ഏത് മോശം സാഹചര്യവും നേരിടാൻ സജ്ജരാകാൻ രാജ്യത്തോട് ആഹ്വാനം ചെയ്ത് ഖത്തർ അമീർ; ‘വരുമാനത്തിൽ 42% ഇടിവ്, പക്ഷേ വികസന പദ്ധതികളുമായി മുന്നോട്ട്’

ഖത്തർ സിറ്റി: പശ്ചിമേഷ്യൻ മേഖലയിൽ പടരുന്ന യുദ്ധ പശ്ചാത്തലത്തിൽ ഏത് മോശം സാഹചര്യത്തെയും നേരിടാൻ രാജ്യം സജ്ജമാകണമെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. വ്യക്തികളും വിവിധ സ്ഥാപനങ്ങളും വരാനിരിക്കുന്ന ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ തയ്യാറാകണമെന്നും ഖത്തർ ഷൂറാ കൗൺസിലിനെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം ആഹ്വാനം ചെയ്തു. യുദ്ധ അന്തരീക്ഷം കാരണം ഈ വർഷത്തെ ആദ്യ പകുതിയിൽ രാജ്യത്തിന്റെ ദേശീയ വരുമാനത്തിൽ 42 ശതമാനത്തിന്റെ കൂറ്റൻ ഇടിവാണ് രേഖപ്പെടുത്തിയത്.

ലോകത്തെയും മേഖലയേയും ഖത്തറിനെയും ഒരുപോലെ ബാധിച്ച അസാധാരണ സാഹചര്യങ്ങൾക്കാണ് നാം സാക്ഷ്യം വഹിക്കുന്നതെന്ന് അമീർ ചൂണ്ടിക്കാട്ടി. വരുമാനത്തിൽ വലിയ തോതിലുള്ള കുറവുണ്ടായതിനെ തുടർന്ന് ചെലവുകളിൽ 14 ശതമാനം വെട്ടിക്കുറവ് വരുത്തേണ്ടി വന്നു. ലോകത്തിനാവശ്യമായ അഞ്ചിലൊന്ന് പ്രകൃതിവാതകവും വിതരണം ചെയ്യുന്നത് ഖത്തറായതിനാൽ ഈ മേഖലയിലുണ്ടാകുന്ന പ്രതിസന്ധികൾ ആഗോള വിപണിയെയും അതിവേഗം ബാധിക്കുന്നുണ്ട്. നിലവിലെ വെല്ലുവിളികൾക്കിടയിലും രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെ ഊർജ്ജ സുരക്ഷയും ഉറപ്പാക്കാൻ ഖത്തറിന് സാധിച്ചതായി അദ്ദേഹം വ്യക്തമാക്കി.

ഇത്രയും വലിയ പ്രതിസന്ധികൾക്കിടയിലും ഖത്തറിന്റെ ദേശീയ സമ്പദ്‌വ്യവസ്ഥ 2.9 ശതമാനം വളർച്ച കൈവരിച്ചത് വലിയ നേട്ടമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രതിസന്ധികൾ നിഴലിക്കുന്നുണ്ടെങ്കിലും പ്രഖ്യാപിത വികസന പദ്ധതികളുമായി രാജ്യം മുന്നോട്ട് തന്നെ പോകുമെന്ന് അമീർ വ്യക്തമാക്കി. നോർത്ത് ഫീൽഡ് ഗ്യാസ് പദ്ധതിയും, അമേരിക്കയുമായി ചേർന്ന് നടപ്പിലാക്കുന്ന ഗോൾഡൻ പാസ് ഊർജ്ജ പദ്ധതിയും നിശ്ചിത സമയത്തിനുള്ളിൽ തന്നെ പൂർത്തിയാക്കാനാണ് തീരുമാനം.

അടുത്ത അഞ്ച് വർഷത്തിനകം 22,100 കോടി റിയാലിന്റെ വൻകിട വികസന പദ്ധതികളാണ് ഖത്തർ പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധികൾ മറികടന്ന് യുദ്ധത്തിന് മുൻപുള്ള സ്ഥിതിയിലേക്ക് എത്രയും വേഗം തിരികെയെത്താനാണ് സർക്കാർ ശ്രമിക്കുന്നത്. കടുത്ത വെല്ലുവിളികൾക്കിടയിലും പഴുതടച്ച പ്രതിരോധം തീർത്ത ഖത്തർ സായുധ സേനയ്ക്കും മറ്റ് സർക്കാർ സ്ഥാപനങ്ങൾക്കും ഷൂറാ കൗൺസിലിൽ അമീർ പ്രത്യേക അഭിനന്ദനം അറിയിച്ചു.

‘Be Prepared for Any Crisis’: Qatar Amir Urges Readiness as Revenue Plunges 42% Amid Regional Conflict

More Stories from this section

family-dental
witywide