
സംസ്ഥാനത്തെ സർവകലാശാലകളിൽ ഗവർണറുടെ നേതൃത്വത്തിൽ കാവിവൽക്കരണ നീക്കങ്ങൾ തുടരുന്നതായി ആക്ഷേപം. കാർഷിക സർവകലാശാല വൈസ് ചാൻസലറായി ബിജെപി അനുകൂല അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്തിന്റെ നേതാവ് ഡോ. സജിത റാണിയെ ലോക് ഭവൻ നിയമിച്ചു. വിസി നിയമനത്തിനായി കൃഷി മന്ത്രി നിർദ്ദേശിച്ച പേരുകൾ പൂർണ്ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് ഗവർണറുടെ ഈ പുതിയ നീക്കം. എം ജി സർവകലാശാലയ്ക്ക് പിന്നാലെയാണ് ഇപ്പോൾ കാർഷിക സർവകലാശാലയിലും ബിജെപി ബന്ധമുള്ള വ്യക്തിയെ വിസിയായി നിയമിക്കുന്നത്.
ഗവർണറുടെ ഈ ഏകപക്ഷീയമായ നടപടിക്കെതിരെ സംസ്ഥാന സർക്കാരും കൃഷി വകുപ്പും കടുത്ത അതൃപ്തിയിലാണ്. ഉന്നത വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയവൽക്കരിക്കാനും സംഘപരിവാർ അജണ്ട നടപ്പിലാക്കാനുമാണ് ഗവർണർ ശ്രമിക്കുന്നതെന്ന് ഭരണപക്ഷ സംഘടനകൾ ആരോപിക്കുന്നു. കൃഷി വകുപ്പ് നൽകിയ പാനൽ മറികടന്ന് അധ്യാപക പരിഷത് നേതാവിനെ തന്നെ തലപ്പത്തേക്ക് കൊണ്ടുവന്നത് വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചേക്കും. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് തന്നെ ഈ നിയമനത്തിനെതിരെ വലിയ വിമർശനവുമായി രംഗത്തെത്തി.
സഞ്ജീവിന്‍റെ കുറിപ്പ്
കാർഷിക സർവകലാശാലയിൽ സംഘി നേതാവ് ടി. സജിത റാണിയെ വിസി ആയി നിയമിച്ച തീരുമാനം ചാൻസിലറുടെ അധികാര ദുർവിനിയോഗമാണ്. സർക്കാർ പട്ടിക തള്ളിക്കൊണ്ടുള്ള നിയമനം ഗവർണറുടെ ജനാധിപത്യ, ഫെഡറൽ തത്വങ്ങളോടുള്ള വെല്ലുവിളിയാണ്. ഇനിയെങ്കിലും സർവ്വകലാശാല വിഷയത്തിലെ ഗവർണറോടുള്ള നിലപാട് ഗുസ്തി പിടിത്തമല്ലെന്ന് യുഡിഎഫ് മനസ്സിലാക്കണം ബഹു മന്ത്രി ടി. സിദ്ധിഖ് നിലപാട് വ്യക്തമാക്കണം. അതോടൊപ്പം കഴിഞ്ഞദിവസം സൗഹൃദ സന്ദർശനം നടത്തി വി.ഡി സതീശൻ-ആർലേക്കർ കൂടിക്കാഴ്ച കാർഷിക വിസി നിയമനത്തെ കൂടി സംശയത്തിലാക്കുന്നു. എന്തായാലും യുഡിഎഫ് നിലപാട് എന്തെന്ന് വ്യക്തമാക്കണം. സംഘപരിവാറിന് കേരളത്തിലെ സർവ്വകലാശാലകളെ വിട്ടുകൊടുക്കാൻ കഴിയില്ല, അതിനെ ചെറുക്കാൻ ഏതറ്റം വരെയും എസ്എഫ്ഐ പോകും.
Governor appoints BJP organization leader Dr Sajitha Rani as temporary VC of Kerala Agricultural University












