അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ ഗവർണർ നേരിട്ട് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വിശദീകരണത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇത്രയും ഗൗരവതരമായ ഒരു വിഷയം എക്സിക്യൂട്ടീവിന്റെ തലവനായ മുഖ്യമന്ത്രി അറിയുന്നത് പത്രവാർത്തകളിലൂടെയാണെന്നത് അത്ഭുതപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ അറിയിക്കുക പോലും ചെയ്യാതെ ഉദ്യോഗസ്ഥർ ഗവർണറുടെ യോഗത്തിൽ പങ്കെടുത്തത് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ഭരണം യഥാർത്ഥത്തിൽ ആരാണ് നിയന്ത്രിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ഉള്ളപ്പോൾ മന്ത്രിസഭയുടെ ഉപദേശ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുക മാത്രമാണ് ഗവർണറുടെ കടമയെന്നും അല്ലാത്ത ഏത് നടപടിയും ഭരണഘടനാ ലംഘനമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വിഷയത്തിൽ പ്രതിപക്ഷം ശക്തമായ വിമർശനം ഉയർത്തിയിട്ടും മുഖ്യമന്ത്രി നേരിട്ട് പ്രതികരിക്കാതെ ഓഫീസ് പത്രക്കുറിപ്പിലൂടെ കാര്യങ്ങൾ ലഘൂകരിക്കാനാണ് ശ്രമിച്ചതെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. ഗവർണർക്കെതിരായതുകൊണ്ടാണോ മുഖ്യമന്ത്രി നേരിട്ട് കത്തയക്കാതെ ചീഫ് സെക്രട്ടറിയെക്കൊണ്ട് കത്തയപ്പിച്ചതെന്ന് അദ്ദേഹം ചോദിച്ചു. പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചില്ലായിരുന്നുവെങ്കിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഈയൊരു ദുർബലമായ പ്രതികരണം പോലും ഉണ്ടാകുമായിരുന്നില്ല. മുൻപ് എൽ.ഡി.എഫ്. ഭരണകാലത്ത് ഫെഡറൽ തത്വങ്ങൾക്ക് നിരക്കാത്ത നടപടികൾ ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടായപ്പോൾ മുഖ്യമന്ത്രി നേരിട്ടാണ് കത്തയച്ച് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നതെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
ഇന്നത്തെ മുഖ്യമന്ത്രിക്ക് ഗവർണറെയും അദ്ദേഹത്തെ നിയന്ത്രിക്കുന്ന രാഷ്ട്രീയ ശക്തികളെയും എതിർക്കാൻ ഭയമുള്ളതുകൊണ്ടാണ് മൗനം പാലിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ചീഫ് സെക്രട്ടറിയെക്കൊണ്ട് കത്തയപ്പിച്ചത് താൻ സംഘർഷത്തിനില്ലെന്ന ഭീരുത്വ നിലപാട് ആവർത്തിക്കലാണ്. ഇത്തരം ഭരണഘടനാപരമായ വിഷയങ്ങളിൽ ഉദ്യോഗസ്ഥരല്ല, മറിച്ച് രാഷ്ട്രീയ നേതൃത്വമാണ് ജാഗ്രത പുലർത്തേണ്ടത്. സംസ്ഥാനത്തിന്റെ ഫെഡറൽ എക്സിക്യൂട്ടീവ് അധികാരങ്ങൾ സംരക്ഷിക്കേണ്ടത് പൊതുതാൽപ്പര്യമാണെന്നിരിക്കെ, പ്രതിഷേധിക്കാൻ പോലുമാവാതെയുള്ള ദയനീയമായ കീഴടങ്ങലാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പത്രക്കുറിപ്പിലൂടെ വ്യക്തമാകുന്നതെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പിണറായിയുടെ വാക്കുകൾ
ഗവർണർ നേരിട്ട് സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നടത്തിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇന്ന് പത്രസമ്മേളനത്തിൽ ഞാൻ ഉന്നയിച്ചിരുന്നല്ലോ? എന്നാൽ അതിനുശേഷം അതിനോടുള്ള പ്രതികരണമെന്ന നിലയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിശദീകരണം ഒരു വാർത്താക്കുറിപ്പായി വൈകീട്ട് കാണുകയുണ്ടായി. ഇത്രയും ഗൗരവതരമായ ഒരു വിഷയം മുഖ്യമന്ത്രി അറിയുന്നത് പത്രവാർത്തകളിലൂടെയാണത്രെ! എക്സിക്യൂട്ടീവിന്റെ തലവനായ മുഖ്യമന്ത്രിയെ അറിയിക്കുകപോലും ചെയ്യാതെ ഉദ്യോഗസ്ഥർ ഗവർണർ വിളിച്ച യോഗത്തിൽ പങ്കെടുക്കുകയോ? ഭരണം യഥാർത്ഥത്തിൽ ആരാണ് നിയന്ത്രിക്കുന്നത്? ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ അധികാരത്തിലുള്ളപ്പോൾ ഗവർണറുടെ കടമ മന്ത്രിസഭയുടെ ഉപദേശ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുക മാത്രമാണ്. അല്ലാത്ത ഏത് നടപടിയും ഭരണഘടനാ ലംഘനമാണ്. ഇത്രയും ഗൗരവമുള്ള ഒരു വിഷയത്തിൽ പ്രതിപക്ഷം വിമർശനം ഉയർത്തിയിട്ടും മുഖ്യമന്ത്രി പ്രതികരിച്ചില്ല. പകരം വിഷയം ലഘൂകരിച്ച് ഓഫീസ് പത്രക്കുറിപ്പ് ഇറക്കുക മാത്രമാണ് ചെയ്തത്. ഗവർണർക്ക് ചീഫ് സെക്രട്ടറിയെക്കൊണ്ട് കത്ത് അയപ്പിച്ചു എന്നാണ് പറയുന്നത്. ആ കത്ത് പുറത്തുവിട്ടിട്ടുമില്ല. ഗവർണർക്കെതിരായതുകൊണ്ടാണോ മുഖ്യമന്ത്രി നേരിട്ട് കത്തയക്കാതിരുന്നത്? പ്രതിപക്ഷം ഉന്നയിച്ചില്ലെങ്കിൽ ഈ ദുർബലമായ പ്രതികരണം പോലും ഉണ്ടാകുമായിരുന്നോ? എൽ.ഡി.എഫ്. ഭരണകാലത്ത്, ഗവർണറുടെ ഭാഗത്തുനിന്ന് ഫെഡറൽ തത്വങ്ങൾക്ക് നിരക്കാത്ത നടപടികൾ ഉണ്ടായപ്പോൾ മുഖ്യമന്ത്രി നേരിട്ടാണ് ഗവർണർക്ക് കത്തയച്ച് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നത്. ഇന്നത്തെ മുഖ്യമന്ത്രിക്ക് ഗവർണറെയും ഗവർണറെ നിയന്ത്രിക്കുന്ന രാഷ്ട്രീയ ശക്തികളെയും എതിർക്കാൻ ഭയമുള്ളതുകൊണ്ടാണോ മൗനം പാലിക്കുന്നത്? ചീഫ് സെക്രട്ടറിയെക്കൊണ്ട് കത്ത് അയപ്പിച്ചത് താൻ സംഘർഷത്തിനില്ല എന്ന നിലപാട് ആവർത്തിക്കലാണ്. ഉദ്യോഗസ്ഥരല്ല, രാഷ്ട്രീയ നേതൃത്വമാണ് ഇത്തരം വിഷയങ്ങളിൽ ജാഗ്രത പുലർത്തേണ്ടത്. സംസ്ഥാനത്തിന്റെ ഫെഡറൽ എക്സിക്യൂട്ടീവ് അധികാരങ്ങൾ ഭരണഘടനാപരമാണ്. അത് സംരക്ഷിക്കപ്പെടേണ്ടത് സംസ്ഥാനത്തിന്റെ പൊതുതാൽപ്പര്യമാണ്. പ്രതിഷേധിക്കാൻ പോലുമാവാതെ ദയനീയമായ കീഴടങ്ങലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ പത്രക്കുറിപ്പിൽ നിന്ന് തെളിയുന്നത്.
“Who Rules the State?” Asks Opposition Leader Pinarayi Vijayan, Slamming CM’s Mild Response to Governor’s Meeting














