‘ഒന്നര കിമീ റോഡ് ഷോ ജനങ്ങളുടെ ശബ്ദമാകില്ല, 2029 ലും ജനം കോൺഗ്രസിനെ കൈവിടും’, ഗ്യാനേഷിന്‍റെ രാജിക്കായുള്ള പ്രതിഷേധങ്ങളെയും രാഹുലിനെയും പരിഹസിച്ച് ഷാ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളുടെ പേരിൽ ഇന്ത്യാസഖ്യത്തിനും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തി. രാജ്യത്ത് നടന്ന വിവിധ ഉപതെരഞ്ഞെടുപ്പുകളിലെ ബി.ജെ.പിയുടെ മിന്നുന്ന വിജയം ചൂണ്ടിക്കാണിച്ച അമിത് ഷാ, ജനങ്ങൾ ഇന്ത്യാസഖ്യത്തെ പൂർണ്ണമായും തള്ളിക്കളഞ്ഞതായി വ്യക്തമാക്കി. ദില്ലിയിലെ പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുക്കാൻ ഇന്ത്യ സഖ്യത്തിലെ വിവിധ പാർട്ടികൾ ഒന്നായി പരിശ്രമിച്ചിട്ടും ആകെ 8,000 പേരെ മാത്രമാണ് അണിനിരത്താനായതെന്ന് അദ്ദേഹം പരിഹസിച്ചു. ഒന്നര കിലോമീറ്റർ മാത്രം നീളുന്ന റോഡ് ഷോകൾ രാജ്യത്തെ ജനങ്ങളുടെ പൊതുശബ്ദമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നുഴഞ്ഞുകയറ്റക്കാർക്ക് വോട്ടവകാശം ഉറപ്പാക്കാനാണ് രാഹുൽ ഗാന്ധി നിരന്തരം കള്ളങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ ആഭ്യന്തര മന്ത്രി, 2029 ലെ പൊതുതെരഞ്ഞെടുപ്പിലും കോൺഗ്രസിനെ ജനം കനത്ത പരാജയത്തിലേക്ക് നയിക്കുമെന്നും വ്യക്തമാക്കി. കോൺഗ്രസ് പതിറ്റാടുകളായി തുടർച്ചയായി തിരഞ്ഞെടുപ്പുകളിൽ തോൽവി ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണെന്നും, സ്വന്തം കഴിവുകേടുകൾ മറച്ചുപിടിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനെ അകാരണമായി ലക്ഷ്യമിടുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.

അതേസമയം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ വസതിയിൽ ചേർന്ന സഖ്യയോഗത്തിന് ശേഷമാണ് സമരം സമാന്തരങ്ങളില്ലാതെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിച്ചത്. ജനാധിപത്യ പുനഃസ്ഥാപനം ലക്ഷ്യമിട്ടുള്ള പ്രക്ഷോഭങ്ങളിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്നും, ലക്ഷ്യം കാണുംവരെ വിവിധ സംഘടനകളെ അണിനിരത്തി പോരാട്ടം തുടരുമെന്നും സഖ്യനേതാക്കൾ സംയുക്തമായി പ്രഖ്യാപിച്ചു.

Amit Shah Slams INDIA Bloc and Rahul Gandhi Over Bypoll Results and Protests

More Stories from this section

family-dental
witywide