
വാഷിംഗ്ടൺ: വെസ്റ്റ് ബാങ്ക് സന്ദർശനത്തിനിടെ ഇസ്രായേലി കുടിയേറ്റക്കാരും സൈന്യവും ചേർന്ന് തന്നെ തടഞ്ഞുവെച്ചതായി ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധിയും ഇന്ത്യൻ വംശജനുമായ യുഎസ് കോൺഗ്രസ് അംഗം റോ ഖന്ന. കഴിഞ്ഞ ബുധനാഴ്ച വെസ്റ്റ് ബാങ്കിലെ ഖിർബെത് സനൂത എന്ന ഗ്രാമത്തിന് സമീപം വെച്ചായിരുന്നു സംഭവം. ഒരു ബസിൽ യാത്ര ചെയ്യുകയായിരുന്ന തന്നെയും കൂടെയുണ്ടായിരുന്ന മറ്റ് അമേരിക്കൻ പൗരന്മാരെയും തോക്കുധാരികളായ ഇസ്രായേലി കുടിയേറ്റക്കാർ തടയുകയായിരുന്നുവെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
അമേരിക്കൻ നിർമ്മിത എം4 തോക്കുകളേന്തിയ കുടിയേറ്റക്കാർ റോഡ് തടസ്സപ്പെടുത്തുകയും, തുടർന്ന് ഇസ്രായേൽ സൈന്യത്തെ വിവരമറിയിക്കുകയുമാണ് ചെയ്തതെന്ന് റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ ഖന്ന പറഞ്ഞു. എന്നാൽ സംഭവസ്ഥലത്തെത്തിയ ഇസ്രായേൽ പ്രതിരോധ സേന കുടിയേറ്റക്കാരുടെ ഭാഗം ചേരുകയും തങ്ങളെ തുടർന്നും തടഞ്ഞുവെക്കുകയുമാണ് ചെയ്തതെന്ന് ഖന്ന എക്സ് പോസ്റ്റിൽ ആരോപിച്ചു. ഇസ്രായേൽ സൈന്യം വലിയൊരു തെറ്റാണ് ചെയ്തതെന്നും, ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം റോ ഖന്നയുടെ ആരോപണങ്ങൾ ഇസ്രായേൽ പ്രതിരോധ സേന നിഷേധിച്ചു. വിദേശ പൗരന്മാരുടെയും മാധ്യമപ്രവർത്തകരുടെയും വാഹനങ്ങൾ ഇസ്രായേലി പൗരന്മാർ നിയമവിരുദ്ധമായി തടയുന്നതായി സന്ദേശം ലഭിച്ചതിനെത്തുടർന്ന് സൈന്യം ഇടപെടുകയായിരുന്നുവെന്ന് ഐഡിഎഫ് പ്രസ്താവനയിൽ അറിയിച്ചു. ഉടൻ തന്നെ സ്ഥലത്തെത്തി ഇസ്രായേലി പൗരന്മാരെ പിരിച്ചുവിടുകയും റോഡ് തുറന്നുകൊടുക്കുകയുമാണ് സൈനികർ ചെയ്തതെന്നും, റോഡ് ഉപരോധിക്കുന്നതിൽ സൈന്യത്തിന് പങ്കില്ലെന്നും ഐഡിഎഫ് വ്യക്തമാക്കി. സംഭവത്തിൽ ഉൾപ്പെട്ട ആയുധധാരിയായ വ്യക്തി ആരാണെന്നതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ഇസ്രായേൽ സൈന്യം കൂട്ടിച്ചേർത്തു.
US Congressman Ro Khanna detained by Israeli settlers and soldiers in the West Bank















