അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ ഗവർണർ നേരിട്ട് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തതിൽ സംസ്ഥാന സർക്കാർ കടുത്ത അതൃപ്തി രേഖപ്പെടുത്തി. മാധ്യമ വാർത്തകളിലൂടെയാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതെന്നും തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഗവർണറുടെ ഓഫീസുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ തേടിയതായും മുഖ്യമന്ത്രിയുടെ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഒരു പ്രത്യേക യോഗമെന്ന നിലയിലല്ല ഉദ്യോഗസ്ഥരെ വിളിച്ചതെന്നും യോഗാദിനത്തെ കുറിച്ചുള്ള ആശയവിനിമയം മാത്രമാണ് നടന്നതെന്നുമാണ് ഗവർണറുടെ സെക്രട്ടറി ചീഫ് സെക്രട്ടറിയെ ഔദ്യോഗികമായി അറിയിച്ചത്.
എങ്കിലും ഇത്തരം ഒരു യോഗം ചേർന്നതിലുള്ള സർക്കാരിന്റെ ശക്തമായ അസംതൃപ്തി രേഖപ്പെടുത്തി ചീഫ് സെക്രട്ടറി ലോക്ഭവന് കത്ത് നൽകി. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട യോഗങ്ങളോ അവലോകനങ്ങളോ നടത്തുന്നത് സർക്കാരിന്റെ എക്‌സ്‌ക്യൂട്ടീവ് ചുമതലകളിൽപ്പെട്ട കാര്യമാണെന്ന് കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിനാൽ ഭരണഘടനാപരമായ കീഴ്‌വഴക്കങ്ങൾ പാലിച്ച് ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണമെന്നും ചീഫ് സെക്രട്ടറി ലോക്ഭവന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
ഗവർണറുടെ സമാന്തര ഭരണ നീക്കത്തിനെതിരെ പ്രതിപക്ഷം ഉൾപ്പെടെ വലിയ വിമർശനം ഉന്നയിച്ച പശ്ചാത്തലത്തിലാണ് ഔദ്യോഗിക പ്രതികരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയത്. ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ച് വരുത്താൻ ഗവർണർക്ക് അധികാരമില്ലെന്ന മുൻ നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കുകയാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ കത്ത്.
Government Expresses Discontent Over Governor Convening Officials Meeting; Chief Secretary Writes to Lok Bhavan












