ബോംബ് ഭീഷണിയെ തുടർന്ന് ഇസ്രയേലിലെ ടെൽ ⁰0അവീവിൽനിന്ന് ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിലേക്ക് പുറപ്പെട്ട വിമാനം ബൾഗേറിയയിലെ സോഫിയയിൽ അടിയന്തരമായി ഇറക്കി. 51 യാത്രക്കാരും ആറ് ജീവനക്കാരുമടക്കം 57 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഒക്ടോബർ 18 ഞായറാഴ്ച പ്രാദേശിക സമയം രാത്രി 8.42ന് വിമാനം സുരക്ഷിതമായി സോഫിയയിൽ ഇറങ്ങിയതായി ഓസ്ട്രിയൻ എയർലൈൻസ് റോയിട്ടേഴ്സിനോട് അറിയിച്ചു. എയർബസ് എ320 വിമാനത്തിലാണ് ഭീഷണി ഉണ്ടായത്.
ഭീഷണിയെത്തുടർന്ന് വിമാനത്തിൽ പരിശോധന ആരംഭിച്ചതായും പരിശോധന പൂർത്തിയായ ശേഷം യാത്രക്കാർക്ക് മറ്റൊരു വിമാനത്തിൽ യാത്രാസൗകര്യം ഒരുക്കുമെന്നും കമ്പനി വ്യക്തമാക്കി. യാത്രയ്ക്കിടെ റൊമാനിയൻ അതിർത്തിക്ക് സമീപത്തുവച്ച് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് വിമാനം സോഫിയയിൽ ഇറക്കാൻ ജീവനക്കാർ തീരുമാനിച്ചതായി ബൾഗേറിയൻ ഗതാഗത മന്ത്രാലയത്തെ ഉദ്ധരിച്ച് സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്തു.
ബൾഗേറിയൻ വ്യോമസേനയുടെ ഒരു യുദ്ധവിമാനം സോഫിയയിൽ ഇറങ്ങുന്നതുവരെ യാത്രാവിമാനത്തിന് അകമ്പടി നൽകിയതായും റിപ്പോർട്ടുണ്ട്. വിമാനം നിലത്തിറങ്ങിയതിനു പിന്നാലെ യാത്രക്കാരെ പുറത്തിറക്കി വിശദമായ പരിശോധന ആരംഭിച്ചു.
Tel Aviv-Vienna flight makes emergency landing in Bulgaria after unspecified threat















