ഫ്രാങ്ക്ഫർട്ട്-ഡൽഹി വിമാനത്തിന് ബോംബ് ഭീഷണി: ‘ഹൈജാക്ക് കോഡ്’ അമർത്തി പൈലറ്റ്; ജയ്‌പൂരിൽ അടിയന്തര ലാൻഡിംഗ്

ന്യൂഡൽഹി: ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. ഭീഷണിയെത്തുടർന്ന് വിമാനം ബുധനാഴ്ച രാജസ്ഥാനിലെ ജയ്‌പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ട് അടിയന്തരമായി ലാൻഡിംഗ് നടത്തി. ബോയിംഗ് 787-9 വിഭാഗത്തിൽപ്പെട്ട AI2030 വിമാനമാണ് അടിയന്തരമായി ഇറക്കിയത്.

വിമാനം മുംബൈ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജിയണിലൂടെ സഞ്ചരിക്കവെയാണ് സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചത്. ഇതേത്തുടർന്ന് വിമാനം തട്ടിയെടുക്കുകയോ നിയമവിരുദ്ധമായ ഇടപെടലുകൾ ഉണ്ടാകുകയോ ചെയ്യുമ്പോൾ ഉപയോഗിക്കുന്ന ‘സ്ക്വാക്ക് കോഡ് 7500’ പൈലറ്റ് അമർത്തുകയായിരുന്നു. ഇതോടെയാണ് അടിയന്തര ലാൻഡിംഗിനുള്ള നടപടികൾ ആരംഭിച്ചത്.

വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കിയ വിമാനം ഉടൻ തന്നെ റൺവേയിൽ നിന്ന് പ്രത്യേക ഐസൊലേഷൻ ബേയിലേക്ക് മാറ്റി. പൊലീസും ബോംബ് സ്ക്വാഡും ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്തിൽ വിശദമായ പരിശോധന നടത്തിവരികയാണ്. വിമാനത്താവള അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും മറ്റ് സുരക്ഷാ ഏജൻസികളും ജാഗ്രതയിലാണെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ശിവ് ദയാൽ അറിയിച്ചു.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.

കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലും സമാനമായ രീതിയിൽ സൗദിയിലെ ദമ്മാമിൽ നിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ശൗചാലയത്തിൽ നിന്ന് “ബോംബ്” എന്ന് എഴുതിയ ടിഷ്യൂ പേപ്പർ കണ്ടെത്തുകയും, തുടർന്ന് വിമാനം അഹമ്മദാബാദിൽ അടിയന്തരമായി ഇറക്കുകയും ചെയ്തിരുന്നു.

Bomb threat to Frankfurt-Delhi flight: Emergency landing in Jaipur.

More Stories from this section

family-dental
witywide