അമേരിക്കയിൽ രാജ്യവ്യാപകമായി വിമാന സർവീസുകൾ നിർത്തിവെക്കേണ്ടിവന്നത് വ്യോമഗതാഗത നിയന്ത്രണ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുള്ള സ്വകാര്യ ആശയവിനിമയ ശൃംഖലയിലെ സാങ്കേതിക തകരാറിനെ തുടർന്നാണെന്ന് റിപ്പോർട്ട്. ശൃംഖലയിൽ നടത്തിയ അപ്ഡേറ്റാണ് തകരാറിന് കാരണമായതെന്ന് സിബിഎസിനോട് ഒന്നിലധികം വൃത്തങ്ങൾ വെളിപ്പെടുത്തി. എൽ3ഹാരിസ് എന്ന കമ്പനിയാണ് ഈ ആശയവിനിമയ ശൃംഖല പ്രവർത്തിപ്പിക്കുന്നത്. അപ്ഡേറ്റിനെ തുടർന്ന് ശൃംഖല റീബൂട്ട് ചെയ്യുകയും പിന്നീട് പൂർണമായി തകരാറിലാകുകയുമായിരുന്നു. യുഎസ് ഗതാഗത സെക്രട്ടറി ഷോൺ ഡഫിയും ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാർക്ക്വെയ്ൻ മുള്ളിനും ഉടൻ മാധ്യമങ്ങളെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, രാജ്യവ്യാപക വിമാന നിയന്ത്രണത്തെ 2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണവുമായി താരതമ്യം ചെയ്യേണ്ടതില്ലെന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി മുള്ളിൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ സെപ്റ്റംബർ 11നുശേഷം ഉണ്ടായ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണിതെന്ന് ക്രാൻഫീൽഡ് സർവകലാശാലയിലെ വ്യോമയാന-പരിസ്ഥിതി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഗൈ ഗ്രാറ്റൺ അഭിപ്രായപ്പെട്ടു. എങ്കിലും 9/11ന്റെ അത്രയും വലിയ സംഭവമല്ലിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2023ൽ നോട്ടീസ് ടു എയർ മിഷൻസ് (NOTAM) സംവിധാനത്തിലുണ്ടായ തകരാറിനെ തുടർന്ന് അമേരിക്കയിൽ വിമാനങ്ങൾ നിലത്തിറക്കിയ സംഭവമാണ് ഗ്രാറ്റൺ താരതമ്യത്തിനായി ചൂണ്ടിക്കാട്ടിയത്. അന്ന് ഒരു മണിക്കൂർ 52 മിനിറ്റ് വിമാന സർവീസുകൾ തടസ്സപ്പെടുകയും ഏകദേശം 9,500 വിമാനങ്ങൾ വൈകുകയും 1,300 സർവീസുകൾ റദ്ദാക്കുകയും ചെയ്തിരുന്നു. വിമാനസുരക്ഷാ അറിയിപ്പുകൾ പ്രസിദ്ധീകരിക്കാൻ കഴിയാതായതോടെയാണ് അന്ന് സർവീസുകൾ നിർത്തിവെച്ചത്. സംവിധാനം പുനഃസ്ഥാപിച്ചതോടെയാണ് വിമാനങ്ങൾ വീണ്ടും സർവീസ് ആരംഭിച്ചത്.
എന്നാൽ നിലവിലെ നിയന്ത്രണം യുഎസ് സമയം വൈകിട്ട് 3.54ന് (ഇന്ത്യൻ സമയം പുലർച്ചെ) ആരംഭിച്ച് മൂന്ന് മണിക്കൂറിലേറെയായി തുടരുകയാണ്. 2023ലെ സംഭവത്തേക്കാൾ ദൈർഘ്യമേറിയതാണ് നിലവിലെ പ്രതിസന്ധി. വ്യോമഗതാഗത നിയന്ത്രണ കേന്ദ്രങ്ങളിലെ ആശയവിനിമയ തകരാറിനെ തുടർന്ന് അമേരിക്കയിലുടനീളമുള്ള വിമാനത്താവളങ്ങളിൽ നിന്ന് വിമാനങ്ങൾ പുറപ്പെടുന്നത് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം താൽക്കാലികമായി നിർത്തിവെച്ച ഉത്തരവ് വിമാനങ്ങളുടെ പുറപ്പെടലിനാണ് ബാധകമായത്.
ഇതിനകം ആകാശത്തുണ്ടായിരുന്ന വിമാനങ്ങൾ ഇറങ്ങുന്നത് തുടർന്നു. അമേരിക്കയിലേക്ക് വന്നുകൊണ്ടിരുന്ന അന്താരാഷ്ട്ര വിമാനങ്ങളുടെ കാര്യത്തിൽ ഓരോ വിമാനത്തിനും പ്രത്യേകം നിർദേശം നൽകി. രാജ്യത്തെ 22 മേഖലാ വ്യോമഗതാഗത നിയന്ത്രണ കേന്ദ്രങ്ങളെ ആശയവിനിമയ പ്രശ്നം ബാധിച്ചതായി യുഎസ് ഗതാഗത സെക്രട്ടറി ഷോൺ ഡഫി അറിയിച്ചു. 2023 ജനുവരിക്കുശേഷം ഇതാദ്യമായാണ് അമേരിക്കയിൽ രാജ്യവ്യാപക ഗ്രൗണ്ട് സ്റ്റോപ്പ് ഏർപ്പെടുത്തുന്നത്. വിമാനത്താവളത്തിലേക്ക് പുറപ്പെടുംമുമ്പ് യാത്രക്കാർ സ്വന്തം വിമാനത്തിന്റെ സ്ഥിതി എയർലൈനുമായി പരിശോധിക്കുക.
Technical glitch grounds flights nationwide in the US; reports point to an update in the communication network as the cause.









