അനിൽ മറ്റത്തിക്കുന്നേൽ
ഷിക്കാഗോ, നവംബർ 13 — 2027ലെ നഗര ബജറ്റിനെച്ചൊല്ലി മേയറും സിറ്റി കൗൺസിലും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ ഷിക്കാഗോ നഗരത്തിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ആഷ്ലി ഗാബ്രിഷ് വെള്ളിയാഴ്ച രാജിവച്ചു. മേയർ ബ്രാൻഡൻ ജോൺസൺ ഓഗസ്റ്റിൽ നിയമിച്ച ഗാബ്രിഷ് മൂന്നുമാസം മാത്രമാണ് പദവിയിൽ തുടർന്നത്.
നഗരത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് നിക്ഷേപകർക്കും ക്രെഡിറ്റ് റേറ്റിങ് ഏജൻസികൾക്കും സിറ്റി കൗൺസിലിനും നികുതിദായകർക്കും പൂർണവും കൃത്യവുമായ വിവരങ്ങൾ നൽകേണ്ടത് തന്റെ ചുമതലയാണെന്ന് ഗാബ്രിഷ് രാജിക്കത്തിൽ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ ആ ചുമതല നിറവേറ്റാൻ കഴിയില്ലെന്നും പദവിയിൽ തുടരുന്നത് തന്റെ തൊഴിൽപരമായ ഉത്തരവാദിത്തങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്നതിന് തുല്യമാകുമെന്നും അവർ പറഞ്ഞു.
എന്നാൽ രാജിക്കത്തിൽ അവർ അതിന് കാരണമായ പ്രത്യേക സംഭവമൊന്നും ചൂണ്ടിക്കാട്ടിയിട്ടില്ല. രാജി സ്വീകരിച്ചതായി അറിയിച്ച മേയറുടെ ഓഫീസ് ഗാബ്രിഷിനെതിരെ ആരോപണങ്ങളും ഉന്നയിച്ചു. 17.6 ബില്യൺ ഡോളറിന്റെ ബജറ്റ് തയ്യാറാക്കുന്ന നിർണായക ഘട്ടങ്ങളിൽ അവർ വേണ്ടത്ര പങ്കെടുത്തില്ലെന്നും ആവശ്യമായ നിയമാധികാരമോ നടപടിക്രമങ്ങളോ പാലിക്കാതെ 75 മില്യൺ ഡോളർ നൽകാൻ നഗര ട്രഷറർക്ക് നിർദേശം നൽകിയെന്നും മേയറുടെ ഓഫീസ് ആരോപിച്ചു.
വിഷയം സ്വതന്ത്ര പരിശോധനയ്ക്കായി നഗരത്തിന്റെ ഇൻസ്പെക്ടർ ജനറലിന് കൈമാറുമെന്നും ഓഫീസ് അറിയിച്ചു. ആരോപണങ്ങൾക്ക് പിന്നാലെ, രാജിക്കത്തിൽ പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി ഗാബ്രിഷ് പ്രതികരിച്ചു. പാർക്കിങ് മീറ്റർ സംവിധാനത്തിന്റെ പുതിയ ഉടമകളിൽ നിന്ന് നഗരത്തിന് ലഭിച്ച 75 മില്യൺ ഡോളറാണ് തർക്കത്തിന്റെ കേന്ദ്രം.
ഈ തുക നഗരത്തിന്റെ പെൻഷൻ ഫണ്ടുകളിലേക്ക് അധിക വിഹിതമായി നൽകാൻ നവംബർ രണ്ടിന് സിറ്റി കൗൺസിൽ 44–6 വോട്ടിന് തീരുമാനിച്ചിരുന്നു. എന്നാൽ ഗാബ്രിഷ് പണം നൽകാൻ നിർദേശിച്ച സമയത്ത് ആ തീരുമാനം പ്രാബല്യത്തിൽ വന്നിരുന്നില്ല. അതേസമയം, മേയറുടെ ബജറ്റ് നിർദേശത്തെ നിലവിലെ രൂപത്തിൽ പിന്തുണയ്ക്കില്ലെന്ന് കൗൺസിലിലെ ഭൂരിപക്ഷം അംഗങ്ങളും ഈ ആഴ്ച അറിയിച്ചിരുന്നു.
Budget dispute; Chicago’s finance chief resigns









