
സനാ: യെമൻ തലസ്ഥാനമായ സനായിൽ ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങൾ ഉണ്ടായാൽ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ശക്തവും വേദനാജനകവുമായ തിരിച്ചടി നൽകുമെന്ന് ഹൂതികളുടെ മുന്നറിയിപ്പ്. എക്സ് പേജിലൂടെ ഹൂതി സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ യഹ്‌യ സരിയാണ് ഈ ഭീഷണി മുഴക്കിയത്. സനായിൽ ആക്രമണം നടത്താനാണ് സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ പദ്ധതിയെങ്കിൽ, ഇറാൻ പിന്തുണയുള്ള വിമർശകർ സൗദി അറേബ്യയിലെ ദമ്മാമിലുള്ള സ്റ്റേറ്റ് എനർജി കമ്പനിയായ സൗദി അരാംകോയുടെ ആസ്ഥാനം, ഇതിനകം മിസൈൽ ആക്രമണങ്ങൾക്ക് ഇരയായിട്ടുള്ള റിയാദിലെ കിംഗ് ഖാലിദ് എയർപോർട്ട്, റിയാദിലെ അരാംകോയുടെ റിഫൈനറി എന്നിവ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചകളിൽ സൗദി വിമാനത്താവളങ്ങൾക്ക് നേരെ ഹൂതികൾ നടത്തിയ തുടർച്ചയായ ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെടുകയും ഇരുവിഭാഗവും തമ്മിലുള്ള സംഘർഷം രൂക്ഷമാകുകയും ചെയ്തിരുന്നു. സൗദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള ഊർജ ഭീമനായ സൗദി അരാംകോയുടെ എല്ലാ സ്ഥാപനങ്ങൾക്ക് സമീപമുള്ളവരും ജീവനക്കാരും ഉടൻ ഒഴിഞ്ഞ് പോകണമെന്ന് ഇറാൻ പിന്തുണയുള്ള ഹൂതി വിമതരുടെ മുന്നറിയിപ്പ്.
സനായിലെ ഹൂതി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ വ്യോമാക്രമണം നടത്തുമെന്ന് ചൂണ്ടിക്കാട്ടി സൗദി നേതൃത്വത്തിലുള്ള സഖ്യസേന മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഹൂതികളുടെ ഈ നടപടി. അരാംകോയുടെ കീഴിലുള്ള എല്ലാ കേന്ദ്രങ്ങളും തങ്ങളുടെ നിയമപരമായ ലക്ഷ്യസ്ഥാനങ്ങളാണെന്നും സുരക്ഷ മുൻനിർത്തി ജീവനക്കാരും പൗരന്മാരും അവിടെനിന്ന് മാറിനിൽക്കണമെന്നും ഹൂതി സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ യഹ്‌യ സരി എക്സിൽ നൽകിയ കുറിപ്പിൽ വ്യക്തമാക്കി.















