഃപൂർവ്വം ഓടിച്ചു കയറ്റുകയായിരുന്നു എന്ന് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്
പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികൾക്കിടയിൽ ഔദ്യോഗിക കൃത്യനിർവഹണവുമായി ബന്ധപ്പെട്ട് ക്രിമിനൽ കുറ്റം ചുമത്തപ്പെടുന്ന ചുരുക്കം ചില ഫെഡറൽ ഓഫീസർമാരിൽ ഒരാളാണ് മൊറാലസ്. എന്നാൽ തന്റെ കക്ഷി നിരപരാധിയാണെന്നും ഇതൊരു അപകടം മാത്രമാണെന്നും മൊറാലസിന്റെ അഭിഭാഷകൻ ഡേവിഡ് ലിൻഡൻമുത്ത് അവകാശപ്പെട്ടു. ഡെമോക്രാറ്റിക് പാർട്ടിക്കാരനായ ഡിസ്ട്രിക്റ്റ് അറ്റോർണി രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് കേസ് കെട്ടിച്ചമച്ചതെന്നും പ്രതിഭാഗം ആരോപിച്ചു. കുറ്റാരോപിതനായ മൊറാലസിനെതിരെ കോടതി നിലവിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
കേസിൽ ഐസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചകളും ഇപ്പോൾ പുറത്തുവരുന്നുണ്ട്. ഹെർണാണ്ടസ് സഞ്ചരിച്ച വാഹനത്തിലുണ്ടായിരുന്ന ഹൊസെ മെൻഡോസ-സെർവാന്റസ് എന്നയാളെയാണ് തങ്ങൾ തിരഞ്ഞതെന്നാണ് ഐസ് അവകാശപ്പെട്ടിരുന്നത്. എന്നാൽ ഹൂസ്റ്റണിലെ കുടിയേറ്റ അവകാശ സംഘടനയായ ‘FIEL’ നടത്തിയ അന്വേഷണത്തിൽ, ഐസ് തിരഞ്ഞതായി പറയുന്ന വ്യക്തി 2017-ൽ തന്നെ മരണപ്പെട്ടതാണെന്ന് വ്യക്തമായി. മരിച്ചുപോയ ഒരാളെ തിരഞ്ഞാണ് ഐസ് ഈ ഓപ്പറേഷൻ നടത്തിയതെന്ന ആരോപണത്തോട് പ്രതികരിക്കാൻ ഇമിഗ്രേഷൻ വിഭാഗം ഇതുവരെ തയ്യാറായിട്ടില്ല. 30 വർഷമായി ഹൂസ്റ്റണിൽ താമസിക്കുന്ന ഹെർണാണ്ടസിന് മുൻപ് യാതൊരുവിധ ക്രിമിനൽ പശ്ചാത്തലവും ഇല്ലായിരുന്നു എന്നും ഡിസ്ട്രിക്റ്റ് അറ്റോർണി അറിയിച്ചു.
Case of migrant worker struck by vehicle in Houston: Assault charges filed against ICE officer















