
ലഖ്‌നൗ: പട്‌നയിൽ നിന്ന് ലഖ്‌നൗവിലേക്ക് പറന്ന ഇൻഡിഗോ വിമാനത്തിന് ആകാശത്തുവെച്ച് ഇടിമിന്നലേറ്റു. 17,000 അടി ഉയരത്തിൽ വെച്ചാണ് വിമാനത്തിന് മിന്നലേറ്റത്. ഇതേത്തുടർന്ന് വിമാനത്തിന്റെ മുൻഭാഗത്തെ റേഡാമിന് (വെതർ റേഡാർ സംവിധാനം സ്ഥിതി ചെയ്യുന്ന ഭാഗം) കാര്യമായ കേടുപാടുകൾ സംഭവിച്ചു. മിന്നലേറ്റ വിവരം പൈലറ്റ് എയർ ട്രാഫിക് കൺട്രോളിൽ അറിയിച്ചതിനെ തുടർന്ന് ലഖ്‌നൗവിലെ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.
ഇൻഡിഗോയുടെ 6E925 വിമാനമാണ് അപകടത്തിൽപ്പെട്ടത്. 104 യാത്രക്കാരും 6 ജീവനക്കാരുമടക്കം വിമാനത്തിലുണ്ടായിരുന്ന 110 പേരും സുരക്ഷിതരാണ്. ആർക്കും പരിക്കുകളില്ല. ഇന്നലെ ഉച്ചയ്ക്ക് 3.10-ന് പട്‌നയിൽ നിന്ന് പുറപ്പെട്ട വിമാനം നിശ്ചിത സമയത്തിനും എട്ട് മിനിറ്റ് മുൻപ് വൈകിട്ട് 4.05-ഓടെ ലഖ്‌നൗവിൽ എത്തിച്ചേരുകയായിരുന്നു. ലാൻഡിങ്ങിന് ശേഷം വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മുൻഭാഗത്തെ കേടുപാടുകൾ വ്യക്തമായത്.
ലഖ്‌നൗവിൽ നിന്ന് അഹമ്മദാബാദിലേക്ക് സർവീസ് നടത്തേണ്ടിയിരുന്ന ഈ വിമാനം സാങ്കേതിക പരിശോധനകൾക്കായി താൽക്കാലികമായി സർവീസിൽ നിന്ന് പിൻവലിച്ചു. ഇതിലെ യാത്രക്കാർക്കായി ഇൻഡിഗോ കമ്പനി മറ്റൊരു വിമാനം ഏർപ്പാടാക്കി നൽകി.
സംഭവത്തിൽ വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാങ്കേതിക പരിശോധനകൾ പൂർത്തിയാക്കി ക്ലിയറൻസ് ലഭിച്ച ശേഷം മാത്രമേ വിമാനം ഇനി സർവീസ് നടത്തുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി.
IndiGo flight struck by lightning at 17,000 feet













