ടൊറന്റോയിൽ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് സിഇഒയുടെ വീട്ടിൽ അതിക്രമിച്ച് കയറി മൂന്നംഗസംഘം; തോക്കും ചുറ്റികയും ഉപയോഗിച്ച് ദമ്പതികൾക്കും മക്കൾക്കും നേരെ ക്രൂരമായ ആക്രമണം

ടൊറന്റോ: കാനഡയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ മാക് ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഡെറെക് മോർട്ടന്റെ (75) വീട്ടിൽ അതിക്രമിച്ചു കയറിയ മൂന്നംഗ സായുധസംഘം കുടുംബാംഗങ്ങളെ വെടിവെച്ചും ചുറ്റികകൊണ്ടും ക്രൂരമായി പരിക്കേൽപ്പിച്ചു. അതിസമ്പന്നർ താമസിക്കുന്ന ടൊറന്റോയിലെ ബ്രൈഡിൽ പാത്ത് മേഖലയിൽ വ്യാഴാഴ്ച പുലർച്ചെ 3.44-ഓടെയായിരുന്നു നടുക്കുന്ന സംഭവം.

മുതിർന്ന പെൺമക്കളായ ക്രിസ്റ്റീന (28), മാഗി (26) എന്നിവർക്ക് വെടിയേറ്റു. ഡെറെക് മോർട്ടന്റെ ഭാര്യ ഡോറിയാന സോഹിൽ-മോർട്ടനെ (64) അക്രമികൾ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു. ആക്രമണത്തിൽ പരിക്കേറ്റ നാലുപേരെയും അടിയന്തര വൈദ്യസഹായത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേർ ഇപ്പോഴും ചികിത്സയിലാണ്. 20 വയസ്സ് പ്രായം തോന്നിക്കുന്ന മൂന്ന് മുഖംമൂടിധാരികളാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

വീടിന്റെ പിൻവാതിൽ തകർത്താണ് അക്രമികൾ അകത്തുകയറിയത്. തുടർന്ന് തോക്കുകളും ചുറ്റികയുമായി കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും വിലപിടിപ്പുള്ള സാധനങ്ങൾ ആവശ്യപ്പെടുകയുമായിരുന്നു. വെടിയുതിർത്ത ശേഷം പ്രതികൾ കാറിൽ രക്ഷപ്പെട്ടു. സമ്പന്ന മേഖലയായതുകൊണ്ട് മാത്രം പണം തട്ടുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ ഈ വീട് തിരഞ്ഞെടുത്തതെന്നാണ് ടൊറന്റോ പോലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിൽ നിന്നും എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല.

“ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന സ്വന്തം വീട്ടിൽ വെച്ച് ഇങ്ങനെയൊരു ക്രൂരത അനുഭവിക്കേണ്ടി വന്നതിന്റെ ആഘാതത്തിലാണ് കുടുംബം,” എന്ന് ഡെറെക് മോർട്ടൻ പ്രസ്താവനയിൽ അറിയിച്ചു. ലോകപ്രശസ്ത സംഗീതജ്ഞരായ ഡ്രേക്ക്, സെലിൻ ഡിയോൺ തുടങ്ങിയവർ താമസിക്കുന്ന അതിസുരക്ഷാ മേഖലയിലാണ് ഈ ആക്രമണം നടന്നിരിക്കുന്നത്.

സംഭവത്തിൽ ടൊറന്റോ മേയർ ഒലിവിയ ചൗവും പ്രതിപക്ഷ നേതാവ് പിയറി പൊയ്‌ലിവ്റെയും ശക്തമായ അപലപിച്ചു. ടൊറന്റോയിൽ ഭവനഭേദനങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നഗരത്തിൽ സുരക്ഷയും പൊലീസ് പട്രോളിംഗും ശക്തമാക്കുമെന്ന് ടൊറന്റോ പൊലീസ് ചീഫ് മൈറോൺ ഡെംകിവ് അറിയിച്ചു. പ്രതികൾക്കായി പൊലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Three-member gang breaks into the home of a real estate group CEO in Toronto; couple and their children subjected to a brutal attack involving a gun and a hammer.

More Stories from this section

family-dental
witywide