അമേരിക്കയിൽ വന്യജീവി ആക്രമണം; ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ വയോധികനെ കുത്തി വീഴ്ത്തി യെല്ലോസ്റ്റോൺ പാർക്കിലെ കാട്ടുപോത്ത്

വാഷിംഗ്ടൺ: അമേരിക്കയിലെ പ്രശസ്തമായ യെല്ലോസ്റ്റോൺ നാഷണൽ പാർക്കിൽ സന്ദർശകന് നേരെ കാട്ടുപോത്തിൻ്റെ ക്രൂരമായ ആക്രമണം. അറുപത്തിയഞ്ചുകാരനായ കാൾ ഐസം-മക്ഡാനിയൽ എന്നയാൾക്കാണ് ഗുരുതരമായി പരിക്കേറ്റത്. കടുത്ത ദേഷ്യത്തിലായിരുന്ന കാട്ടുപോത്ത് വയോധികനെ കൊമ്പുകൊണ്ട് കുത്തി എട്ടടി മുകളിലേക്ക് തെറിപ്പിക്കുന്നതിൻ്റെ ഭീതിജനകമായ ദൃശ്യങ്ങൾ പുറത്തുവന്നു.

പാർക്കിലെ ക്യാമ്പ് ഗ്രൗണ്ടിൽ വെച്ചായിരുന്നു സംഭവം. കൊച്ചുമകനൊപ്പം നിൽക്കുകയായിരുന്ന കാൾ, ഏകദേശം 300 അടി അകലെ നിലത്തു കിടക്കുകയായിരുന്ന കാട്ടുപോത്തിൻ്റെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. ഇതിനിടെ പെട്ടെന്ന് എഴുന്നേറ്റ മൃഗം ഇവർക്ക് നേരെ പാഞ്ഞടുത്തു. അപകടം മണത്ത ഇരുവരും ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും, കാട്ടുപോത്ത് വയോധികനെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. മരങ്ങൾക്കിടയിലൂടെ ഓടിയ കാളിനെ മൃഗം കൊമ്പിൽ കോരി വായുവിൽ വട്ടം കറക്കി നിലത്തടിച്ചു.

അവിടെയുണ്ടായിരുന്ന പ്രൊഫഷണൽ ഫോട്ടോഗ്രാഫറായ മൈക്ക് മാക്ലിയോഡും മറ്റ് ചില സന്ദർശകരും ചേർന്ന് ബഹളം വെച്ചും ക്യാമറകൾ വായുവിൽ വീശിയുമാണ് മൃഗത്തെ അവിടെനിന്ന് ഓടിച്ചത്. ഗുരുതരമായി പരിക്കേറ്റ കാളിനെ ഉടൻ തന്നെ പാർക്കിലെ അടിയന്തര രക്ഷാപ്രവർത്തകർ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം സുഖം പ്രാപിച്ചുവരുന്നതായി കുടുംബാംഗങ്ങൾ അറിയിച്ചു.

യെല്ലോസ്റ്റോൺ പാർക്കിൽ മറ്റ് മൃഗങ്ങളെക്കാൾ കൂടുതൽ ആളുകളെ ആക്രമിക്കുന്നത് കാട്ടുപോത്തുകളാണെന്ന് നാഷണൽ പാർക്ക് സർവീസ് അധികൃതർ വ്യക്തമാക്കി. രണ്ട് ടൺ വരെ ഭാരമുള്ള ഇവയ്ക്ക് മനുഷ്യരേക്കാൾ മൂന്നിരട്ടി വേഗത്തിൽ ഓടാൻ കഴിയും. കാട്ടുപോത്ത് ഉൾപ്പെടെയുള്ള വന്യജീവികളിൽ നിന്ന് കുറഞ്ഞത് 75 അടിയും, കരടി, ചെന്നായ്ക്കൾ എന്നിവയിൽ നിന്ന് 300 അടിയും അകലം പാലിക്കണമെന്ന് പാർക്ക് അധികൃതർ സന്ദർശകർക്ക് വീണ്ടും കർശന നിർദ്ദേശം നൽകി.

Bison in Yellowstone Park knocks down elderly man while trying to take a photo

More Stories from this section

family-dental
witywide