
ന്യൂയോർക്ക്: വിമാനത്തിലെ ഭൂരിഭാഗം ടോയ്‌ലറ്റുകളും പ്രവർത്തനരഹിതമായതിനെത്തുടർന്ന് അമേരിക്കൻ എയർലൈൻസ് വിമാനം അടിയന്തിരമായി നിലത്തിറക്കി. സ്പെയിനിലെ മാഡ്രിഡിൽ നിന്നും അമേരിക്കയിലെ ഡാളസിലേക്ക് 287 യാത്രക്കാരുമായി പറന്ന ബോയിംഗ് 777 വിമാനമാണ് യാത്രക്കാരുടെ സുരക്ഷയും സൗകര്യവും മുൻനിർത്തി ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടത്.
പത്ത് മണിക്കൂറിലധികം നീളുന്ന ദീർഘദൂര സർവീസായ അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 37-ലാണ് ഈ അസാധാരണ പ്രതിസന്ധിയുണ്ടായത്. വിമാനത്തിലാകെ എട്ട് ടോയ്‌ലറ്റുകളാണ് ഉണ്ടായിരുന്നത്. എന്നാൽ യാത്രയ്ക്കിടയിൽ ഇതിൽ ആറെണ്ണവും ഒന്നിനുപിറകെ ഒന്നായി കേടാവുകയായിരുന്നു. ഇതോടെ 287 യാത്രക്കാർക്കായി വെറും രണ്ടെണ്ണം മാത്രമാണ് അവശേഷിച്ചത്.
ഇത്രയും കുറഞ്ഞ സൗകര്യം വച്ച് മണിക്കൂറുകളോളം യാത്ര തുടരുന്നത് പ്രായോഗികമല്ലാത്തതിനാൽ, വിമാനം അടിയന്തിരമായി നിലത്തിറക്കാൻ പൈലറ്റ് എയർ ട്രാഫിക് കൺട്രോളിന്റെ അനുമതി തേടുകയായിരുന്നു. ജീവന് ഭീഷണിയില്ലെങ്കിലും അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്ന സാഹചര്യമാണെന്ന് വ്യക്തമാക്കാൻ പൈലറ്റ് “പാൻ-പാൻ” സന്ദേശവും നൽകി.
ലാൻഡിംഗ് സമയത്ത് വിമാനത്തിൽ നാല് മണിക്കൂറിലധികം പറക്കാനുള്ള ഇന്ധനം ബാക്കിയുണ്ടായിരുന്നതിനാൽ വിമാനത്തിന് സാധാരണയിലും കൂടുതൽ ഭാരമുണ്ടായിരുന്നു. ഇത് ബ്രേക്കുകൾ അമിതമായി ചൂടാകാൻ കാരണമാകുമെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും, വിമാനം സുരക്ഷിതമായി ന്യൂയോർക്കിൽ ലാൻഡ് ചെയ്തു. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
ന്യൂയോർക്കിൽ മൂന്ന് മണിക്കൂറിലധികം നിർത്തിയിട്ട് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷമാണ് വിമാനം ഡാളസിലേക്ക് യാത്ര തുടർന്നത്. വിമാനങ്ങളിലെ ടോയ്‌ലറ്റുകളിൽ യാത്രക്കാർ ഡയപ്പറുകളും കാനുകളും ഉൾപ്പെടെയുള്ള വസ്തുക്കൾ നിക്ഷേപിക്കുന്നത് മൂലം പൈപ്പുകൾ ബ്ലോക്കാകുന്നത് വ്യോമയാന മേഖലയിൽ പതിവാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
American Airlines flight makes emergency landing after toilets malfunction.















