
ന്യൂജേഴ്‌സി: അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ രണ്ട് ആഡംബര കാറുകൾ കൂട്ടിയിടിച്ചുണ്ടായ വൻ അപകടത്തിൽ, നദിയിലേക്ക് മറിഞ്ഞ കാറിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ഓടിയ ഇന്ത്യൻ വംശജൻ അറസ്റ്റിൽ. എംഗിൾവുഡ് ക്ലിഫ്‌സ് സ്വദേശിയായ സൊരാവർ സിംഗ് കോഹ്‌ലി (32) എന്നയാളെയാണ് പൊലീസ് പിടികൂടിയത്. റൂട്ട് 80 ഈസ്റ്റിലുള്ള ഹാക്കൻസാക്ക് നദിക്ക് കുറുകെയുള്ള പാലത്തിൽ വെച്ചായിരുന്നു സംഭവം. സൊരാവർ സിംഗ് ഓടിച്ചിരുന്ന ബിഎംഡബ്ല്യു എസ്‌യുവി മറ്റൊരു ലാൻഡ് റോവർ കാറുമായി അതിശക്തമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതേത്തുടർന്ന് നിയന്ത്രണം വിട്ട ബിഎംഡബ്ല്യു കാർ പാലത്തിൻ്റെ കോൺക്രീറ്റ് ബാരിയർ തകർത്ത് താഴെയുള്ള ഹാക്കൻസാക്ക് നദിയിലേക്ക് പതിച്ചു. നദിയിൽ പൂർണ്ണമായും മുങ്ങിപ്പോയ കാറിൽ നിന്നും സൊരാവർ സിംഗ് രക്ഷപ്പെട്ട് കരയ്ക്ക് കയറിയെങ്കിലും, പൊലീസിനെയോ രക്ഷാപ്രവർത്തകരെയോ വിവരമറിയിക്കാതെ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ വ്യാപക തിരച്ചിലിൽ, അപകടസ്ഥലത്തിന് സമീപമുള്ള റെയിൽവേ യാർഡിലെ ഒരു ട്രെയിനിനടിയിൽ ഒളിച്ചിരിക്കുന്ന നിലയിൽ ഇയാളെ കണ്ടെത്തുകയായിരുന്നു. പൊലീസിൻ്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ഓടി രക്ഷപ്പെടാൻ ശ്രമിക്കൽ, വാഹനം ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അപകടത്തിൽ പെട്ട ലാൻഡ് റോവർ വാഹനത്തിലുണ്ടായിരുന്ന രണ്ട് യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. നദിയിൽ വീണ ബിഎംഡബ്ല്യു കാർ പിന്നീട് ക്രെയിൻ ഉപയോഗിച്ച് പുറത്തെടുത്തു.
BMW car falls into river in New Jersey: Indian-origin driver arrested after fleeing















